ആതിഖിന്റെ കൊലയാളികള്‍ നിരവധി കേസുകളില്‍ പ്രതികള്‍; കൊന്നത് പ്രശസ്തരാവാനെന്ന് മൊഴി
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദിനെയും സഹോദരനെയും വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റിലായവര്‍ നിരവധി കേസുകളില്‍ പ്രതികള്‍. ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുണ്‍ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലിസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പ്രതികള്‍ക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു.
എങ്ങനെയാണ് മകന്‍ പ്രയാഗ് രാജില്‍ എത്തിയതെന്ന് അറിയില്ലെന്ന് ലവ്‌ലേഷ് തിവാരിയുടെ പിതാവ് യഗ്യാ തിവാരി പറഞ്ഞു. കുടുംബവുമായി മകന്‍ ബന്ധം സൂക്ഷിക്കാറില്ല. മകന്‍ ലഹരിക്ക് അടിമയാണ്. നേരത്തെയും ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു 'ഞങ്ങള്‍ ടിവിയില്‍ കണ്ടു. അത് എന്റെ മകനാണ്. ലവ്‌ലേഷിന്റെ ചെയ്തികളെ കുറിച്ച് ഞങ്ങള്‍ക്ക് ഒന്നുമറിയില്ല. ഞങ്ങള്‍ക്ക് ഇതുമായി ഒരു ബന്ധവുമില്ല. അവന്‍ ഇവിടെ താമസിക്കാറില്ല. കുടുംബ കാര്യങ്ങളില്‍ ഇടപെടാറില്ല. അഞ്ചാറ് ദിവസം മുമ്പ് അവന്‍ ഇവിടെ വന്നിരുന്നു. എന്നാല്‍ വര്‍ഷങ്ങളായി ഞങ്ങള്‍ അവനുമായി സംസാരിക്കാറില്ല. ഇതിനകം തന്നെ അവനെതിരെ ഒരു കേസുണ്ട്. ആ കേസില്‍ അവനെ ജയിലിലടച്ചിട്ടുണ്ട്. അവന്‍ ജോലിയൊന്നും ചെയ്യുന്നില്ല'. ഞങ്ങള്‍ക്ക് നാല് മക്കളുണ്ട്. ഇക്കാര്യത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നും ലവ്‌ലേഷിന്റെ പിതാവ് പ്രതികരിച്ചു.
സണ്ണി സിങ്ങിനെതിരെ നേരത്തെ തന്നെ 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിതാവ് മരിച്ചതോടെ സ്വത്ത് വിഹിതം വിറ്റ് വീടുവിട്ടിറങ്ങി. അഞ്ച് വര്‍ഷത്തിലേറെയായി സണ്ണി അമ്മയെയും തന്നെയും സന്ദര്‍ശിച്ചിട്ടില്ലെന്ന് സഹോദരന്‍ പറഞ്ഞു 'അവന്‍ ഒരു ജോലിയും ചെയ്യുമായിരുന്നില്ല. മുഴുവന്‍ കറങ്ങി നടക്കലായിരുന്നു. ഞങ്ങളോടൊപ്പമല്ല താമസം. അവന്‍ എങ്ങനെയാണ് കുറ്റവാളി ആയതെന്ന് അറിയില്ല' സണ്ണി സിങ്ങിന്റെ സഹോദരന്‍ പിന്റു സിങ് പറഞ്ഞു.
മൂന്നാമന്‍ അരുണ്‍ കുട്ടിക്കാലത്ത് വീടുവിട്ടിറങ്ങിയതാണ്. 2010ല്‍ ട്രെയിനില്‍ പൊലിസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ ജോലി ചെയ്യുകയായിരുന്നു അരുണ്‍. പൊലിസ് ഔദ്യോഗികമായി മൂന്നു പേരെയും കുറിച്ചുളള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം പ്രശസ്തരാവാന്‍ വേണ്ടിയാണ് തങ്ങള്‍ കൊല നടത്തിയതെന്ന് പ്രതികള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചോദ്യം ചെയ്യലിനിടെ പൊലിസിനോട് പറഞ്ഞതാണ് ഇക്കാര്യം.
പ്രയാഗ്‌രാജില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും മൂവര്‍ സംഘം വെടിവെച്ചുകൊന്നത്. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയാണ് മൂവരും അതീഖ് അഹമ്മദിനും സഹോദരനും സമീപമെത്തിയതെന്ന് പൊലിസ് പറഞ്ഞു. പ്രയാഗ്‌രാജില്‍ ഇന്നലെ രാത്രി 10 മണിയോടെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. തത്സമയ കാമറകള്‍ക്ക് മുന്നില്‍, കനത്ത പൊലിസ് വലയത്തിലായിരുന്നു വെടിവെപ്പ്. നിരവധി തവണ വെടിയുതിര്‍ത്ത പ്രതികള്‍ ജയ് ശ്രീറാം വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
കൊലപാതകത്തെ കുറിച്ച് അന്വേഷിക്കാന്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിട്ടുണ്ട്. കൊലപാതകത്തെ തുടര്‍ന്ന് മേഖലയില്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷയും ശക്തമാക്കി. അയോധ്യ, മാവു, മധുര തുടങ്ങിയ ജില്ലകളിലും പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."