ആതിഖ് അഹമ്മദിന്റെ ശരീരത്തില്‍ ചുരുങ്ങിയത് ഒമ്പത് ബുള്ളറ്റുകളെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; സഹോദരന്റെ ശരീരത്തില്‍ അഞ്ച് ബുള്ളറ്റുകള്‍
ലഖ്‌നൗ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സമാജ്‌വാദി പാര്‍ട്ടി മുന്‍ എം.പി അതീഖ് അഹമ്മദിന്റെ ശരീരത്തില്‍ ചുരുങ്ങിയത് ഒമ്പത് ബുള്ളറ്റുകളെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സഹോദരന്റെ ശരീരത്തില്‍ അഞ്ച് ബുള്ളറ്റുകളുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് ആവശ്യം. 2017 മുതല്‍ യു.പിയില്‍ നടന്നതായി ഡി.ജി.പി വെളിപെടുത്തിയ 183 ഏറ്റുമട്ടലുകളെ കുറിച്ച് ഈ വിദഗ്ധ സമിതി അന്വേഷിക്കണമെന്നും ഹരജിയിലുണ്ട്.
ശനിയാഴ്ച രാത്രിയാണ് ഉമേഷ്പാല്‍ വധക്കേസില്‍ റിമാന്‍ഡിലുള്ള ഉത്തര്‍പ്രദേശ് മുന്‍എം.പി ആതിഖ് അഹമ്മദിനേയും സഹോദരന്‍ അശ്‌റഫിനേയും പൊലിസ് വലയത്തില്‍ മൂന്നംഗസംഘം വെടിവെച്ച് കൊന്നത്. പ്രയാഗ്‌രാജില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് അതീഖ് അഹമ്മദിനെയും സഹോദരന്‍ അഷ്‌റഫിനെയും മൂവര്‍ സംഘം വെടിവെച്ചുകൊന്നത്. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനയാണ് മൂവരും അതീഖ് അഹമ്മദിനും സഹോദരനും സമീപമെത്തിയതെന്ന് പൊലിസ് പറഞ്ഞു. പ്രയാഗ്‌രാജില്‍ ഇന്നലെ രാത്രി 10 മണിയോടെ വൈദ്യപരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു സംഭവം. തത്സമയ കാമറകള്‍ക്ക് മുന്നില്‍, കനത്ത പൊലിസ് വലയത്തിലായിരുന്നു വെടിവെപ്പ്. നിരവധി തവണ വെടിയുതിര്‍ത്ത പ്രതികള്‍ ജയ് ശ്രീറാം വിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
കേസിൽ ലവ്‌ലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നിവർ അറസ്റ്റിലായിരുന്നു. മൂന്ന് പേർക്കും ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലിസിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. പ്രതികൾക്ക് വീടുമായി ഒരു ബന്ധവുമില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."