തൂക്കുകയറില്‍നിന്ന് യുവാവിന് പുതുജീവിതം സമ്മാനിച്ച് എം.എ യൂസഫലി
അബുദാബി /കൊച്ചി : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യുവാവിന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെ ഇടപെടലില്‍ രണ്ടാം ജന്മം.
അബുദാബി മുസഫയില്‍ താന്‍ ഓടിച്ചിരുന്ന കാറിടിച്ച് സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്‌സ് കൃഷ്ണനെ (45) കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.
അപകടത്തില്‍ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചര്‍ച്ചകളുടെയും ദിയാധനമായി (ബ്ലഡ് മണി) അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടി രൂപ) നല്‍കിയതിന്റെയും ഫലമായാണ് ശിക്ഷ റദ്ദ് ചെയ്യാന്‍ കോടതി വഴി സാധ്യമായത്.
2012 സെപ്റ്റംബര്‍ ഏഴിന് മുസഫയില്‍ ജോലിക്കുപോകവെ ബെക്‌സ് കൃഷ്ണന്‍ ഓടിച്ചിരുന്ന കാര്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ഇടയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരിച്ചു. രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത് അബൂദബി പൊലിസ് ബെക്‌സിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. 2013ല്‍ യു.എ.ഇ സുപ്രിംകോടതി ബെക്‌സിന് വധശിക്ഷ വിധിച്ചു.
ബെക്‌സിന്റെ മോചനത്തിനായി നടത്തിയ ശ്രമങ്ങള്‍ ഫലംകാണാതെ വന്നപ്പോഴാണ് ബന്ധു സേതു വഴി എം.എ യൂസഫലിയോട് കുടുംബം അഭ്യര്‍ഥന നടത്തിയത്.
തുടര്‍ന്ന് യൂസഫലി നടത്തിയ ഇടപെടലുകളിലൂടെ മാപ്പു നല്‍കാമെന്ന് ബാലന്റെ കുടുംബം കോടതിയില്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് മോചനത്തിന് വഴിയൊരുങ്ങിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി ബെക്‌സ് കൃഷ്ണന്‍ അടുത്ത ദിവസം നാട്ടിലേക്ക് തിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."