കുട്ടികൾക്കിടയിൽ പനി പടരുന്നു; വാക്സീൻ ഉറപ്പാക്കണം, രോഗമുള്ളവരെ സ്‌കൂളിൽ വിടേണ്ടെന്ന് ആരോഗ്യവിദഗ്ധർ
അബുദാബി: അവധിക്ക് ശേഷം സ്‌കൂളുകൾ തുറന്നതോടെ യുഎഇയുടെ വിവിധ ഭാഗങ്ങളിൽ പകർച്ചപ്പനി റിപ്പോർട്ട് ചെയ്‌തു. വിദ്യാർത്ഥികൾക്കിടയിലാണ് പ്രധാനമായും പകർച്ചപ്പനി പടരുന്നത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഫ്ലൂ വാക്സീൻ എടുത്ത് സുരക്ഷ ഉറപ്പാക്കണമെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.
അവധിക്കാലത്ത് പുറത്തിറങ്ങാതെ ഇരിക്കുന്നവർക്ക് പ്രതിരോധ ശേഷി കുറയും. പിന്നീട് പെട്ടന്ന് പുറത്തിറങ്ങുമ്പോൾ ചെറിയ ബാക്ടീരിയ പോലും ശരീരത്തിൽ കയറിക്കൂടാനിടയാകും. ഇതാണ് പനിക്ക് കാരണമാകുന്നതെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു. എന്നാൽ പനി മറ്റുളളവരിലേക്ക് പരക്കാനും സാധ്യതയുണ്ട്. അതിനാൽ രോഗമുള്ള കുട്ടികളെ സ്കൂളിലേക്കു വിടരുതെന്നും ആരോഗ്യവിദഗ്ധർ ഓർമിപ്പിച്ചു.
വാക്സീൻ എടുത്താൽ രോഗത്തിന്റെ തീവ്രത കുറയും. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പ്രായത്തിന് അനുസരിച്ച് നൽകേണ്ട മറ്റു വാക്സീനുകൾ സമയബന്ധിതമായി നൽകിയെന്ന് ഉറപ്പാക്കണമെന്നും അവർ അറിയിച്ചു. പകർച്ചപ്പനി ഉണ്ടായാൽ ഡോക്ടറെ കാണിച്ച് മരുന്ന് കഴിക്കുകയും വിശ്രമിക്കുകയും ചെയ്താൽ ഏതാനും ദിവസത്തിനകം രോഗം മാറും.
പനിപടരാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ
- ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് ശുചിയാക്കുക.
- ഫിൽറ്റർ ചെയ്തതോ തിളപ്പിച്ചതോ ആയ വെള്ളം മാത്രം കുടിക്കുക.
- ക്ലാസിലും ബസിലും എല്ലാവരും മാസ്ക് ധരിക്കുക. അകലം പാലിക്കുക
- സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ ശുചിയാക്കുക.
- നീന്തൽകുളം ഉപയോഗിക്കുന്നതിന് മുൻപും ശേഷവും ശരീരം കഴുകി വൃത്തിയാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."