HOME
DETAILS

'പെയ്ൻ ഗെയ്ൻ' അഥവാ വേദനയിൽ കൊയ്ത ലാഭങ്ങൾ

  
backup
June 06 2022 | 21:06 PM

86523456-2022-np-abdul-azeez

ഡോ. എൻ.പി അബ്ദുൽ അസീസ്


കടുത്ത ദാരിദ്ര്യത്തിൽനിന്നും അസമത്വത്തിൽനിന്നും പതിറ്റാണ്ടുകളായി നേടിയെടുത്ത പുരോഗതിക്ക് ഇന്ന് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ലോകം വ്യക്തികളിലേക്ക് കേന്ദ്രീകരിക്കുന്നു. അസമത്വവും പട്ടിണിയും പെരുകിക്കൊണ്ടിരിക്കുന്നു. സമ്പന്നർ അതിസമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരുമാകുന്നു. കൊറോണ വൈറസ് എല്ലാ രാജ്യങ്ങളിലും അസമത്വം വർധിപ്പിക്കുകയാണ് ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ 10 ധനികർ അവരുടെ സമ്പത്ത് ഈ കാലയളവിൽ ഇരട്ടിയാക്കിയെങ്കിൽ, മനുഷ്യരാശിയുടെ 99 ശതമാനം സമ്പത്തും ഇടിയുകയാണ് ചെയ്തത്. ഈ അസമത്വത്തിൽനിന്ന് ഉടലെടുത്ത പട്ടിണി കാരണം ഓരോ നാലു സെക്കൻഡിലും ഒരു വ്യക്തിയുടെ മരണം സംഭവിക്കുന്നു എന്നാണ് ഓക്‌സ്ഫാമിന്റെ കണ്ടെത്തൽ.


കൊവിഡ് സമയത്ത് കോടീശ്വരന്മാരുടെ എണ്ണവും സമ്പത്തും ലാഭവും റെക്കോഡ് തലത്തിലേക്കാണ് കുതിച്ചുയർന്നത്. മഹാമാരിയുടെ രണ്ടു വർഷത്തിനിടയിൽ, ഓരോ 30 മണിക്കൂറിലും ഒരാൾ എന്ന രീതിയിൽ 573 പുതിയ ശതകോടീശ്വരൻമാരാണ് ജന്മമെടുത്തത്. അവർ കഴിഞ്ഞ 23 വർഷംകൊണ്ട് നേടിയതിനേക്കാൾ കൂടുതൽ സമ്പത്ത് വെറും 24 മാസം കൊണ്ട് നേടിയെടുത്തു. ഏറ്റവും ദരിദ്രരായ 30 കോടി (40 ശതമാനം) പേർക്കുള്ളതിനേക്കാൾ വലിയ സമ്പത്താണ് ഏറ്റവും ധനികരായ 10 പേർക്കുള്ളത്. 20 ശതകോടീശ്വരന്മാർക്ക് സബ്‌സഹാറൻ ആഫ്രിക്കയുടെ മൊത്തം ജി.ഡി.പിയേക്കാൾ കൂടുതൽ സമ്പത്തുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ധനികനായ ഇലോൺ മസ്‌കിന്റെ സമ്പത്ത് 2019 മുതൽ 699 ശതമാനമായാണ് വർധിച്ചത്.


ഭക്ഷ്യ ഊർജ, ഫാർമസ്യൂട്ടിക്കൽ, ടെക്‌നോളജി മേഖലകളിലെ ശതകോടീശ്വരൻമാരുടെ സമ്പത്ത് ഓരോ രണ്ടു ദിവസത്തിലും ഒരു ബില്യൺ ഡോളർ വർധിക്കുന്നതായാണ് ഓക്‌സ്ഫാർമിന്റെ കണ്ടെത്തൽ. ഭക്ഷണത്തിന്റെയും ഊർജത്തിന്റെയും വില പതിറ്റാണ്ടുകളിലെ ഏറ്റവും ഉയർന്ന നിലയിലാണുള്ളത്. തൽഫലമായി 62 ശതകോടീശ്വരന്മാരെയാണ് ഈ മേഖല പുതുതായി സൃഷ്ടിച്ചത്. കോർപറേറ്റ് കുത്തകകൾ ഈ മേഖലകളിൽ പ്രത്യേകിച്ചും പ്രബലമാണ്. അതുപോലെ മഹാമാരി40 പുതിയ ശതകോടീശ്വരന്മാരെയാണ് ഔഷധ നിർമാണ മേഖലയിൽ സൃഷ്ടിച്ചത്. കൊവിഡ് വാക്‌സിന്റെ കുത്തക നിയന്ത്രണത്തിൽനിന്ന് മോഡേണ, ബയോ എൻടെക്, ഫൈസർ പോലുള്ള ഫാർമസ്യൂട്ടിക്കൽ കോർപറേറ്റുകൾ ഓരോ സെക്കൻഡിലും 1,000 ഡോളർ ലാഭം നേടിയെടുത്തു. ഈ കമ്പനികൾ ഭൂരിഭാഗം ഡോസുകളും സമ്പന്നരാജ്യങ്ങൾക്കാണ് വിറ്റയച്ചത്. ഫൈസറും ബയോ എൻടെക്കും അവരുടെ മൊത്തം വാക്‌സിൻ വിതരണത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലേക്ക് എത്തിച്ചത്. എന്നാൽ മോഡേണ, ഇത് വെറും 0.2 ശതമാനം മാത്രമാണ്. അതേസമയം, ഈ രാജ്യങ്ങളിലെ 98 ശതമാനമാളുകൾക്കും പൂർണമായി വാക്‌സിനേഷൻ നൽകാൻ സാധിച്ചിട്ടുമില്ല.
മഹാമാരി, ആഗോള അസമത്വം, ഉക്രൈനിലെ യുദ്ധത്താൽ ഉയർന്ന ഭക്ഷ്യവില എന്നിവ കാരണം 2022ൽ 27 കോടിയിലധികം ആളുകളാണ് കടുത്ത ദാരിദ്ര്യത്തിലായത്. ഓരോ 33 മണിക്കൂറിലും ഒരു ദശലക്ഷം ആളുകളാണ് ദരിദ്രരാവുന്നത്. ഇതിനർഥം, മഹാമാരി സമയത്ത് ഒരു പുതിയ ശതകോടീശ്വരനെ സൃഷ്ടിക്കാൻ എടുത്ത സമയംകൊണ്ട് ഒരു ദശലക്ഷം ആളുകളെയാണ് കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടത്. മഹാമാരിയിൽ 99 ശതമാനം പേരുടെയും വരുമാനം കുറഞ്ഞു. 13 കോടി മുഴുസമയ ജോലിക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഏറ്റവും താഴെയുള്ള 50 ശതമാനം പേർക്ക്, ഒരു വർഷംകൊണ്ട് ഒരു സമ്പന്നന് ലഭിക്കുന്നത് ഉണ്ടാക്കിയെടുക്കാൻ 112 വർഷമെങ്കിലുമെടുക്കും.


ആഗോള ഭക്ഷ്യസമ്പ്രദായത്തിന്റെ ബഹുഭൂരിഭാഗവും നിയന്ത്രിക്കുന്നത് കോർപറേറ്റുകളും ശതകോടീശ്വരന്മാരുമാണ്. ഭക്ഷ്യകാർഷിക വ്യവസായ മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന ഇവരുടെ കൂട്ടായ സമ്പത്ത് കഴിഞ്ഞ രണ്ടു വർഷത്തിനിടെ 45 ശതമാനമാണ് വർധിച്ചത്. അമിതമായ ഈ കോർപറേറ്റ്‌ലാഭം വലിയ രീതിയിലുള്ള വിലക്കയറ്റത്തിനു കാരണമായി. ഉദാഹരണത്തിന്, അമേരിക്കയിൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പണപ്പെരുപ്പത്തിന്റെ 60 ശതമാനം വർധനവിനും കാരണം കോർപറേറ്റ് ലാഭമാണ്. ഇതു കുറഞ്ഞ വേതനക്കാരായ തൊഴിലാളികളെയാണ് രൂക്ഷമായി ബാധിക്കുന്നത്. ന്യൂയോർക്ക് മുതൽ ന്യൂഡൽഹി വരെ എല്ലായിടത്തും സാധനങ്ങളുടെ ഉയർന്ന വില കാരണം സാധാരണക്കാർ കഷ്ടപ്പെടുകയാണ്. ഭക്ഷണത്തിന്റെയും ഊർജത്തിന്റെയും വില പതിറ്റാണ്ടുകളിലെ ഉയർന്ന നിലയിലാണുള്ളത്. ആഗോള ഭക്ഷ്യവില കഴിഞ്ഞ വർഷം 33.6 ശതമാനമാണ് വർധിച്ചത്. ഇത് ജീവിതച്ചെലവ് പ്രതിസന്ധിയിലേക്ക് നയിച്ചു. ദരിദ്രരാജ്യങ്ങളിലെ ആളുകൾ തങ്ങളുടെ വരുമാനത്തിന്റെ ഇരട്ടിയിലധികമാണ് ഭക്ഷണത്തിനായി ചെലവഴിക്കുന്നത്. അവരുടെ ആരോഗ്യവും ഉപജീവനവും ഇതിനകംതന്നെ മഹാമാരി ദുർബലമാക്കിയിരുന്നു.
ചരിത്രത്തിൽ മുമ്പൊരിക്കലും നേരിട്ടിട്ടില്ലാത്തത്ര രൂക്ഷവും നിർണായകവുമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോകുന്നത്. നവലിബറൽ സാമ്പത്തിക നയങ്ങളിലൂടെ പൊതുസംരംഭങ്ങളും സേവനങ്ങളും സ്വകാര്യവൽക്കരിച്ചു. പൊതുസമ്പത്ത് കോർപറേറ്റ് ശക്തികളിലേക്ക് കേന്ദ്രീകരിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ ബോധപൂർവം ഇല്ലാതാക്കി കുറഞ്ഞ വേതനം നൽകി, സർക്കാരിന്റെ ഒത്താശയോടെ കൊള്ളലാഭം കൊയ്‌തെടുത്തു വൻകിട കോർപറേറ്റുകൾ. കഴിഞ്ഞ രണ്ടു വർഷമായി സർക്കാരുകൾ അതിസമ്പന്നരുടെ സമ്പത്തിന്മേൽ നികുതി ചുമത്തുകയോ വർധിപ്പിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല, വാക്‌സിനേഷൻ പോലുള്ള പൊതുസാധനങ്ങൾ സ്വകാര്യവൽക്കരിക്കുകയും ചെയ്തു. 2000 മുതൽ 2015 വരെയുള്ള 15 വർഷത്തേക്കാൾ മഹാമാരിയുടെ ഒരുവർഷം കൊണ്ട് കോർപറേറ്റ് കുത്തകകളുടെ കൈകളിലേക്ക് വിപണി കേന്ദ്രീകരിക്കുന്നതിൽ സർക്കാരുകൾക്ക് വലിയ പങ്കുണ്ട്.


മഹാമാരി സമയത്ത് സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുന്നതിനുവേണ്ടി ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ട്രില്യൻ (ലക്ഷം കോടി) കണക്കിനു ഡോളറുകളാണ് സമ്പദ്‌വ്യവസ്ഥയിലേക്ക് പമ്പ് ചെയ്തത്. ഇത് ലോകരാജ്യങ്ങളെ ഒരു പരിധിവരെ കൊവിഡിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളിൽനിന്നും രക്ഷപ്പെടുത്തി എന്നതിൽ സംശയമില്ല. എന്നാൽ ഭൂരിഭാഗവും നേരിട്ടോ, അല്ലാതെയോ കോടീശ്വരന്മാരുടെ പോക്കറ്റിലേക്കാണെത്തിയത്. അത് അവരുടെ ആസ്തികളുടെയും ലാഭത്തിന്റെയും വൻതോതിലുള്ള വളർച്ചയ്ക്കു കാരണമായി. തൽഫലമായി ഉടലെടുത്തതോ, സാമ്പത്തിക അസമത്വവും ദാരിദ്ര്യവും തൊഴിലില്ലായ്മയും. കുതിച്ചുയരുന്ന സ്റ്റോക്ക് മാർക്കറ്റ് വിലകൾ, അനിയന്ത്രിതമായ സ്ഥാപനങ്ങളുടെ വർധനവ്, കുത്തക അധികാരത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും കുതിച്ചുചാട്ടം, വ്യക്തിഗത കോർപറേറ്റ് നികുതിനിരക്കുകളുടെയും തൊഴിലാളികളുടെ അവകാശങ്ങളുടെയും വേതനങ്ങളുടെയും ശോഷണം എന്നിവയാണ് ഇതിന്റെ പ്രധാന കാരണങ്ങൾ.
കൊവിഡ് മഹാമാരി വിനാശകരമായ അസമത്വമാണ് സമൂഹത്തിൽ സൃഷ്ടിച്ചത്. സാമ്പത്തിക സാമൂഹിക വ്യവസ്ഥകളെ അത് ശിഥിലമാക്കി. ആഗോള സമ്പദ്‌വ്യവസ്ഥ ശതകോടീശ്വരന്മാരുടെ കൈകളിലേക്ക് കേന്ദ്രീകരിച്ചു. ആഡംബര ജീവിതത്തിൽ ചെലവഴിക്കാൻ കഴിയുന്നതിനേക്കാൾ കൂടുതലാണ് അവരുടെ കൈകളിലെത്തിയത്.


അങ്ങേയറ്റത്തെ അസമത്വം സാമ്പത്തിക അക്രമത്തിന്റെ ഒരു രൂപമാണ്. അവിടെ ചുരുക്കം ചിലരുടെ സമ്പത്തും അധികാരവും ശാശ്വതമാക്കുന്ന പൊതുനയങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം ജനങ്ങൾക്കും നേരിട്ട് ദോഷം ചെയ്യുമെന്നതിൽ സംശയമില്ല. അതിനാൽ പ്രതിസന്ധിയെ ലഘൂകരിക്കുന്നതിനും മറികടക്കുന്നതിനും പാവപ്പെട്ട സാധാരണ ജനങ്ങളെ സംരക്ഷിക്കുന്നതിനും സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ട്. അതുകൊണ്ടുതന്നെ പൊതുനന്മയ്ക്കായി കുമിഞ്ഞുകൂടിയ സമ്പത്തിന്മേലുള്ള ശാശ്വതമായ നികുതികൾ ചുമത്തി തിരിച്ചുപിടിക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണം. ഈ പണം സാർവത്രിക ആരോഗ്യസംരക്ഷണം, സാമ്പത്തികസമത്വം, സാമൂഹിക സംരക്ഷണം, ലിംഗാധിഷ്ഠിതമായ അക്രമം തടയൽ എന്നിവയിൽ ചെലവഴിക്കേണ്ടതുമുണ്ട്.
ഇനി സർക്കാരിന്റെ ഊഴമാണ്. ഈ അവസ്ഥയിൽ സർക്കാരുകൾക്ക് രണ്ടു വഴികളാണുള്ളത്. കോടിക്കണക്കിനു ദരിദ്രരെ ദ്രോഹിച്ചും കൊലപ്പെടുത്തിയും ചൂഷണം ചെയ്തും വളരുന്ന ശതകോടീശ്വരൻമാർക്കും അവരുടെ സമ്പത്തിനും സംരക്ഷണം നൽകുക. തന്മൂലം ഉയർന്നുവരുന്ന അസമത്വം കാരണം കോടിക്കണക്കിനാളുകളെ ദരിദ്രരാക്കുക. മനുഷ്യ അസ്തിത്വത്തെ ചോദ്യംചെയ്യുന്ന അക്രമാസക്തവും വംശീയവുമായ ഈ സമ്പദ്‌വ്യവസ്ഥയെ വേണമെങ്കിൽ തിരഞ്ഞെടുക്കാം. അല്ലെങ്കിൽ, സമത്വത്തിൽ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയെ തിരഞ്ഞെടുക്കാം. അവിടെ ആരും ദാരിദ്ര്യത്തിൽ ജീവിക്കുന്നില്ല, സങ്കൽപിക്കാനാവാത്ത അമിതസമ്പത്തുമായി ആരും വിരാജിക്കുന്നില്ല; ഇത് ഇല്ലായ്മയിൽ നിന്നുള്ള സ്വാതന്ത്ര്യം, അതിജീവിക്കുക എന്നതിലുപരി, എല്ലാവർക്കും അഭിവൃദ്ധിപ്പെടാനും പ്രത്യാശിക്കാനും അവസരമുള്ള സമത്വസുന്ദര സമ്പദ്‌വ്യവസ്ഥ. ഇതിൽ ഏതു തിരഞ്ഞെടുക്കണമെന്ന് സർക്കാരും ഈ തലമുറയും തീരുമാനിക്കേണ്ടതുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ മറ്റൊരു നടിയും എത്തി?

Kerala
  •  2 months ago
No Image

കൊച്ചി ലഹരിക്കേസ്:  ശ്രീനാഥ് ഭാസി-ബിനു ജോസഫ് സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കും; ഭാസിക്കും പ്രയാഗക്കും ഓം പ്രകാശിനെ മുന്‍പരിചയമില്ലെന്ന് സ്ഥിരീകരണം

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വധശ്രമത്തെ അതിജീവിച്ച്  ഹിസ്ബുല്ല നേതാവ്; ലബനാനില്‍ ആക്രമണം രൂക്ഷം, 22 മരണം നൂറിലേറെ പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

വേതനമില്ല, സേവനം മാത്രം; സാക്ഷരതാ പ്രേരകുമാര്‍ക്ക്  -വിൽപ്പനയ്ക്കുണ്ട് ദുരിതം

Kerala
  •  2 months ago
No Image

അങ്കണവാടിയിൽ വരും, ഡിപ്ലോമ നേടിയ ആയമാർ

Kerala
  •  2 months ago