രണ്ടാം ട്രയല്‍ റണ്ണില്‍ സമയം മെച്ചപ്പെടുത്തി വന്ദേഭാരത്; 7 മണിക്കൂര്‍ 50 മിനിറ്റില്‍ കാസര്‍കോട്ട്
രണ്ടാം ട്രയല്‍ റണ്ണില്‍ സമയം മെച്ചപ്പെടുത്തി വന്ദേഭാരത്
തിരുവനന്തപുരം: രണ്ടാം ട്രയല്‍ റണ്ണില്‍ സമയം മെച്ചപ്പെടുത്തി വന്ദേഭാരത് ട്രെയിന്‍. 7 മണിക്കൂര്‍ 50 മിനിറ്റാണ് ട്രെയിന്‍ കാസര്‍കോട് എത്താന്‍ എടുത്ത സമയം. പുലര്‍ച്ചെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് വിട്ട ട്രെയിന്‍ 1.10 നാണ് കാസര്‍കോട്ടെത്തിയത്.
തിങ്കളാഴ്ച്ചത്തെ ട്രയല്‍റണ്ണില്‍ തിരുവനന്തപുരത്തുനിന്ന് 7 മണിക്കൂര്‍ 10 മിനിറ്റുകൊണ്ടാണ് കണ്ണൂരെത്തിയത്. ഇത്തവണ 6 മണിക്കൂര്‍ 53 മിനിറ്റുകൊണ്ടെത്തി. കഴിഞ്ഞ തവണത്തേക്കാള്‍ 17 മിനിറ്റ് നേരത്തേയെത്തി.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ ആയിരുന്നു വന്ദേ ഭാരത് പ്രഖ്യാപിച്ചിരുന്നത്. ആദ്യഘട്ട പരീക്ഷണ ഓട്ടവും നടത്തിയിരുന്നു. എന്നാല്‍ ഈ സമയത്ത് കാസര്‍കോട് സ്റ്റേഷന് ഉള്‍പ്പെട്ടിരുന്നില്ല. തുടര്‍ന്ന് പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് കാസര്‍കോടിനെയും ഉള്‍പ്പെടുത്തിയത്.
എട്ടു സ്റ്റോപ്പുകളാണ് നിലവില്‍ വന്ദേഭാരതിനുള്ളത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. ട്രെയിനില്‍ 78 സീറ്റ് വീതമുള്ള 12 എക്കോണമി കോച്ചുണ്ടാവും. 54 സീറ്റുകളുള്ള രണ്ട് എക്സിക്യൂട്ടീവ് കോച്ചാണുണ്ടാവുക. മുന്നിലും പിന്നിലും ആയി 44 സീറ്റു വീതുള്ള രണ്ടു കോച്ചുകള്‍ വേറെയുമുണ്ടാകും.
കന്നിയാത്രയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഭാഗമായേക്കും. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ യാത്ര ചെയ്യുന്നതാണു പരിഗണനയിലുള്ളത്. അന്തിമ തീരുമാനം എസ്.പി.ജി എടുക്കും. ഏപ്രില്‍ 25ന് ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി യാത്രക്കാരുമായി സംവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."