വൃദ്ധ പരിപാലനത്തിന്റെ രാഷ്ട്രീയം പാഠം ഒന്ന് ഫ്രാന്‍സ്
എംപി കുഞ്ഞാമു
ഫ്രാന്‍സിലെ പരമോന്നത കോടതിയായ കോണ്‍സ്റ്റിറ്റിയൂഷനല്‍ കൗണ്‍സില്‍ ഉദ്യോഗസ്ഥന്മാരുടെ വിരമിക്കല്‍ പ്രായം അറുപത്തിരണ്ടില്‍നിന്ന് അറുപത്തിനാലാക്കി വര്‍ധിപ്പിക്കുന്ന നിയമത്തിന് അനുമതി നല്‍കിയതോടെ ആദ്യ പോരാട്ടത്തില്‍ ഇമ്മാനുവേല്‍ മാക്രോണ്‍ ജയിച്ചിരിക്കുന്നു. ഒമ്പതംഗ കൗണ്‍സിലില്‍ ഏഴു മണിക്കൂര്‍ നീണ്ടുനിന്ന വാദപ്രതിവാദങ്ങള്‍ക്കുശേഷമാണ് പ്രസിഡന്റിന് അനുകൂല വിധിയുണ്ടായത്. കീഴ്‌വഴക്കം അങ്ങനെ ആയിരിക്കേ അതുതന്നെയേ സംഭവിക്കുകയുള്ളു എന്നായിരുന്നു സാമാന്യ കണക്കുകൂട്ടല്‍. രാജ്യത്തിന്റെ സാമ്പത്തിക ആസൂത്രണം വിചാരിച്ചപോലെ മുന്നോട്ടുപോകണമെങ്കില്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയേ തീരൂ എന്ന ഉറച്ച ബോധ്യമുണ്ട് മാക്രോണിന്.
എന്നുമാത്രമല്ല യൂറോപ്പിലെ നിലവിലുള്ള സാഹചര്യത്തില്‍ അറുപത്തിനാല് അത്ര കൂടിയ പ്രായവുമല്ല. അറുപത്തിയേഴു വയസുവരെയൊക്കെ ആളുകള്‍ പണിയെടുക്കുന്ന യൂറോപ്യന്‍ നാടുകളുണ്ട്. അതിനാല്‍ മാക്രോണിന് കുറ്റബോധമൊന്നും തോന്നാനിടയില്ല.കുറ്റബോധത്തേക്കാള്‍പ്രധാനമാണല്ലോ ഒരു പണിയും എടുക്കാത്ത കുറേപ്പേരെ വര്‍ഷങ്ങളോളം വന്‍തുക പെന്‍ഷനും മറ്റു ക്ഷേമപദ്ധതികളുടെ പരിരക്ഷയും നല്‍കി തീറ്റിപ്പോറ്റുന്നതിന്റെ ബാധ്യതയേറ്റെടുക്കുക എന്നത്. ഫ്രാന്‍സിലാണെങ്കില്‍ ഇത്തരം ആനുകൂല്യങ്ങള്‍ കൂടുതലുമാണ്. പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ അവര്‍ പണിയെടുക്കും. രാജ്യത്തിന്റെ ഉല്‍പ്പാദന പ്രക്രിയയെ പരിപോഷിപ്പിക്കും. ചുരുക്കത്തില്‍, കൊടുക്കുന്ന തുക മുതലായിക്കിട്ടും. ഇതാണ് മാക്രണോമിക്‌സിന്റെ ഒന്നാം പാഠം.
ഒന്നാമത്തെ വാഴ്ചക്കാലത്ത് തന്നെ ജനസമ്മതിയുടെ ഗ്രാഫ് കുത്തനെ ഇടിഞ്ഞതിന്റെ പ്രയാസം പേറുന്ന മാക്രോണ്‍ രണ്ടാം ടേമില്‍ ഇങ്ങനെയൊരു കയ്‌പേറിയ കഷായം ജനങ്ങളെക്കൊണ്ട് കുടിപ്പിക്കാന്‍ ഒരുമ്പെട്ടിറങ്ങിയതെന്തുകൊണ്ട്? അതും വ്യക്തമായ ഭൂരിപക്ഷവും ജനപിന്തുണയുമില്ലാതിരിക്കെ. അതിനു കാരണം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥതന്നെ. ലോക രാജ്യങ്ങളുടെ മുമ്പാകെ കേമത്തം ചമഞ്ഞു നില്‍ക്കാനുള്ള വ്യഗ്രതയില്‍ ധൂര്‍ത്തും അനാവശ്യച്ചെലവുകളും മറ്റും വരുത്തിവച്ച് സാമ്പത്തിക പ്രയാസങ്ങളുണ്ടാക്കുകയാണ് സര്‍ക്കാര്‍ എന്നാണ് ഇതിന് രാഷ്ട്രീയ എതിരാളികളുടെ മറുവാദം. ഏതായാലും വിരമിക്കല്‍ പ്രായം ഉയര്‍ത്തിയ നടപടി പ്രസിഡന്റിനെ ആളുകള്‍ക്ക് വേണ്ടാത്തവനാക്കിയിരിക്കുകയാണ്. മാക്രോണിന്റെ മറ്റു നടപടികള്‍ കൂടി അതിന് കാരണമായി ഭവിക്കുകയും ചെയ്തിരിക്കുന്നു.
ഫ്രാന്‍സിന്റെ രാഷ്ട്രീയഭാവി
വിരമിക്കല്‍ പ്രായം ഉയര്‍ത്തിയ നടപടിയോടുള്ള ജനകീയ പ്രതിഷേധത്തെ എങ്ങനെ പ്രസിഡന്റ് മാക്രോണ്‍ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഫ്രാന്‍സിന്റെ രാഷ്ട്രീ യഭാവി. പ്രതിപക്ഷ കക്ഷികള്‍ ഒരു റഫറണ്ടം ആവശ്യപ്പെടുകയും പ്രസിഡന്റ് അത് നിരാകരിക്കുകയും ചെയ്തിരിക്കുന്നു. അന്തര്‍ദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നിനു വലിയ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നാണ് പ്രക്ഷോഭരംഗത്തുള്ള തൊഴിലാളി സംഘടനകള്‍ പറയുന്നത്. തീവ്ര ഇടതുപക്ഷ സംഘടനയായ ലാ ഫ്രാന്‍സ് ഇന്‍സൂമിസിന്റെ നേതാവായ ഷാങ്‌ലൂക് മെലെന്‍ ഷോണും തീവ്ര വലതുപക്ഷ രാഷ്ട്രീയ നേതാവായ മാറീ ലെ പെനും ഒരേ പോലെ മാക്രോണിന്റെ നടപടിക്കെതിരാണ്. എന്നുമാത്രമല്ല നിയമം നടപ്പില്‍വന്ന ഉടനെത്തന്നെ വ്യാപകമായ ജനകീയപ്രക്ഷോഭങ്ങള്‍ രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോര്‍ണിന്ന് ഒരു സൂപ്പര്‍ മാര്‍ക്കറ്റിന് പുറത്തിറങ്ങാന്‍ കഴിയാതായി. ഏപ്രില്‍ 13നു നടന്ന പ്രക്ഷോഭങ്ങളില്‍ 380000 ത്തോളം പേര്‍ പങ്കെടുത്തു എന്നാണ് കണക്ക്. എന്നാല്‍ ഈ പ്രക്ഷോഭങ്ങളെ അവഗണിച്ചു തന്റെ നയനിലപാടുകളുമായി മുന്നോട്ട് പോകാനാണ് മാക്രോണിന്റെ തീരുമാനം.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അവതാളത്തിലാകാതിരിക്കാന്‍ ഇതേ വഴിയുള്ളു എന്നാണ് പ്രസിഡന്റിന്റെ പക്ഷം. വളരെ സമ്പന്നരുടെ മാത്രം പ്രസിസന്റ്(പ്രസിഡേന്റ് ദേസ ത്രേസ് റിഷേസ്) എന്ന് പഴയ കൂട്ടാളി ഫ്രാന്‍സ്വാ ഹൊളാന്‍ദ് പോലും മാക്രോണി നെ വിശേഷിപ്പിച്ചത് ഇതിന്റെ മറുവശം.
എന്നാല്‍ പ്രായം ചെന്നവര്‍ക്കുവേണ്ടിയുള്ള ക്ഷേമനടപടികള്‍ ഫ്രാന്‍സില്‍ മാത്രമല്ല രാഷ്ട്രീ യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഫ്രാന്‍സിന്റെ വിപ്ലവാനന്തര രാഷ്ട്രീയ സാഹചര്യങ്ങള്‍ തെരുവിലിറങ്ങിക്കൊണ്ടുള്ള തൊഴിലാളികളുടെയും യുവാക്കളുടെയും പ്രക്ഷോഭങ്ങള്‍ എളുപ്പത്തില്‍ സാധ്യമാക്കുന്ന തരത്തിലാണു നിലവിലുള്ളത്. അതിനാല്‍ എപ്പോഴും പൊട്ടിത്തെറിക്കാവുന്ന സ്‌ഫോടനാത്മകമായ അന്തരീക്ഷമാണ് ഫ്രാന്‍സിലേത്. മാക്രോണ്‍ കാലത്തുതന്നെ 2018ല്‍ മഞ്ഞക്കുപ്പായക്കാരുടെ(യെല്ലോ വെസ്റ്റ്‌സ്) വന്‍ പ്രക്ഷോഭങ്ങള്‍ അവിടെ അരങ്ങേറുകയുണ്ടായി. വിശേഷിച്ച് നേതാക്കളൊന്നുമില്ലാതെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭമായിരുന്നു അത്. സാമ്പത്തിക നീതിക്കു വേണ്ടിയുള്ള ഈ പ്രക്ഷോഭത്തിന്റെ കൊടിയടയാളമായിരുന്നു മഞ്ഞക്കുപ്പായം. ഇന്ധനവില ഉയരുന്നതുമായി ബന്ധപ്പെട്ടു നടന്ന ഈ പ്രക്ഷോഭത്തിന്റെ അടിയിലും ചെറുപ്പക്കാരുടെ തൊഴിലില്ലായ്മ ഒരു അടിസ്ഥാന പ്രശ്‌നമായി വര്‍ത്തിച്ചു.
കഴിഞ്ഞ ഒക്ടോബറിലും രാജ്യവ്യാപക തെരുവു സമരങ്ങള്‍ക്ക് ഫ്രാന്‍സ് സാക്ഷ്യം വഹിച്ചു. അനുദിനം കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ നിവൃത്തിക്കാനാവാതെ പ്രയാസപ്പെടുന്ന സാധാരണക്കാരാണ് പ്രക്ഷോഭരംഗത്തിറങ്ങിയത്. ഇന്ധന വിലയിലെ കുതിച്ചുചാട്ടവും തൊഴിലില്ലായ്മയുമൊക്കെ അതിന് ആക്കം വര്‍ധിപ്പിച്ചു. തികഞ്ഞ ഇടതുപക്ഷ ആഭിമുഖ്യം പുലര്‍ത്തുന്ന കഴിഞ്ഞ കൊല്ലത്തെ സാഹിത്യ നൊബേല്‍ പുരസ്‌ക്കാര നേതാവ് ആനീ എര്‍നോ പ്രക്ഷോഭരംഗത്ത് സജീവമായിരുന്നു എന്നോര്‍ക്കുക. ഫ്രഞ്ച് സാമൂഹിക വ്യവസ്ഥിതിയുടെ സവിശേഷതകൂടിയാണ് ഇത്. പാര്‍ലമെന്റിലേതിനൊപ്പം തെരുവുകളില്‍ ഉയരുന്ന ശബ്ദങ്ങള്‍ കൂടി അവിടെ പരിഗണിക്കപ്പെടുന്നു. ഭരണകൂടത്തിന്റെ പ്രഖ്യാപിത നിലപാടുകള്‍ തെരുവുകളില്‍ ചോദ്യം ചെയ്യപ്പെടുന്നു. 2022ല്‍ നടന്ന തെരുവുപ്രക്ഷോഭങ്ങള്‍ക്ക് കരുത്തുപകര്‍ന്ന വിഭാഗമായിരുന്നു വിദ്യാര്‍ഥികള്‍. ഹിജാബിനും ഇസ്‌ലാമിക മുദ്രകള്‍ക്കുമെതിരായി ഫ്രഞ്ചു ഭരണകൂടം പാസാക്കിയ നിയമങ്ങള്‍ക്കെതിരായി പ്രതിഷേധിക്കാന്‍ കൂടി വിദ്യാര്‍ഥികള്‍ ഈ പ്രക്ഷോഭത്തെ അവസരമാക്കി. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രബുദ്ധ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് തെരുവ് പ്രക്ഷോഭങ്ങള്‍ എന്നര്‍ഥം. അതിനെ അവഗണിച്ച് മുന്നോട്ട് പോകാന്‍ മാക്രോണിന് സാധിക്കുമോ എന്ന് മെയ് ഒന്നിനുശേഷം കാണാനിരിക്കുന്നേയുള്ളു.
വയസാവുന്ന ലോകം
ഫ്രാന്‍സില്‍ നടക്കുന്ന വിരമിക്കല്‍ പ്രായ പ്രശ്‌നവുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ അങ്ങനെയിരിക്കട്ടെ, വയസാവുന്ന ലോകം എന്ന വിഷയത്തിന്റെ സാമൂഹിക മാനങ്ങള്‍ നമുക്ക് വിട്ടുകളയാവുന്നതാണോ? ലോകത്തിന് വയസാവുകയാണ്. ജപ്പാനെപ്പോലെയുള്ള രാജ്യങ്ങള്‍ പ്രായാധിക്യമുള്ളവരുടെ ഭാരംകൊണ്ട് പ്രയാസപ്പെടുകയാണ്. ഉല്‍പാദന പ്രക്രിയയില്‍ കാര്യമായ പങ്കു വഹിക്കാനില്ലാത്ത ഈ വൃദ്ധജനത്തെ തീറ്റിപ്പോറ്റാനാണ് നാടിന്റെ വരുമാനത്തില്‍ വലിയൊരു പങ്കു ചെലവഴിക്കുന്നത്. ജനന നിയന്ത്രണ മാര്‍ഗങ്ങള്‍ ആളുകള്‍ കൈക്കൊള്ളാന്‍ തുടങ്ങിയതോടെ ജനന നിരക്ക് കുറഞ്ഞു. ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിച്ചതോടെ മരണനിരക്കും കുറഞ്ഞു. ഭൂമുഖത്ത് വൃദ്ധജനം വര്‍ധിച്ചു എന്നതായി അവസ്ഥ. ഇവര്‍ക്കു വേണ്ടി ചെലവഴിക്കാന്‍ എവിടെ പണം എന്നതാണ് ചോദ്യം. അതിന്റെ ലളിതമായ ഉത്തരമാണ് വിരമിക്കല്‍ പ്രായമുയര്‍ത്തല്‍. ചുമ്മാ ഇരുന്ന് പെന്‍ഷന്‍ വാങ്ങാതെ അറുപതു കഴിഞ്ഞവരും പണിയെടുക്കട്ടെ എന്ന്. മാക്രോണ്‍ അതിന്റെ റിസ്‌ക് ഏറ്റെടുക്കാന്‍ തയാറായി, അത്രേയുള്ളൂ.
ഈ റിസ്‌ക് തന്നെയാണ് പല വഴികളിലൂടെയും ഇന്ത്യയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. യുവജന പ്രക്ഷോഭങ്ങള്‍ കത്തിയാളുമ്പോഴും വിരമിക്കല്‍ പ്രായം ഉയര്‍ത്താന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നത് പണിയെടുക്കാതെ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവരുടെ ഭാരം സമ്പദ്‌വ്യവസ്ഥയെ ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ്. അമ്പത്തിയഞ്ചില്‍നിന്ന് വിരമിക്കല്‍ പ്രായം കേരളത്തില്‍ അമ്പത്താറാക്കി. അതൊരു സാമ്പത്തിക രക്ഷാമാര്‍ഗമാണ്. പുതിയ പെന്‍ഷന്‍ സ്‌കീം മറ്റൊരു രക്ഷാമാര്‍ഗമാണ്. ലോകം അനുദിനം വയസന്മാരുടേതും വയസികളുടേതുമായി മാറുമ്പോള്‍ ഇത്തരം രക്ഷാമാര്‍ഗങ്ങള്‍ ഭരണകൂടങ്ങള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കും. ഫ്രാന്‍സ് അതിന്റെ ആദ്യ പരീക്ഷയെഴുതുകയാണ്. കാലക്രമേണ ഇന്ത്യയും കേരളവുമെല്ലാം ആ പരീക്ഷ എഴുതേണ്ടിവരും
The Politics of Aged Care Lesson One France
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."