അപകീര്‍ത്തി കേസില്‍ രാഹുലിനിന്നു പരീക്ഷ; വിധിക്ക് സ്റ്റേ ലഭിച്ചാല്‍ എം.പി സ്ഥാനം തിരികെ ലഭിക്കും
അപകീര്‍ത്തി കേസില്‍ രാഹുലിനിന്നു പരീക്ഷ; വിധിക്ക് സ്റ്റേ ലഭിച്ചാല്‍ എം.പി സ്ഥാനം തിരികെ ലഭിക്കും
സൂറത്ത്: നരേന്ദ്രമോദിക്കെതിരേ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്നക്കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായകം. സൂറത്ത് ജില്ലാ കോടതിയുടെ വിധി പ്രസ്താവം ഇന്നാണ്. കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് രാഹുലിന്റെ എം.പി സ്ഥാനത്തെചൊല്ലിയുള്ള കാര്യത്തിലും തീരുമാനമുണ്ടാകുക. ജഡ്ജി ആര്‍.എസ് മൊഗേരയാണ് അപ്പീലില്‍ കഴിഞ്ഞ ആഴ്ച വിശദമായ വാദം കേട്ട ശേഷം വിധി പറയുന്നത്.
കുറ്റക്കാരനാണെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് രാഹുലിനുള്ളത്. രണ്ട് അപ്പീല്‍ ഹരജികളാണ് കേസില്‍ രാഹുല്‍ ഗാന്ധി നല്‍കിയത്. ശിക്ഷാവിധിക്കെതിരെയും ശിക്ഷ നടപ്പാക്കുന്നതിനെതിരെയുമാണ് അപ്പീല്‍ ഹരജികള്‍.
വിധി പറഞ്ഞത് നിയമപരമായി നിലനില്‍പ്പില്ലാത്ത
കേസിലെന്ന് രാഹുല്‍
നിയമപരമായി നിലനില്‍പ്പില്ലാത്ത കേസിലാണ് സി.ജെ.എം കോടതി വിധി പറഞ്ഞതെന്നാണ് രാഹുല്‍ സെഷന്‍സ് കോടതിയില്‍ വാദിച്ചത്.
കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാല്‍ രാഹുലിന് എം.പി സ്ഥാനം തിരികെ ലഭിക്കാന്‍ വഴിതെളിയും. മറിച്ചായാല്‍ ലോക്‌സഭയിലെ അയോഗ്യത തുടരും. ഹൈക്കോടതിയെ സമീപിക്കേണ്ടിയും വരും. സ്റ്റേ ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള തയാറെടുപ്പും രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ട്.
മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ട് വര്‍ഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷന്‍സ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എം.പി സ്ഥാനം രാഹുലിന് തിരികെ ലഭിക്കുകയുളളൂ. ഇരുഭാഗത്തിന്റേയും വാദം കേട്ട അഡീഷണല്‍ സെഷന്‍സ് ജഡ്ജ് റോബിന്‍ പോള്‍ മൊഗേരയാണ് കുറ്റക്കാരന്‍ എന്ന വിധിക്കെതിരായ അപ്പീല്‍ ഹരജി വിധി പറയുന്നതിനായി മാറ്റിയത്.
അയോഗ്യനായത് രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതിനെത്തുടര്‍ന്ന്
എംപി സ്ഥാനം നഷ്ടപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള കടുത്ത വിധിയാണ് കീഴ്‌ക്കോടതിയില്‍ നിന്നുണ്ടായതെന്ന് രാഹുലിന്റെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചതിനെത്തുടര്‍ന്നാണ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനായത്. തുടര്‍ച്ചയായി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുന്നയാളാകയാല്‍ രാഹുലിന് പ്രത്യേക ഇളവിന്റെ കാര്യമില്ലെന്ന് പരാതിക്കാരനായ പൂര്‍ണേഷ് മോദിയുടെ അഭിഭാഷകന്‍ വാദിച്ചിരുന്നു.
2019 ഏപ്രില്‍ 13ന് കോലാറില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് രാഹുല്‍ഗാന്ധിയെ മാര്‍ച്ച് 23ന് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ചത്. ബിജെപി നേതാവും എംഎല്‍എയുമായ പൂര്‍ണേഷ് മോദിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കോടതി വിധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."