മൊബൈലിന് റേഞ്ച് ഇല്ല ഓണ്‍ലൈന്‍ പഠനത്തിന് പൂപ്പാറയിലെ കുട്ടികള്‍ അപകടവഴി താണ്ടി യാത്ര ചെയ്യുന്നത് രണ്ട് കിലോമീറ്റര്‍
പാലക്കാട്: ആദിവാസി കുട്ടികള്‍ക്ക് രണ്ടക്ഷരം പഠിക്കാന്‍ ഓരോ ദിവസവും ആനത്താരയും കാട്ടാറും കടന്ന് കടുവാ സങ്കേതത്തിലൂടെ രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്യണം. പറമ്പിക്കുളം കടുവാ സങ്കേതത്തിലെ കൊടുംവനത്തിനുള്ളിലെ പൂപ്പാറ ആദിവാസികോളനിയിലെ കുട്ടികളുടെ ദുര്‍ഗതിയാണിത്. ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ റെയ്ഞ്ച് കിട്ടാന്‍ രണ്ട് കിലോമീറ്റര്‍ അകലെയുള്ള ത്രീജി കുന്നുകയറണം.
ആനത്താര കടന്നു പോകുന്ന സ്ഥലമായതിനാല്‍ കുന്നിനു മുകളില്‍ പഠിക്കാനെത്തുന്നവര്‍ ഭയത്തോടെയാണ് ഇവിടെ ഇരിക്കാറുള്ളത്. പറമ്പികുളത്ത് ബി.എസ്.എന്‍.എല്ലിന്റെ ടവര്‍ മാത്രമെയുളളു. പൂര്‍ണമായതോതില്‍ ഇവിടെ നെറ്റ്‌വര്‍ക്ക് കിട്ടാറില്ല. പാഠഭാഗങ്ങള്‍ ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്‌തെടുത്ത് വീട്ടിലെത്തിയാണ് ഇപ്പോള്‍ പഠനം.ബി.എസ്.എന്‍.എല്‍ ത്രീജി കണക്ഷന്‍ കിട്ടുന്നതിനാലാണ് കുന്നിന് അവര്‍ ത്രീജി കുന്നെന്ന് ഓമനപേരിട്ടത്.കോളനിയിലെ എല്ലാവര്‍ക്കും ഫോണില്ല.
കൊടുംകാടായതിനാല്‍ വൈദ്യുതിയും എത്തിയിട്ടില്ല. സോളാര്‍ വൈദ്യുതി ഉണ്ടായിരുന്നു.അതിന്റെ ബാറ്ററി കേടായതോടെ ഒരുവര്‍ഷംമുന്‍പ് പ്രവര്‍ത്തനരഹിതമായി. സോളാറില്‍ നിന്നും ഒരുവീട്ടിന് രണ്ടു ലൈറ്റും ഒരു പ്ലഗ് പോയിന്റും മാത്രമെ നല്‍കിയിട്ടുള്ളു.പകല്‍ സമയങ്ങളില്‍ ഇവയൊന്നും പ്രവര്‍ത്തിപ്പിക്കാനും അനുവാദമില്ല. ബാറ്ററി കേടുവന്നതിനാല്‍ ഇപ്പോള്‍ വീടുകളില്‍ മണ്ണെണ്ണ വിളക്കാണ് ആശ്രയം.
ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള 40 കുട്ടികളാണ് ഇവിടെ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."