പെരുന്നാള്‍ സമ്മാനങ്ങളുമായി ഗണേഷ് കുമാര്‍ ഷീബയുടെ വീട്ടില്‍
പെരുന്നാള്‍ സമ്മാനങ്ങളുമായി ഗണേഷ് കുമാര്‍
ഒരിക്കല്‍ കൂടി ഗണേഷ് കുമാര്‍ ഷീബയെ കാണാനെത്തി. ഇത്തവണ വന്നത് കൈ നിറയെ പെരുന്നാള്‍ സമ്മാനങ്ങളുമായി. ഷീബയെ ഓര്‍ക്കുന്നില്ലേ. ഗര്‍ഭാശയമുഴ നീക്കം ചെയ്യാന്‍ നടത്തിയ ശസ്ത്രക്രിയക്കു ശേഷം വയര്‍ തുന്നി യോജിപ്പിക്കാനാവാതെ ദുരിതത്തിലായ ഷീബ. ഏഴ് തവണ ശസ്ത്രക്രിയ നടത്തിയിട്ടും തുറന്നിട്ട വയറുമായി വേദനയുടെ കൊടുമുടികളില്‍ ജീവിക്കുകയായിരുന്ന ഷീബയുടെ കഥ ഗണേഷ് കുമാര്‍ എം.എല്‍.എ നിയമസഭയില്‍ അവതരിപ്പിക്കുകയായിരുന്നു. അവഗണനയുടെ നിരവധി അവസരങ്ങള്‍ നേരിടേണ്ടി അന്ന അവര്‍ക്ക് ഗണേഷ് കുമാറിന്റെ ഇടപെടലില്‍ ആവശ്യമായ പരിഗണനയും ചികിത്സയും ലഭിച്ചു. സ്വന്തമായി നടക്കാനുള്ള ആരോഗ്യാവസ്ഥയിലേക്ക് അവരെ എത്തിച്ചു.
ഗണേഷ് കുമാര്‍ ഇടപെട്ടു, ഓപറേഷന്‍ നടത്തി ദുരിതത്തിലായ ഷീബയ്ക്ക് ആശ്വാസം; എറണാകുളത്തെ ആശുപത്രിയില്‍ സൗജന്യ ചികിത്സ
പെരുന്നാള്‍ സമ്മാനങ്ങളുമായി ഗണേഷ് കുമാര്‍
ഗണേഷ് കുമാറിന്റെ ഇടപെടലിന് ശേഷം ഷീബയുടെ ചികിത്സ ആസ്റ്റര്‍ മെഡിസിറ്റി ഏറ്റെടുക്കുകയും പൂര്‍ണമായും സുഖപ്പെടുത്തുകയും ചെയ്തു. എട്ടരലക്ഷത്തോളം രൂപയുടെ ചികില്‍സ സൗജന്യമായിട്ടാണ് ചെയ്തത്. ഇതിനിടെ ഷീബയുടെ പണി തീരാത്ത വീടും ഉടന്‍ ശരിയാക്കി കൊടുക്കാമെന്ന് ഗണേഷ് കുമാര്‍ വാക്ക് നല്‍കിയിരുന്നു. ഭാര്യയുമൊത്താണ് അദ്ദേഹം ഷീബയേയും ഉമ്മയേയും കാണാനെത്തിയത്. എന്റെ ജീവന്‍ രക്ഷിച്ചതിന് നന്ദിയുണ്ട് സാറേ…വാക്കുകള്‍ ഇടറിയ ആ നിമിഷത്തില്‍ ഷീബ പറഞ്ഞു. തന്റെ മകള്‍ക്ക് പുതു ജീവന്‍ നല്‍കിയ എം.എല്‍.എയുടെ കൈകള്‍ പിടിച്ച് ഉമ്മയും വികാരാധീനയായി.
ഡോക്ടര്‍മാരുടെ അനാസ്ഥയാണ് ഷീബയുടെ ദുരിതത്തിന് കാരണമെന്നാണ് ഗണേഷ്‌കുമാര്‍ നിയമസഭയില്‍ ഉന്നയിച്ചത്. ഒരു വര്‍ഷത്തിനിടയില്‍ 7 ശസ്ത്രക്രിയകള്‍ക്ക് വിധേയമകേണ്ടി വന്ന സ്ത്രീയാണ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലുമാകാതെ വേദന സഹിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വയറു വേദനയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷീബയുടെ ഗര്‍ഭാശയത്തില്‍ മുഴ കണ്ടെത്തിയത്. തുടര്‍ന്ന് ഗര്‍ഭാശയം നീക്കം ചെയ്യാന്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി. ഒന്നര മാസത്തിന് ശേഷം ആരോഗ്യ നില മോശമായതോടെ കൊല്ലം ജില്ലാ ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി. എന്നാല്‍ വേദനക്ക് ശമനമുണ്ടായില്ല. പാരിപ്പള്ളി, തിരുവനന്തപുരം മെഡിക്കല്‍ കോളേജുകളില്‍ ചികിത്സക്കായി ചെന്നെങ്കിലും അവഗണന മാത്രമാണ് ഉണ്ടായതെന്ന് 47കാരി പറയുന്നു- ഗണേഷ് കുമാര്‍ നിയമസഭയില്‍ തുറന്നടിച്ചു.
ശസ്ത്രക്രിയ കഴിഞ്ഞ് തുന്നിച്ചേര്‍ക്കാത്ത വയറുമായി യുവതി; തല്ലു കൊള്ളേണ്ട ഡോക്ടര്‍മാരും ഉണ്ടെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എ
പെരുന്നാള്‍ സമ്മാനങ്ങളുമായി ഗണേഷ് കുമാര്‍
ചില ഡോക്ടര്‍മാര്‍ തല്ലുകൊള്ളേണ്ടവരാണെന്ന ഗണേഷ്‌കുമാറിന്റെ പരാമര്‍ശവും വിവാദമായി. വയര്‍ വെട്ടിപ്പൊളിച്ചപോലെ ശസ്ത്രക്രിയ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. ഒരു സ്ത്രീ ശസ്ത്രക്രിയയ്ക്ക് ശേഷം പഴുപ്പ് പുറത്തേക്ക് ഒഴുകുന്ന അവസ്ഥയിലാണ് ഉള്ളത്. ഇത്തരം ആളുകള്‍ക്ക് തല്ല് കിട്ടുന്നതില്‍ കുറ്റം പറയാന്‍ കഴിയില്ലെന്നും തല്ല് അവര് ചോദിച്ചു വാങ്ങുന്നതാണെന്നും എംഎല്‍എ പറഞ്ഞു. കോഴിക്കോട് ഫാത്തിമ ഹോസ്പിറ്റലില്‍ ഡോക്ടറെ തല്ലിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊടുമ്പിരി കൊള്ളുന്ന സമയത്താണ് അദ്ദേഹം ഇക്കാര്യം നിയമസഭയില്‍ അവതരിപ്പിച്ചതും.
പിന്നാലെ എം.എല്‍.എയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഡോക്ടര്‍മാര്‍ രംഗത്തെത്തി. ചികിത്സയുടെ ഭാഗമായിട്ടാണ് വയര്‍ തുന്നാതെയഇട്ടതെന്നായിരുന്നു വിശദീകരണം. ചികിത്സക്ക് വേണ്ടിയാണ് മുറിവ് തുന്നാതെ വയര്‍ തുറന്നിട്ടതെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. റോസ്‌നാര ബീഗം വിശദീകരിച്ചു.
'അണുബാധ രൂക്ഷമായിരുന്നു, അതിനാല്‍ മുറിവ് തുറന്നിട്ട് പതുക്കെ ഉണങ്ങുന്ന ചികിത്സാരീതിയാണ് സ്വീകരിച്ചത്. ശാസ്ത്രീയമായ ചികിത്സാ രീതിയാണ് അതെന്നും' ഡോ. റോസ്‌നാര ബീഗം പറഞ്ഞു. 'ഏഴ് ശസ്ത്രക്രിയക്ക് ശേഷമാണ് ഷീബ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയത്. മുറിവിലെ പഴുപ്പ് പരിശോധിച്ചപ്പോള്‍ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന രോഗാണു ഉണ്ടെന്ന് കണ്ടെത്തി. മള്‍ട്ടി ഡ്രഗ് റെസിസ്റ്റന്റ് ആയ രോഗാണുവാണ് കണ്ടെത്തിയത്. അതുകൊണ്ടാണ് പലതവണ ശസ്ത്രക്രിയ നടത്തിയിട്ടും മുറിവ് ഉണങ്ങാത്തത്. ഷീബയെ വീട്ടിലേക്ക് പറഞ്ഞയച്ചത് അണുബാധ ഏല്‍ക്കാതിരിക്കാനാണ്'. ഷീബയുടെ സമ്മതപ്രകാരമാണ് എല്ലാം ചെയ്തതെന്നും ഡോക്ടര്‍ പറഞ്ഞു. ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവര്‍ കാര്യങ്ങള്‍ അറിയാതെ ആരോപണം ഉന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.
kb-ganesh-kumar-visits-sheeba-with-eid-gift
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."