സ്വപ്‌നയുടെ ആരോപണങ്ങള്‍ പച്ചക്കള്ളമെന്ന് ഷാജി കിരണ്‍, മുഖ്യമന്ത്രിയെ അറിയില്ല, ആര്‍ക്കുമായും ഇടനിലക്കാരനായിട്ടില്ല, സ്വപ്‌ന സുഹൃത്തു മാത്രം, ഭീഷണിപ്പെടുത്തിയെന്നതും നുണ
കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തന്നെ മുഖ്യമന്ത്രിക്കുവേണ്ടി ഭീഷണിപ്പെടുത്തിയെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ച ഷാജി കിരണ്‍ പ്രതികരണവുമായി രംഗത്ത്. സ്വപ്ന ഹൈക്കോടതിയിലെ ഹരജിയില്‍ പറയുന്ന കാര്യങ്ങളെല്ലാം നിഷേധിച്ചാണ് ഷാജികിരണ്‍ രംഗത്തെത്തിയിരിക്കുന്നത്.
തനിക്ക് മുഖ്യമന്ത്രിയെ അറിയില്ല. കോടിയേരി ബാലകൃഷ്ണനെ അറിയില്ല. കോണ്‍ഗ്രസ് നേതാക്കളുമായോ ബി.ജെ.പി നേതാക്കളുമായോ ബന്ധമില്ല. മാധ്യമപ്രവര്‍ത്തകനായ കാലയളവില്‍ മാത്രമാണ് രാഷ്ട്രീയ നേതാക്കളുമായി പരിചയം പുലര്‍ത്തിയതെന്നും ഷാജി പറയുന്നു.
സ്വപ്നാ സുരേഷുമായി സുഹൃദ്ബന്ധം മാത്രമാണുള്ളതെന്നും അദ്ദേഹം ഏഷ്യാനെറ്റിനോട് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. സ്വപ്ന സുരേഷിനെ ബുധനാഴ്ച്ച താന്‍ കാണാന്‍ പോയിരുന്നു. ഭീഷണിപ്പെടുത്തിയിട്ടില്ല. ആരുടെയും ഇടനിലക്കാരനായല്ല പോയത്. സരിത്തിനെ വിജിലന്‍സ് കസ്റ്റഡിയില്‍ എടുത്ത ശേഷം സ്വപ്ന തന്നെയാണ് സഹായം ആവശ്യപ്പെട്ട് വിളിച്ചത്. ശേഷമാണ് കാണാന്‍ പോയതെന്നും ഷാജി കിരണ്‍ വിശദീകരിച്ചു. 'ആര്‍ക്കും വേണ്ടിയല്ല താന്‍ സ്വപ്ന സുരേഷിനെ കാണാന്‍ പോയത്. ഒരു സഹായം വേണമെന്ന് അവര്‍ ഇങ്ങോട്ട് ആവശ്യപ്പെട്ടത് കൊണ്ടാണ്. നിയമപരമായി എല്ലാ സഹായങ്ങളും ചെയ്യാമെന്ന് മറുപടിയും നല്‍കി. ഹരജിയില്‍ പറഞ്ഞ കാര്യങ്ങളൊന്നും തന്റെ അജണ്ടയിലുള്ള കാര്യങ്ങളല്ല എന്നും ഷാജി കിരണ്‍ പറയുന്നു.
ഒരു സുഹൃത്ത് എന്ന നിലയില്‍ സ്വപ്ന സുരേഷിനെ പരിചയമുണ്ട്. കൊച്ചിയില്‍ എത്തുമ്പോള്‍ വിളിക്കാറുണ്ട്. സ്വപ്നയുടെ അമ്മയേയും മകനേയും സഹോദരനേയും അറിയാം. സ്വപ്നയുടെ സുഹൃത്തെന്ന നിലയില്‍ സരിത്തിനേയും അറിയാം.എനിക്ക് കേരളത്തിലെ ഒരു രാഷ്ട്രീയ നേതാക്കളുമായും ബന്ധമില്ല.അക്കൗണ്ടില്‍ ഒരു 32000 രൂപയുണ്ടെന്നതാണ് എന്റെ ആകെയുള്ള സമ്പാദ്യം. സരിത്തിനെ തട്ടികൊണ്ടുപോയെന്നും പറഞ്ഞ് സ്വപ്ന എന്നെ ഇന്നലെ വിളിച്ചിരുന്നു. അത് ഞാന്‍ പരിചയത്തിലുള്ള രണ്ട് മാധ്യമ പ്രവര്‍ത്തകരെ വിളിച്ചു പറഞ്ഞു. ശേഷം സ്വപ്ന പറഞ്ഞത് പ്രകാരം ഞാന്‍ പാലക്കാട്ടേക്ക് പോയി.
നേരത്തെ കെ.പി യോഹന്നാന് വേണ്ടി പി ആര്‍ വര്‍ക്ക് ചെയ്തിരുന്നു. അതിനപ്പുറത്തേക്ക് മറ്റ് ബന്ധമൊന്നുമില്ലെന്നും ഷാജി കിരണ്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ നല്‍കിയ രഹസ്യമൊഴി പിന്‍വലിക്കാന്‍ വേണ്ടി ഷാജി കിരണ്‍ എന്നയാള്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്ന ആരോപിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."