'ജിഹാദികള്‍, ഭീകരര്‍ തല്ലിക്കൊല്ലൂ' യു.പിയില്‍ ഭിക്ഷ യാചിച്ചെത്തിയ മുസ്ലിം സംഘത്തെ വളഞ്ഞിട്ട് അക്രമിച്ച് ഹിന്ദുത്വ ആള്‍ക്കൂട്ടം
ഗോണ്ട, ഉത്തര്‍പ്രദേശ്: ഭിക്ഷ യാചിച്ചെത്തിയ മുസ്ലിം സംഘത്തെ വളഞ്ഞിട്ട് അക്രമിച്ച് ഹിന്ദുത്വ ആള്‍ക്കൂട്ടം. ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
എന്‍.ഡി ടി.വിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. 'ഇവര്‍ ജിഹാദി തീവ്രവാദികളാണ്. തല്ലിക്കൊല്ലൂ' എന്ന് ആക്രോശിച്ച് വടികളുമായി ആള്‍ക്കൂട്ടം മൂന്നുപേരെയും വളയുന്നതും ദൃശ്യങ്ങളില്‍ കാണാം.
'അവര്‍ സാധുക്കളുടെ വസ്ത്രം ധരിക്കുന്നു. പക്ഷേ ഈ പണം കൊണ്ട് അവര്‍ ബിരിയാണി കഴിക്കും' മറ്റൊരാള്‍ പറയുന്നത് കേള്‍ക്കാം.
ഒരു യുവാവ് വലിയ വടിയുമായി ഭിക്ഷക്കെത്തിയ പുരുഷന്മാരെ ആക്രമിക്കുകയും അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടുകയും ചെയ്യുന്നതും കാണാം. അവന് അവരെ 'ജിഹാദികള്‍' എന്നും 'ഭീകരര്‍' എന്നും വിളിക്കുന്നതും വ്യക്തമാണ്.
'നിങ്ങളുടെ ആധാര്‍ ഞങ്ങളെ കാണിച്ചാല്‍ മതി. അല്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ ഇല്ലാതാക്കും. നിങ്ങളെല്ലാവരും തീവ്രവാദികളാണ്' യുവാവ് ആക്രോശിക്കുന്നു. പിന്നീടുള്ള സംഭവങ്ങള്‍ വ്യക്തമല്ല.
ബി.ജെ.പി നേതാവ് നൂപുര്‍ ശര്‍മയുടെ പ്രവാചക നിന്ദക്കെതിരെ രാജ്യാന്തര തലത്തില്‍ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. അക്രമികളില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."