സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുമോ ഇന്നറിയാം; ഇളവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയ ശേഷം മതിയെന്ന് വിദഗ്ധര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗത്തിലാകും തീരുമാനമുണ്ടാകുക.
ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും വിലയിരുത്തിയ ശേഷമാകും ലോക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചായിരിക്കും സര്‍ക്കാര്‍ തീരുമാനം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയാല്‍ മതിയെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ നിയന്ത്രണങ്ങള്‍ നീക്കിയാല്‍ രോഗബാധ കൂടുമെന്നാണ് മുന്നറിയിപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോള്‍ 15ല്‍ താഴെയാണ്. കഴിഞ്ഞ ദിവസം ഇത് 14 ആയിരുന്നു.
ജൂണ്‍ ഒമ്പത് (ബുധനാഴ്ച) വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍. കോവിഡ് രണ്ടാം തരംഗത്തില്‍ ടി.പി.ആര്‍ 30ല്‍ നിന്ന് 15ലേക്ക് വളരെ വേഗത്തില്‍ താഴ്‌ന്നെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടാവാതിരുന്നതോടെയാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കിയത്.
അതേസമയം, ലോക്ക്ഡൗണ്‍ സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കിയിരിക്കുകയാണ്. ഈസാഹചര്യം കൂടി സര്‍ക്കാര്‍ പരിഗണിക്കുമെന്നാണ് പ്രതീക്ഷ. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്ന നിര്‍ദേശം സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന 'മിനി ലോക്ക്ഡൗണ്‍' നടപ്പാക്കുകയെന്ന കാര്യവും ആലോചനയിലുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ ശക്തമായ ലോക്ക്ഡൗണ്‍ ഇനിയും തുടരാന്‍ സാധ്യതയില്ലെന്നും സൂചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."