HOME
DETAILS
MAL
താല്‍ക്കാലികക്കാര്‍ക്കും കലക്ഷന്‍ ഏജന്റുമാര്‍ക്കും ലോക്ക്ഡൗണ്കാല വേതനം
backup
June 07 2021 | 04:06 AM
ബാസിത് ഹസന്
തൊടുപുഴ: സഹകരണ സ്ഥാപനങ്ങളിലെ താല്‍ക്കാലികക്കാര്‍ക്കും കലക്ഷന്‍ ഏജന്റുമാര്‍ക്കും ലോക്ക്ഡൗണ്‍ കാല വേതനം ഉറപ്പാക്കി സര്‍ക്കാര്‍.
പതിനായിരക്കണക്കിനാളുകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സഹകരണ സംഘങ്ങളിലും ബാങ്കുകളിലും ദിവസ വേതനത്തിനും കരാര്‍ വ്യവസ്ഥയിലും ജോലി ചെയ്യുന്നവര്‍ക്കും കലക്ഷന്‍ ഏജന്റുമാര്‍ക്കും ലോക്ക്ഡൗണ്‍ കാലത്തെ വേതനം നല്‍കണമെന്ന് നിര്‍ദേശിച്ച് സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി നൂഹ് ഉത്തരവിട്ടു. ലോക്ക്ഡൗണ്‍ തുടങ്ങിയ മെയ് മാസവും ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന തുടര്‍ കാലയളവിലേക്കും അതത് മാസത്തെ പ്രവര്‍ത്തി ദിവസം കണക്കാക്കി നിലവില്‍ നല്‍കിവരുന്ന വേതനം ഉറപ്പുവരുത്തണം. പ്രതിമാസം നിശ്ചിത തുക നിജപ്പെടുത്തിയിട്ടുള്ള താല്‍ക്കാലിക ജീവനക്കാര്‍ക്ക് ആ തുകയും ഉറപ്പുവരുത്തണം. സഹകരണ സംഘങ്ങളിലെയും ബാങ്കുകളിലെയും കലക്ഷന്‍ ഏജന്റുമാര്‍ക്ക് ഈ കാലയളവില്‍ കമ്മിഷന് നല്‍കാനുള്ള നടപടി അതത് സംഘം ഭരണസമിതികള്‍ കൈക്കൊളളണം. വേതനം കണക്കാക്കുമ്പോള്‍ മെയ് മാസത്തെ യഥാര്‍ഥ കമ്മിഷന് തുക പതിനായിരം രൂപയില്‍ കൂടുതലാണെങ്കില്‍ ആ തുകയും പതിനായിരത്തില്‍ കുറവാണെങ്കില്‍ കഴിഞ്ഞ മൂന്നുമാസങ്ങളിലെ ശരാശരി കണക്കാക്കിയുമാണ് തുക നല്‍കേണ്ടത്. പതിനായിരത്തില്‍ അധികരിക്കരുത്. കലക്ഷന്‍ ഏജന്റുമാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങള്‍ ഈ ആനുകൂല്യം മുടക്കം വരാതെ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്.
കലക്ഷന്‍ തുകയുടെ 3 ശതമാനമാണ് നിലവില്‍ ഏജന്റുമാരുടെ കമ്മിഷന്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ സഹകരണ സ്ഥാപനങ്ങളില്‍ ഏജന്റുമാര്‍ മുഖേനയുള്ള കലക്ഷന്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."