പോരാട്ടത്തിന്റെ ബലൂചിയന്‍ കഥ
രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചെയ്ത സ്വാതന്ത്ര്യദിന പ്രസംഗം ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. സാധാരണഗതിയില്‍ സ്വാതന്ത്ര്യദിനത്തില്‍ നടത്താറുളള ഗീര്‍വാണ പ്രസംഗങ്ങളുടെ ഒരു പരിപ്രേക്ഷ്യമായി ഇത്തവണത്തേതുമെന്ന് കരുതാവുന്നതേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ബോധപൂര്‍വമെന്നു പറയാന്‍ കഴിയുന്ന തരത്തില്‍ മോദി തന്റെ പ്രസംഗത്തില്‍ ചില കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു. അയല്‍ രാജ്യവുമായി അസ്വാരസ്യങ്ങള്‍ തുടരുന്നതിനിടെ വന്ന സ്വാതന്ത്ര്യദിനവും ചെങ്കോട്ട പ്രസംഗവും അതു കൊണ്ടുതന്നെ ഏവരും ശ്രദ്ധയോടെയാണ് വീക്ഷിച്ചതും ചര്‍ച്ച ചെയ്തതും. തന്റെ മുന്‍ഗാമികളായ പ്രധാനമന്ത്രിമാരില്‍ നിന്നും വ്യത്യസ്തനായി മോദി അയല്‍രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെടുകയായിരുന്നു. പ്രത്യേകിച്ചും കശ്മിര്‍ കത്തിനില്‍ക്കുന്ന കാലത്തെ മോദിയുടെ ബലൂചിസ്താന്‍ സംബന്ധിയായ പരാമര്‍ശങ്ങള്‍ കരുതിക്കൂട്ടിത്തന്നെയായിരുന്നു. ബലൂചിസ്താനിലെ സ്വാതന്ത്ര്യപോരാട്ടങ്ങളെ അനുകൂലിച്ച മോദി അവിടുത്തെ പ്രക്ഷോഭത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും വ്യക്തമാക്കി. ബലൂചിലെയും ഗില്‍ഗിത്തിലെയും പാക് അധീന കശ്മിരിലെയും ജനങ്ങള്‍ തന്നെ അംഗീകരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തുവെന്നും മോദി വ്യക്തമാക്കി. മോദിയുടെ പ്രസംഗത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളും പ്രതിവാദങ്ങളും വന്നുകൊണ്ടിരിക്കുന്നു. മോദി തങ്ങളുടെ സഹോദരനാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബലൂച് വിദ്യാര്‍ഥി സംഘടന (ആസാദ്) ന്റെ ചെയര്‍ പേഴ്‌സണ്‍ കരീമ ബലൂച് കഴിഞ്ഞ ദിവസം സന്ദേശമയച്ചിരിക്കുന്നു. മോദിയുടെ ചെങ്കോട്ട പ്രസംഗം പാകിസ്താനെ പ്രകോപിപ്പിച്ചതായാണ് അവിടെ നിന്നുള്ള ബഹിര്‍സ്ഫുരണങ്ങള്‍ സൂചിപ്പിക്കുന്നത്.
ആരാണ് ബലൂചികള്‍
പാകിസ്താന്റെ തെക്കുപടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രവിശ്യയാണ് ബലൂചിസ്താന്‍. ഇറാനും അഫ്ഗാനിസ്ഥാനും അതിര്‍ത്തിയിടുന്ന ഭൂവിഭാഗം. പാകിസ്താനിലെ ബലൂചി, പഞ്ചാബി, പഷ്തൂണ്‍, സിന്ധി പ്രവിശ്യകളില്‍ ഏറ്റവും വലുതാണ് ബലൂചിസ്താന്‍. രാജ്യത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ 44%വും ബലൂചിസ്താന്റെ സംഭാവനയാണെങ്കിലും ജനസംഖ്യയുടെ 5% മാത്രമാണ് ഇവിടെ വസിക്കുന്നത്. പ്രകൃതിവിഭവങ്ങള്‍കൊണ്ടു താരതമ്യേന സമ്പന്നം. എന്നാല്‍ ജനവാസം കുറവുമുള്ള പാകിസ്താന്റെ ദരിദ്രമേഖലയാണ് ബലൂച്. ഗോത്രജീവിതത്തിന്റെ പൗരാണികത ഇന്നും കാത്തുപോരുന്ന ബലൂച് സമൂഹം പാകിസ്താന്റെ മറ്റ് പ്രവിശ്യകളില്‍ നിന്നും വ്യത്യസ്തമായ സ്‌നേഹ സൗഹാര്‍ദങ്ങളോടെ കഴിഞ്ഞുവരുന്നവരാണ്. മുസ്‌ലിം സമൂഹത്തിന്റെ ജീവിതലാളിത്യവും ആതിഥ്യസ്‌നേഹവുമെല്ലാം കാത്തു സൂക്ഷിക്കുന്ന ഇവരിലെ പ്രമുഖ ഗോത്രങ്ങളാണ് ബലൂച്, പഷ്തൂണ്‍, ബ്രാവി തുടങ്ങിയവ. ബലൂചികള്‍ പിന്നെയും നിരവധി ഗോത്രങ്ങളായി പിരിഞ്ഞിട്ടുണ്ട്. രിന്ത്, ലാസ്ഹര്‍, മര്‍റി, ജാമോത്ത്, അഹമദ്‌സായ്, കോസ അങ്ങിനെ നീണ്ടുപോകുന്നു ഗോത്രങ്ങളുടെ പേരുകള്‍. ബലൂചി, പഷ്ത്തു, ബ്രാവി എന്നിവയാണ് പ്രധാന സംസാരഭാഷകള്‍.
ബലൂച് രാജ്യം
ശിലായുഗത്തോളം പുരാതനമായൊരു പാരമ്പര്യമുള്ള ബലൂചിസ്താന്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. പില്‍ക്കാലത്ത് മുഗള്‍ രാജാവ് അക്ബറിന്റെ സാമ്രാജ്യഭാഗവുമായി. 1666 മുതല്‍ 1955 വരെ നിലനിന്നിരുന്ന ഒരു ഭരണത്തുടര്‍ച്ച ഖാനീത് ഓഫ് ഖലാത്ത് എന്ന പേരില്‍ ഇവിടെ നിലകൊണ്ടു. മീര്‍ അഹ്മദ് ഖാന്‍ ഖംബ്രാനി ബലൂചാണ് ഖാനീത് ഓഫ് ഖലാത്തിന്റെ സ്ഥാപകന്‍. 1758 ലെ നസീര്‍ഖാന്‍ നൂറി അഹ് മദ് സായ് ബലൂചിയുടെ കാലത്താണ് ഖാന്‍ ഓഫ് ഖാലാത്ത് ഏറ്റവും ശക്തമായത്. ഇദ്ദേഹം 1839 വരെ ഭരിച്ചു.
ബ്രിട്ടിഷ് ഭരണവും ശേഷവും
ബലൂചിസ്താന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൊണ്ടു തന്നെ ആ പ്രദേശം തങ്ങളുടെ കൈകളിലാക്കാന്‍ ബ്രിട്ടിഷുകാര്‍ ഏറെ താത്പര്യം കാണിച്ചു. 1839ല്‍ അവര്‍ രാജ്യം കീഴടക്കി. ബ്രിട്ടിഷ് ഭരണ കാലത്ത് മക്രാന്‍, ലാസ് ബെല്ല, ഖരാന്‍, ഖാന്‍ ഓഫ് ഖലാത്ത് എന്നീ പ്രവിശ്യകളാണുണ്ടായിരുന്നത്. സ്വാതന്ത്ര്യത്തിനു ശേഷം മക്രാന്‍, ലാസ് ബെല്ല, ഖരാന്‍ എന്നീ മൂന്നു പ്രവിശ്യകള്‍ സ്വമേധയാ പാകിസ്താനില്‍ ചേര്‍ന്നു. ഖാന്‍ ഓഫ് ഖാലാത്ത് സ്വതന്ത്രമായി നിലകൊള്ളാന്‍ തീരുമാനിക്കുകയായിരുന്നു. സ്വാതന്ത്ര്യം ഇന്ത്യാ പാക് വിഭജനത്തില്‍ കലാശിക്കുകയും ജിന്ന പാകിസ്താന്റെ നേതാവാകുകയും ചെയ്തു. ബ്രിട്ടിഷ് പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്‌ലി നാട്ടുരാജ്യങ്ങള്‍ക്ക് സ്വതന്ത്രമായി നില്‍ക്കാനുള്ള സൗകര്യം നല്‍കിയപ്പോള്‍ ഇന്ത്യയിലും പാകിസ്താനിലും ചില നാട്ടുരാജ്യങ്ങള്‍ ആ അവകാശം ഉയര്‍ത്തിപ്പിടിച്ചു. ഖാന്‍ ഓഫ് ഖലാത്തിന്റെ അധിപന്‍ അഹ്മദ് യാര്‍ഖാനോട് പാകിസ്താനില്‍ ചേരാന്‍ ജിന്ന ആവശ്യപ്പെട്ടു. 1948 ഏപ്രിലില്‍ സൈനിക നീക്കവുമുണ്ടായി. യാര്‍ഖാന്‍ പാക് സര്‍ക്കാരുമായി ഉടമ്പടിക്ക് തയാറായെങ്കിലും അദ്ദേഹത്തിന്റെ സഹോദരന്‍മാര്‍ അതിനു തയാറായില്ല. 1955 വരെ യാര്‍ഖാന് പദവിയില്‍ തുടരാനായെങ്കിലും പിന്നീടങ്ങോട്ട് പാകിസ്താനുമായുള്ള നിരന്തര സംഘര്‍ഷങ്ങളുടെ കഥയാണ് ബലൂചിസ്താനു പറയാനുളളത്.
ബലൂച് വിമോചനവാദം
1958-59 കാലത്ത് നവാബ് നൗറോസ് ഖാന്റെ നേതൃത്വത്തില്‍ പാകിസ്താനെതിരേ ഗറില്ലായുദ്ധം നടന്നു. അദ്ദേഹത്തിന്റെ മക്കളുള്‍പ്പെടെ 5 പേരെ പാക് സൈന്യം തൂക്കിലേറ്റി. നവാബ് പിന്നീട് തടവില്‍ മരിച്ചു. 1963-69 കാലത്താണ് വീണ്ടും ബലൂച് സംഘര്‍ഷം ഉണ്ടാവുന്നത്. വിഘടനവാദം ചെറുക്കാന്‍ പാക് സര്‍ക്കാര്‍ ഇവിടെ സൈനികകേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമമാണ് ഇക്കാലത്ത് നടത്തിയത്. എന്നാല്‍ മര്‍റിക്കു തെക്കുള്ള മെന്‍ഗാള്‍ ഗോത്ര മേഖലയിലും വടക്കുള്ള ബുഗ്തിയിലും ഗറില്ലാ ഗ്രൂപ്പുകള്‍ 72,000 കിലോമീറ്റര്‍ വിസ്തൃതിയില്‍ ശക്തമായ പ്രവര്‍ത്തനത്തിലായിരുന്നു. ഇവിടെ നിന്നും ശേഖരിക്കുന്ന നികുതിയുള്‍പ്പെടെയുള്ള വരുമാനം തങ്ങള്‍ക്കു തന്നെ നല്‍കണമെന്നായിരുന്നു പ്രക്ഷോഭകരുടെ ഒരാവശ്യം. ഇവര്‍ റെയില്‍വെസ്‌റ്റേഷനുകള്‍ക്കും മറ്റും ബോംബിട്ടു. സൈന്യം തിരിച്ചടിച്ചു. 1969ല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അങ്ങിനെ യഹ്‌യാഖാന്റെ സമയത്ത് ബലൂചിസ്താന്‍ പാകിസ്താന്റെ നാലാം പ്രവിശ്യയായി അംഗീകരിക്കപ്പെട്ടു.
1973-77 കാലത്താണ് നാലാം സംഘര്‍ഷം. പാക് പ്രസിഡന്റ് ബൂട്ടോ ബലൂച് പ്രവിശ്യാ സര്‍ക്കാരിനെ പിരിച്ചു വിട്ട് പട്ടാള നിയമം ഏര്‍പ്പെടുത്തിയതോടെയാണ് ഖൈര്‍ ബക്ഷ് മര്‍റി ബലൂചിസ്താന്‍ വിമോചന സേനയുണ്ടാക്കിയത്. ഈ പോരാട്ടത്തില്‍ 7300 നും 9000 നുമിടയില്‍ ബലൂചി പോരാളികള്‍ കൊല്ലപ്പെട്ടു. 300-400 പാക് പട്ടാളക്കാരും. 1973ല്‍ ഇറാന്റെ സഹായത്തോടെയാണ് പാകിസ്താന്‍ ഇവിടെ സൈനിക നടപടി ആരംഭിച്ചത്.
വിമോചനവാദം ശക്തിപ്പെടുന്നു
1990കളിലും രണ്ടായിരത്തിലും വിമോചന വാദികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെട്ടു. പാക് സര്‍ക്കാര്‍ ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങളെയെല്ലാം അടിച്ചമര്‍ത്തുകയാണെന്നാണ് ബലൂചികളുടെ വാദം. 2003-12 കാലത്ത് ഇവിടെ 8000 ആളുകളെ പാക് സൈന്യം തട്ടിക്കൊണ്ടു പോയിട്ടുണ്ട്. ലഷ്‌കറെ ബലൂചിസ്താന്‍ എന്ന പേരില്‍ ഒരു തീവ്രവാദ സംഘടനയും 2012 ഓടെ രംഗത്തു വന്നു. ഇവര്‍ ബലൂചിസ്താന്റെ മോചനത്തിനായി തീവ്രമാര്‍ഗം സ്വീകരിക്കുകയും ലാഹോറിലും കറാച്ചിയിലും ക്വറ്റയിലും ബോംബ്‌സ്‌ഫോടനങ്ങളും മറ്റും നടത്തുകയും ചെയ്തു. ബലൂചിസ്താനിലെ വരേണ്യവര്‍ഗം സര്‍വ ആഡംബരത്തോടും കഴിയുമ്പോള്‍ സാധാരണക്കാര്‍ ഏറെ പ്രയാസത്തിലാണ് ജീവിക്കുന്നതെന്നതും ഇവിടെ വിഘടനവാദം ശക്തമാക്കി. ഇന്ത്യ, ഇറാഖ്,ഇസ്രാഈല്‍, റഷ്യ, യു എസ് തുടങ്ങിയ രാജ്യങ്ങളെയെല്ലാ ബലൂച് വിഷയത്തില്‍ പാകിസ്താന്‍ വലിച്ചിഴച്ചു. 2016 മാര്‍ച്ച് 29ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ചാരന്‍ കല്‍ഭുഷണ്‍ യാദവിനെ തങ്ങള്‍ അരസ്റ്റുചെയ്തുവെന്ന് പാകിസ്താന്‍ അറിയിച്ചു. ബലൂചിസ്താനില്‍ ഭീകരവാദം വളര്‍ത്താനെത്തിയതാണ് മുന്‍ നാവിക ഉദ്യോഗസ്ഥനായ ഇയാളെന്നും പാക് ആരോപിച്ചു. ബലൂച് വിമതര്‍ക്ക് ആയുധ സഹായം നല്‍കുന്നുവെന്ന് ആരോപിച്ച് ഇസ് ലാമാബാദിലുള്ള ഇറാഖ് എംബസിയില്‍ പാക് സൈന്യം റെയ്ഡ് നടത്തി. ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദിന്റെ സഹായവും ഇവര്‍ക്കു ലഭിക്കുന്നുവെന്ന വെളിപ്പെടുത്തലുണ്ടായി.
ബലൂചിസ്താനില്‍ പാകിസ്താന്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ നിരവധി തവണ ചര്‍ച്ചയായിട്ടുണ്ട്. പീഡനങ്ങള്‍, തട്ടിക്കൊണ്ടു പോകലുകള്‍, കൊന്നു കുഴിച്ചുമൂടല്‍ തുടങ്ങി നിരവധി ആരോപണങ്ങള്‍ പാക് പട്ടാളത്തിനും അവരെ പിന്തുണയ്ക്കുന്ന വിഭാഗത്തിനുമെതിരില്‍ ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ആളുകള്‍ അപ്രത്യക്ഷമായതുമായി ബന്ധപ്പെട്ട് അയ്യായിരത്തോളം കേസുകള്‍ പാക് കോടതികളില്‍ തന്നെയുണ്ട്. ഇവര്‍ക്ക് നീതി നല്‍കാന്‍ പാക് സുപ്രിം കോടതിതന്നെ നിരവധി തവണ ഇടപെട്ടിട്ടുണ്ട്. ബലൂചിസ്താന്റെ വികസനമാണ് വിഘടനവാദത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗമെന്ന് ചില പാക് ഭരണാധികാരികള്‍ക്കെങ്കിലും തോന്നാതിരുന്നിട്ടില്ല. എങ്കിലും അവയൊന്നും ഒരിക്കലും പ്രാവര്‍ത്തികമായില്ലെന്നതാണ് സത്യം. ഗോത്രവര്‍ഗങ്ങളുടെ പ്രവിശാലമായ ഈ ഭൂമിയില്‍ സമാധാനവും ശാന്തിയും ഉണ്ടാകാന്‍ രാഷ്ട്രീയക്കാര്‍ക്ക് താത്പര്യം കാണില്ലെങ്കിലും അധ്വാനശീലരും സാധാരണക്കാരുമായ ബലൂചിസഹസ്രങ്ങള്‍ നല്ലൊരു നാളെ കിനാവുകാണുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."