ഡബിള്‍ ഛേത്രി
ദോഹ: 2022 ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യ. ഇന്നലെ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് യോഗ്യത റൗണ്ടിലെ ആദ്യ ജയം ഇന്ത്യ സ്വന്തമാക്കിയത്.
കൂടുതല്‍ സമയത്തും പന്ത് കൈവശം വെച്ച് കളിച്ച ഇന്ത്യയുടെ മുന്നേറ്റങ്ങളെ ബംഗ്ലാദേശ് പ്രതിരോധം ശക്തമായി നേരിടുകയായിരുന്നു. കൂടുതല്‍ ഗോളവസരങ്ങള്‍ ഇന്ത്യക്ക് ലഭിച്ചെങ്കിലും അവസരം മുതലെടുക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. അറ്റാക്കിങ് ലൈനപ്പുമായി ഇറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. കളിയിലെ ആദ്യ പകുതിയില്‍ ചിംഗ്ലന്സനയ്ക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും അവസരം മുതലെടുക്കാന്‍ കഴിഞ്ഞില്ല. ബംഗ്ലാദേശ് പോസ്റ്റിലേക്ക് ഇന്ത്യന്‍ താരങ്ങള്‍ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ ശ്രമങ്ങള്‍ ഓരോന്നായി പാഴായി. ഇതോടെ ആദ്യ പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. രണ്ട@ാം പകുതിയില്‍ ആഷിഖ് കുരുണിയനെയും യാസിറിനെയും ലിസ്റ്റണെയും സ്റ്റിമാച്ച് കളത്തിലിറക്കി. ഇതോടെ ഇന്ത്യന്‍ മുന്നേറ്റത്തിന് വീണ്ടും ശക്തികൂടി.
79ാം മിനുട്ടിലായിരുന്നു ഇന്ത്യയുടെ ആദ്യ ഗോള്‍ പിറന്നത്. ഇടതു വിങ്ങില്‍ നിന്ന് മലയാളി താരം ആഷിഖ് കുരുണിയന് നല്കിയ ക്രോസ് ഹെഡറിലൂടെ ഛേത്രി വലയില്‍ എത്തിച്ച് ലീഡ് സ്വന്തമാക്കുകയായിരുന്നു. ഛേത്രിയുടെ ഇന്ത്യക്കായുള്ള 73ാം ഗോളായിരുന്നു ഇത്. മത്സരത്തിന്റെ അവസാന മിനുട്ടില്‍ ഛേത്രി രണ്ടാം ഗോളും സ്വന്തമാക്കി ഇന്ത്യയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇതോടെ കരിയറിലെ 74ാം ഗോളും സ്വന്തമാക്കാന്‍ ഛേത്രിക്ക് കഴിഞ്ഞു. ജയത്തോടെ ഇന്ത്യ ആറു പോയിന്റുമായി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തെത്തി. അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തുകയാണെങ്കില്‍ ഇന്ത്യക്ക് ഏഷ്യന്‍ കപ്പ് യോഗ്യത സ്വന്തമാക്കാന്‍ കഴിയും. ഈ മാസം 15നാണ് അഫ്ഗാനിസ്ഥാനെതിരേയുള്ള മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."