ഇരുചക്ര വാഹനത്തില്‍ കുട്ടികളോടൊപ്പം യാത്ര: പിഴ ഒഴിവാകാന്‍ സാധ്യത
ഇരുചക്ര വാഹനത്തില്‍ കുട്ടികളോടൊപ്പം യാത്ര
തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ കുട്ടികളുമായുള്ള യാത്രക്ക് പിഴ ചുമത്തുന്നത് ഒഴിവാകാന്‍ സാധ്യത. നിയമത്തില്‍ ഭേദഗതിയോ ഇളവോ കേന്ദ്ര ഗതാഗത മന്ത്രാലയത്തോട് കേരളം ആവശ്യപ്പെടും. കുട്ടികള്‍ക്ക് പ്രായപരിധി നിശ്ചയിക്കാനാണ് സാധ്യത. 12 വയസ്സായിരിക്കും പരിധി നിശ്ചയിക്കുക. അതേ സമയം, 12 വയസ്സുകാരെ എ.ഐ കാമറ എങ്ങനെ മനസ്സിലാക്കും എന്നത് ചോദ്യചിഹ്നമാണ്. പൂര്‍ണാര്‍ത്ഥത്തില്‍ ഫലപ്രദമല്ലെങ്കിലും നിയമത്തില്‍ ഇളവ് വന്നാല്‍ സാധാരണക്കാര്‍ക്ക് അത് ഒരു ആശ്വാസം തന്നെ ആയിരിക്കും. നിയമം പരിഷ്‌കരിച്ചത് കേന്ദ്രസര്‍ക്കാരാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ഭേദഗതിയോ, ഇളവോ നല്‍കാന്‍ അധികാരമില്ലെന്നുമാണ് കേരള സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചതിന് പിന്നാലെ പല ഗതാഗത നിയമങ്ങളും കര്‍ശനമാക്കിയിരിക്കുന്നു. ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്നയാള്‍ക്കൊപ്പം യാത്രചെയ്യാന്‍ അനുമതിയുള്ളത് ഒരു കുട്ടിക്കുമാത്രം എന്നതായിരുന്നു അതില്‍ ഏറെ പ്രതിഷേധത്തിനിടയാക്കിയ തീരുമാനം. നാലുവയസ്സിനുമുകളിലുള്ള കുട്ടികളെ പൂര്‍ണയാത്രികരായി പരിഗണിക്കുമെന്നാണ് . കേന്ദ്രമോട്ടോര്‍ വാഹനനിയമത്തിലെ സെക്ഷന്‍ 129ല്‍ പരാമര്‍ശിക്കുന്നത്. ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്നും ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കുട്ടികളുള്ള സാധാരണക്കാര്‍ എങ്ങനെ യാത്രചെയ്യുമെന്നതായിരുന്നു ഇതില്‍ പ്രധാനം. കാമറയില്‍ പെടാതിരിക്കാന്‍ കുട്ടികളെ ചാക്കില്‍ കെട്ടി വണ്ടിയില്‍ കൊണ്ടു പോവുന്നത് വരെ എത്തി കാര്യങ്ങള്‍.
ഒമ്പതുമാസത്തിനും നാലുവയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ ഇരുചക്രവാഹനത്തില്‍ കൊണ്ടുപോകുന്നുണ്ടെങ്കില്‍ കുട്ടിയെ ഡ്രൈവറുടെ ശരീരവുമായി 30 കിലോഗ്രാം ഭാരം വഹിക്കാന്‍ കഴിയുന്ന സേഫ്റ്റി ഹാര്‍നസ്സ് (ബെല്‍റ്റ്) കൊണ്ട് ബന്ധിപ്പിച്ചിരിക്കണമെന്നും നിയമാവലിയില്‍ പറയുന്നു. കുട്ടികള്‍ ക്രാഷ് ഹെല്‍മെറ്റ് (ബൈസിക്കിള്‍ ഹെല്‍മെറ്റ്) ഉപയോഗിക്കണം.നാലു വയസ്സുവരെ പ്രായമായ കുട്ടികളുമായി പോകുമ്പോള്‍ വേഗം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടാന്‍ പാടില്ല. ഫെബ്രുവരി മുതലാണ് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 138(7)ലെ ഭേദഗതി നടപ്പായത്.
അതേസമയം, കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാണെങ്കിലും സംസ്ഥാനത്ത് പിഴചുമത്തിത്തുടങ്ങിയിട്ടില്ല. എന്നാല്‍, ഇത്തരമൊരു ഇളവുള്ള കാര്യം പരസ്യമായി സമ്മതിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍വേണ്ടി നിയോഗിക്കപ്പെട്ട സുപ്രിം കോടതി സമിതിയുടെ കര്‍ശനനിരീക്ഷണത്തിലാണ് കേരളം. വാഹനാപകടങ്ങള്‍ കൂടുന്നതിനുപിന്നില്‍ നിയമം നടപ്പാക്കുന്നതിലെ വീഴ്ചയാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇളവ് പരസ്യമായി പ്രഖ്യാപിച്ചാല്‍ മന്ത്രിയും ഉദ്യോഗസ്ഥരും കുടുങ്ങും.
childeren above 4 year consider as fully passenger
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."