കാനഡയില്‍ മുസ്ലിം കുടുംബത്തെ ട്രക്കിടിച്ച് കൊലപ്പെടുത്തി, മനഃപൂര്‍വമെന്ന് പൊലിസ്; പിന്നില്‍ ഇസ്ലാംവിരോധം
ഒട്ടാവ: കാനഡയില്‍ പിക്കപ്പ് ട്രക്കിടിച്ച് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി. ഒന്റാരിയോയിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ലണ്ടനില്‍ ഞായറാഴ്ച വൈകിട്ടായിരുന്നു കൊലപാതകം. സംഭവത്തില്‍ നതാനിയല്‍ വെല്റ്റ്മാന് (20) എന്ന യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരേ ഒന്നാം ഡിഗ്രി കൊലക്കുറ്റവും വധോദ്യമക്കുറ്റവും ചുമത്തിയിട്ടുണ്ട്.
കൊലപാതകം ആസൂത്രിതമാണെന്ന് പൊലിസ് വെളിപ്പെടുത്തി. മുസ്ലിംവിരോധമാണ് യുവാവിനെ ക്രൂരതയ്ക്കു പ്രേരിപ്പിച്ചതെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് പോള്‍ വൈറ്റ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഇടിയുടെ ആഘാതം ഏല്‍ക്കാതിരിക്കാന്‍ പ്രതി സംരക്ഷണകവചം ധരിച്ചിരുന്നതായി പൊലിസ് പറയുന്നു. കുടുംബം എല്ലാ ദിവസവും വീടിനു പുറത്തിറങ്ങുന്ന സമയം വ്യക്തമായി മനസിലാക്കിയ ശേഷമാണ് പ്രതി ആക്രമണം നടത്തിയത്. കുട്ടികളുമായി അവര്‍ റോഡരികിലൂടെ നടന്നുപോകുമ്പോള്‍ അമിതവേഗതയിലെത്തിയ ട്രക്ക് ഇടിച്ചുകയറ്റുകയായിരുന്നു. രണ്ട് സ്ത്രീകളും 46കാരനും 15 വയസുള്ള ഒരു പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഒന്‍പതു വയസുള്ള കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.
ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ ഞങ്ങള്‍ നിങ്ങളുടെ കൂടെയാണെന്ന് മുസ്ലിം സമൂഹത്തോട് പറഞ്ഞു. ഇസ്ലാം വിദ്വേഷത്തിനു രാജ്യത്ത് സ്ഥാനമില്ലെന്നും ഇത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."