തമാശയല്ല സ്വപ്നയുടെ മൊഴി
swapnaഅഡ്വ. ടി. ആസഫ് അലി
സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ മൊഴി കേരള സർക്കാരിനെയും അതിന്റെ തലവൻ മുഖ്യമന്ത്രി പിണറായി വിജയനെയും അക്ഷരാർഥത്തിൽ കുഴക്കിയിരിക്കയാണ്. ഇനിയും പൂർണമായി പുറത്തുവരാത്ത മൊഴിയിലെ ഉള്ളടക്കത്തെക്കുറിച്ച് ഏറ്റവും കൂടുതൽ വേവലാതിപ്പെടുന്നത് സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയുമാണെന്നതിന്റെ തെളിവാണ് മൊഴി നൽകിയെന്ന വാർത്ത പുറത്തുവന്നതിനുശേഷം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ചില അസ്വാഭാവിക നടപടികൾ.
മൊഴി നൽകിയതിനുശേഷം മുൻമന്ത്രി കെ.ടി ജലീൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലിസ് സ്റ്റേഷനിൽ നൽകിയ പരാതിയിന്മേൽ പൊലിസ് സ്വപ്നക്കും സരിത്തിനുമെതിരേ ഇന്ത്യൻ പീനൽ കോഡ് 153 (ലഹളയുണ്ടാക്കാനുതകുന്ന പ്രവൃത്തി ചെയ്യുക) 123 ബി (കുറ്റകരമായ ഗൂഢാലോചന) എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തതാണ് ഏറെ വിചിത്രം. മാത്രമല്ല ആ കേസന്വേഷിക്കുവാൻ ഉന്നത റാങ്കിലുള്ള പൊലിസുദ്യോഗസ്ഥർ അടങ്ങിയ ഒരു സ്‌പെഷൽ ടീമിനെ നിയമിച്ച നടപടിയും അതിവിചിത്രമായിരുന്നു പൊലിസിന് വാക്കാലോ രേഖാമൂലമോ നൽകുന്ന പരാതിയിൽ കൊഗ്‌നൈസബിൾ ഗണത്തതിൽപ്പെടുന്ന അതായത് വാറൻഡില്ലാതെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്ന കുറ്റം അടങ്ങിയെങ്കിൽ മാത്രമേ പൊലിസിന് കേസ് രജിസ്റ്റർ ചെയ്യാൻ നിയമപരമായ അധികാരമുള്ളൂ. ഐ.പി.സി 153ാം വകുപ്പനുസരിച്ചുള്ള കുറ്റമെന്നാൽ ലഹളയുണ്ടാക്കണമെന്ന ലക്ഷ്യത്തോടുകൂടി പ്രകോപനപരമായ എന്തെങ്കിലും പ്രവൃത്തി ചെയ്യുകയെന്നതാണ്. ഉള്ളടക്കം വെളിപ്പെടുത്താതെ മൊഴി നൽകിയെന്നും ബിരിയാണി ചെമ്പിൽ കോൺസുലേറ്റ് ജനറലിന്റെ വീട്ടിൽനിന്ന് അമിത കനമുള്ള സാധനങ്ങൾ ക്ലിഫ് ഹൗസിൽ കൊണ്ടുപോയിയെന്നും പറയുന്നതെങ്ങനെയാണ് ലഹളയുണ്ടാക്കാനിടയാവുന്ന പ്രവൃത്തിയായി മാറുക. മലയാളിയുടെ സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന നഗ്നമായ അധികാര ദുർവിനിയോഗമാണ് സ്വപ്നക്കെതിരേയുള്ള കേസും അന്വേഷണത്തിനായുള്ള സ്‌പെഷൽ ടീം രൂപീകരണവുമെന്നേ പറയാനൊക്കൂ.
സ്വപ്ന നൽകിയ മൊഴിയിലെ ഉള്ളടക്കം അറിയാവുന്ന മുഖ്യമന്ത്രിയോ സർക്കാരിലെ ഉന്നതരോ ഭരണതലത്തിലെ ആരും തന്നെയും അത് കളവാണെന്ന് പറഞ്ഞിട്ടില്ല. മൊഴി മാധ്യമങ്ങൾക്കല്ല നൽകിയത്. പൊതുയോഗത്തിലെ പ്രസംഗവുമല്ല. ക്രിമിനൽ നടപടി സംഹിത 164(5)ാം വകുപ്പനുസരിച്ചു ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകുന്ന മൊഴി ഒരു തമാശയല്ല. 1969ലെ ഓത്ത് ആക്ട് അനുസരിച്ച് ശപഥം ചെയ്തതിനുശേഷം മാത്രം നൽകുന്ന സത്യപ്രസ്താവനയാണ്. അതിൽ ഏതെങ്കിലും വിധത്തിലുള്ള കള്ളമൊഴിയാണെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞാൽ ഇന്ത്യൻ പീനൽകോഡ് അനുസരിച്ച് ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന അതീവ ഗുരുതര കുറ്റമാണ്.
ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ മുമ്പാകെ ബോധിപ്പിക്കുന്ന മൊഴി മുഴുവനും സത്യമാണെന്നും സത്യമല്ലാത്ത ഒന്നും പറയുകയില്ലെന്നും ശപഥം ചെയ്തു നൽകുന്ന മൊഴി കളവാണെങ്കിൽ സ്വപ്നക്കെതിരേ നടപടി ആവശ്യപ്പെട്ട് ക്രിമിനൽ നടപടി സംഹിത 340(1) വകുപ്പനുസരിച്ച് ആർക്കു വേണമെങ്കിൽ മൊഴി രേഖപ്പെടുത്തിയ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ പരാതി ബോധിപ്പിക്കാവുന്നതാണ്. അപ്രകാരം ബോധിപ്പിക്കപ്പെടുന്ന പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടാൽ മജിസ്‌ട്രേറ്റ് തന്നെ പരാതിക്കാരനായി കോടതിയുടെ മുഖ്യ ഉദ്യോഗസ്ഥൻ വഴി മറ്റൊരു മജിസ്‌ട്രേറ്റ് കോടതിയിൽ പരാതി ബോധിപ്പിച്ച് കള്ളമൊഴി നൽകിയ വ്യക്തിക്കെതിരേ പ്രോസിക്യൂഷൻ നടപടികൾ കൈകൊള്ളുകയെന്നതാണ് നിയമവ്യവസ്ഥ. സ്വപ്നയുടേത് കള്ളമൊഴിയാണെങ്കിൽ അവർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ സർക്കാർ ഭയപ്പെടുന്നത് എന്തുകൊണ്ട്? മൊഴി കള്ളമാണെന്ന് മുഖ്യമന്ത്രി എന്തുകൊണ്ട് തുറന്നു പറയുന്നില്ല?
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരേ രാജ്യദ്രോഹക്കുറ്റമുൾപ്പെടെ അതീവ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് മൊഴി നൽകിയ സ്ത്രീ മൊഴിയുടെ പൂർണ ഉത്തരവാദിത്വം ആവർത്തിച്ച് ഏറ്റെടുക്കുമ്പോഴും മൊഴിയുടെ സത്യാവസ്ഥ ചോദ്യം ചെയ്തു കളവാണെന്നോ പരപ്രേരിതമായതാണെന്നോ കോടതിയിൽ പറഞ്ഞു നടപടി കൈക്കൊള്ളാതെ, നിയമപരമായി നിലനിൽക്കാത്ത കേസ് രജിസ്റ്റർ ചെയ്ത് പൊലിസ് വിഡ്ഢിവേഷം കെട്ടുന്നതിലെ പരിഹാസ്യതയാണ് കേരളീയ സമൂഹത്തിൽ പിണറായി വിജയന്റെ നടപടിയിൽ ദുരൂഹതയും സംശയവും സൃഷ്ടിക്കുന്നത്. സ്വപ്നയുടെ സഹപ്രവർത്തകൻ സരിത്തിനെ കസ്റ്റഡിയിലെടുത്ത് ഫോൺ പിടിച്ചെടുത്ത് മർദിച്ച സംഭവമൊക്കെ സംശയത്തിന്റെ നിഴലിൽനിൽക്കുന്ന മുഖ്യമന്ത്രിക്ക് അധികാര ബലത്തിൽ പൊലിസിനെക്കൊണ്ട് പ്രതിരോധം സൃഷ്ടിക്കുകയെന്ന ഏറ്റവും നീചമായ നടപടിയെന്നേ പറയാനൊക്കൂ.
മൊഴിമൂലം മുഖ്യമന്ത്രിക്ക് അപകീർത്തിയുണ്ടായെങ്കിൽ സ്വപ്നക്കെതിരേ മാനനഷ്ട കേസ് ബോധിപ്പിക്കാവുന്നതാണ്. സാധാരണ വ്യക്തികൾ ബോധിപ്പിക്കുന്നതുപോലെ മജിസ്‌ട്രേറ്റ് കോടതിയിൽ പോയി മുഖ്യമന്ത്രി നേരിട്ട് ഹാജരായി പരാതി ബോധിപ്പിക്കേണ്ടതില്ല. ക്രിമിനൽ നടപടി സംഹിത 199(2) അനുസരിച്ച് മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ജില്ലാ ഗവൺമേന്റ് പ്ലീഡർക്ക് സെഷൻസ് കോടതിയിൽ നേരിട്ട് മാനനഷ്ടക്കേസ് ബോധിപ്പിക്കാവുന്നതാണ്. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് ജസ്റ്റിസ് സുകുമാരൻ തനിക്കെതിരേ നടത്തിയ ചില പരാമർശങ്ങൾ മാനഹാനിയുണ്ടാക്കിയെന്ന് ആരോപിച്ച് തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി മാനനഷ്ടക്കേസ് നൽകിയിരുന്നു. വയലാർ രവി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് കേരള ഹൈക്കോടതിയിൽ ഒരു വ്യവഹാരി അദ്ദേഹത്തെക്കുറിച്ച് അപകീർത്തികരമായതും വാസ്തവ വിരുദ്ധമായതുമായ വിവരങ്ങൾ വച്ച് ഹരജി ബോധിപ്പിച്ചുവെന്നാരോപിച്ച് അന്നത്തെ ജില്ലാ പ്രോസിക്യൂട്ടർ എറണാകുളം സെഷൻസ് കോടതിയിൽ ബോധിപ്പിച്ച മാനനഷ്ടക്കേസിൽ പ്രതിയെ കോടതി ശിക്ഷിക്കുകയുണ്ടായി.
സ്വപ്നയുടെ മൊഴി കളവാണെന്നാരോപിച്ച് മേൽ വിവരിച്ച നിയമപരമായ രണ്ടു നടപടികളും സ്വീകരിക്കാൻ തയാറാവാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഇപ്പോഴുള്ള ആരോപണങ്ങൾ മുഖവിലക്കെടുത്തുകൊണ്ട് കേന്ദ്ര ഏജൻസികളുടെ അന്വേഷണം കേരള പൊലിസിനെ ഉപയോഗിച്ച് തടസ്സപ്പെടുത്താനുള്ള സർക്കാർ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിൽ തെല്ലും സംശയമില്ല. അതിന് സർക്കാരും മുഖ്യമന്ത്രിയും വലിയ വില നൽകേണ്ടിവരുമെന്നത് വരും നാളുകളിൽ നമുക്ക് കാണാനിരിക്കുന്നതാണ്.
(മുൻ ഡയരക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ലേഖകൻ)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."