മരംമുറിക്കേസ് പ്രതിയെ മുഖ്യമന്ത്രി കണ്ടു; ചിത്രം പുറത്തുവിട്ട് പി.ടി തോമസ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മരംമുറിക്കേസിലെ പ്രതിക്ക് മുഖ്യമന്ത്രി ഹസ്തദാനം ചെയ്യുന്ന ചിത്രം പി.ടി തോമസ് പുറത്തുവിട്ടു. കഴിഞ്ഞദിവസം നിയമസഭയില്‍ മരംമുറിക്കേസിലെ പ്രതിയുടെ ഉടമസ്ഥതയിലുള്ള മാംഗോ ഫോണ്‍ ഉദ്ഘാടനം ചെയ്യാമെന്നേറ്റ മുഖ്യമന്ത്രി താനല്ലെന്നും സഭയെ തെറ്റിദ്ധരിപ്പിച്ചതിനു തോമസ് മാപ്പ് പറയണമെന്നുമുള്ള മുഖ്യമന്ത്രി പറഞ്ഞതിനു മറുപടിയായാണ് ചിത്രം പുറത്തുവിട്ടത്.
നിയമസഭയില്‍ ചിത്രം ഉയര്‍ത്തിക്കാണിച്ച് മുഖ്യമന്ത്രിക്കു മറുപടി നല്‍കിയ തോമസ് പിന്നാലെ വാര്‍ത്താസമ്മേളനവും നടത്തി. മരംമുറിക്കേസിലെ പ്രതി റോജി അഗസ്റ്റിന് മുഖ്യമന്ത്രി ഹസ്തദാനം ചെയ്യുന്നതാണ് ചിത്രം. മാംഗോ മൊബൈല്‍ സ്‌പോണ്‍സര്‍ ചെയ്ത് കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയുടെ ചിത്രമാണിതെന്ന് തോമസ് പറഞ്ഞു.
മുഖ്യമന്ത്രി പ്രതികളെ കണ്ടെന്ന ആരോപണത്തിന് മാംഗോഫോണ്‍ ഉദ്ഘാടനം നടന്നത് 2016ലാണെന്നും അന്ന് താനല്ല മുഖ്യമന്ത്രിയെന്നും പി.ടി തോമസ് സഭ ദുരുപയോഗം ചെയ്യുന്നുവെന്നുമായിരുന്നു ബുധനാഴ്ച മുഖ്യമന്ത്രി നല്‍കിയ മറുപടി. അപ്പോള്‍ മറുപടി പറയാതിരുന്ന തോമസ് ഇന്നലെ തെളിവുകളുമായാണ് സഭയിലെത്തിയത്. വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയില്‍ മറുപടി നല്‍കാന്‍ സമയം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ നിരാകരിച്ചു. തുടര്‍ന്ന് എല്‍ദോസ് കുന്നപ്പിള്ളിയുടെ പ്രസംഗത്തിനിടെ ഇടപെട്ടാണ് തോമസ് മുഖ്യമന്ത്രിക്കു മറുപടി നല്‍കിയത്. 2017 ജനുവരി 22ന് എറണാകുളത്ത് മുഖ്യമന്ത്രി പങ്കെടുക്കാനിരുന്ന പരിപാടിയെക്കുറിച്ചാണ് കഴിഞ്ഞദിവസം താന്‍ പറഞ്ഞതെന്ന് തോമസ് വ്യക്തമാക്കി. ഈ പരിപാടിയുടെ ഭാഗമായി എം. മുകേഷ് എം.എല്‍.എയ്‌ക്കൊപ്പം മുഖ്യമന്ത്രി പ്രതികളുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് മാംഗോ മൊബൈല്‍ വെബ്‌സൈറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചെങ്കിലും ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പിന്‍മാറുകയായിരുന്നു. പ്രതികള്‍ക്ക് ഹസ്തദാനം ചെയ്യുന്ന ചിത്രം അതിനു ശേഷം കോഴിക്കോട്ട് നടന്ന ചടങ്ങിലേതാണെന്നും തോമസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."