സ്മാര്‍ട്ട് ഫോണില്ല ; ക്ലാസില്‍ പങ്കെടുക്കുന്ന പട്ടികജാതി - വര്‍ഗ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ്
തിരുവനന്തപുരം: സ്മാര്‍ട്ട് ഫോണിന്റെ കുറവ് മൂലം ക്ലാസുകളില്‍ പങ്കെടുക്കാത്ത പട്ടികജാതി - പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ എണ്ണം ഇതര വിഭാഗങ്ങളെ അപേക്ഷിച്ച് കൂടുതലാണെന്ന് പഠനം. കഴിഞ്ഞ വര്‍ഷത്തെ വിക്ടേഴ്‌സ് ചാനലിലൂടെ നടന്ന വിദ്യാഭ്യാസ പരിപാടി വിലയിരുത്താന്‍ എസ്.സി.ഇ.ആര്‍.ടിയും തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളജിലെ സൈക്കോളജിക്കല്‍ റിസോഴ്‌സ് സെന്ററും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.
കൊവിഡ് കാലത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെയും കുടുംബാംഗങ്ങളുടെയും വിദ്യാഭ്യാസപരവും സാമൂഹികവും മാനസികാരോഗ്യ സംബന്ധിയുമായ അവസ്ഥകളാണ് പഠനത്തിന്റെ വിഷയം. പതിനാല് ജില്ലകളില്‍ നിന്നായി 85 സ്‌കൂളുകളിലെ 2,829 കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. 2466 രക്ഷിതാക്കള്‍, 412 അധ്യാപകര്‍, 176 സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, 53 സൗഹൃദ ക്ലബ് കോഡിനേറ്റര്‍മാര്‍ എന്നവരില്‍നിന്നും ഇതുസംബന്ധിച്ച് വിവരശേഖരണം നടത്തി. പരിശീലനം നേടിയ 42 ഫീല്‍ഡ് ഇന്‍വസ്റ്റിഗേറ്റര്‍മാരെ ഉപയോഗിച്ചാണ് വിവരശേഖരണം നടത്തിയത്. 23.44 ശതമാനം കുട്ടികളില്‍ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നേരിയ പ്രവണതയുള്ളതായി കണ്ടെത്തി. 97.38 ശതമാനം എല്‍.പി, യു.പി വിദ്യാര്‍ഥികളും 94.18 ശതമാനം ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളും വിക്ടേഴ്‌സ് ചാനല്‍ വഴി നടത്തിയ ക്ലാസുകളില്‍ പങ്കെടുത്തു. 96.66 ശതമാനം പേര്‍ വീട്ടിലിരുന്നും 2.33 ശതമാനം പേര്‍ ബന്ധുവീടുകളെയും പഠനത്തിന് ആശ്രയിച്ചു. പഠന കേന്ദ്രത്തെ ആശ്രയിച്ചവര്‍ ഒരു ശതമാനത്തില്‍ താഴെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."