രിജാലുന്‍ ഫിശ്ശംസ്: പറുദീസയിലേക്ക് പോയ ടാങ്കര്‍ ലോറി
#ഡോ. എന്‍. ഷംനാദ്
"തിരികെവന്ന് ടാങ്കര്‍ ലോറിയുടെ സീറ്റിലേക്ക് കയറി എന്‍ജിന്‍ ഓണാക്കി. പതിയെ റിവേഴ്‌സ് എടുക്കുന്നതിനിടയില്‍ മറ്റു വാഹനങ്ങളുടെ ടയര്‍ പാടുകള്‍ക്ക് മുകളിലൂടെ വണ്ടി ഓടിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കുറച്ചുദൂരം പിന്നിട്ടപ്പോഴാണ് മറ്റൊരു ചിന്തയുണ്ടായത്. അതോടെ എന്‍ജിന്‍ ഓഫാക്കിയ ശേഷം നേരത്തെ മൃതശരീരങ്ങള്‍ കൊണ്ട് തള്ളിയ മാലിന്യക്കൂമ്പാരത്തിനരികിലേക്ക് തിരികെ ചെന്നു. മൃതദേഹങ്ങളുടെ കീശയില്‍ ഉണ്ടായിരുന്ന പണവും മര്‍വാന്റെ കൈയ്യില്‍ കിടന്ന വാച്ചും ഊരിയെടുത്ത ശേഷം ലോറിക്കരികിലേക്ക് നടന്നു.
ഡ്രൈവറുടെ സീറ്റിനരികിലേക്ക് കാലുയര്‍ത്തിവയ്ക്കാന്‍ ഒരുങ്ങിയപ്പോഴാണ് കൊള്ളിയാന്‍ പോലെ ആ ചിന്ത മനസിലെത്തിയത്. ഒരു നിമിഷം ആകെ തരിച്ചുനിന്നുപോയി. അലറി വിളിച്ചാലോ എന്നുപോലും തോന്നി. ലോറിയിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും അതിനുള്ള ശക്തി കിട്ടുന്നില്ല. തല പൊട്ടിത്തെറിക്കുമെന്ന് തോന്നുന്നു. അസ്വസ്ഥമായ ചിന്തകള്‍ തലച്ചോറിനുള്ളിലിരുന്നു മൂളുന്നത് പോലെ. അവയെ പുറത്തെറിയാനെന്നവണ്ണം തലമുടി പിടിച്ചുവലിച്ചു നോക്കി. ഇല്ല പോകുന്നില്ല. കൂടുതല്‍ രൂക്ഷമാകുന്നതേയുള്ളൂ ആ മുഴക്കം. ശവങ്ങള്‍ തള്ളിയ സ്ഥലത്തേക്ക് തിരിഞ്ഞുനോക്കി. ഒന്നും കാണാനാകുന്നില്ല. ഇരുളിലേക്ക് തുറിച്ചുനോക്കുന്നതിനിടയില്‍ പിടയുന്ന ആ ചിന്ത നാവിലേക്ക് ഉതിര്‍ന്നിറങ്ങി. എന്തുകൊണ്ടായിരിക്കും അവര്‍ ടാങ്കറിന്റെ ഭിത്തിയിലടിച്ച് ശബ്ദമുണ്ടാക്കാതിരുന്നത്? നിലത്തുവീണു പോകുമെന്ന് ഭയന്ന് പല വിധേയനും ഡ്രൈവറുടെ സീറ്റിലേക്ക് വലിഞ്ഞുകയറി സ്റ്റിയറിങ് വീലില്‍ തല ചേര്‍ത്തുവച്ചു. 'നിങ്ങളെന്താ ടാങ്കറിന്റെ ഭിത്തിയില്‍ ഇടിക്കാതിരുന്നത്? ശ്വാസംമുട്ടിയപ്പോള്‍ എന്താ ഒന്ന് അലറി വിളിക്കാതിരുന്നത്? എന്താ?'. പെട്ടെന്ന് മരുഭൂമിയാകെ പ്രതിധ്വനിക്കുംവിധം ആ വാക്കുകള്‍ അയാളുടെ ചെവിയില്‍ തന്നെ വന്നലയ്ക്കാന്‍ തുടങ്ങി''.
വിഖ്യാത ഫലസ്തീന്‍ എഴുത്തുകാരനും പൊളിറ്റിക്കല്‍ ആക്ടിവിസ്റ്റുമായിരുന്ന ഗസ്സാന്‍ കനഫാനി(1936- 1972) യുടെ 'റിജാലുന്‍ ഫിശ്ശംസ്' (Men in the Sun) എന്ന അറബി നോവല്‍ അവസാനിക്കുന്നത് ഇങ്ങനെയാണ്. അറബ് മന:സാക്ഷിക്കു മുന്നില്‍ വേദനിപ്പിക്കുന്നൊരു ചോദ്യം അവശേഷിപ്പിച്ചുകൊണ്ട് അവസാനിക്കുന്ന ഈ കൃതി മൂന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ ജോര്‍ദാനില്‍ നിന്ന് ഇറാഖ് വഴി കുവൈത്തിലേക്ക് നടത്തുന്ന ഭീകരയാത്രയുടെ കഥയാണ് പങ്കുവയ്ക്കുന്നത്. ജീവിക്കാനൊരു വഴിതേടിപ്പോകാന്‍ മതിയായ യാത്രാ രേഖകളില്ലാത്തതിനാല്‍ ടാങ്കര്‍ലോറിക്കുള്ളില്‍ ഒളിച്ചുകടക്കുന്നതിനിടയില്‍ മരുഭൂമിയില്‍ ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ച മൂന്ന് മനുഷ്യരുടെ കഥ. കേവലം മൂന്ന് വ്യക്തികളല്ല, മറിച്ച് ഇസ്‌റാഈല്‍ അധിനിവേശത്തിനെ തുടര്‍ന്ന് പിടഞ്ഞുതീരുന്ന പലസ്തീനികളെയാകെ പ്രതിനിധാനം ചെയ്യുകയാണ് അബൂഖൈസും അസ്അദും മര്‍വാനും.
കുവൈത്ത് എന്ന പറുദീസ
ബ്രിട്ടീഷ് മാന്‍ഡേറ്റ് ഭരണത്തിനിടയില്‍ 1936 മുതലും, 1948ലെ ഇസ്‌റാഈല്‍ അധിനിവേശത്തെ തുടര്‍ന്നുമൊക്കെ ധാരാളം ഫലസ്തീനികള്‍ തൊഴില്‍ തേടി കുടിയേറിയ മണ്ണാണ് കുവൈത്ത്. ഫലസ്തീന്‍ വിമോചന സംഘടനയായ പി.എല്‍.ഒയുടെ രാഷ്ട്രീയ വിഭാഗമായ ഫതഹ് പാര്‍ട്ടിയുടെ കേന്ദ്രം 1966 വരെ കുവൈത്തിലായിരുന്നു എന്ന് പറഞ്ഞാല്‍ ഫലസ്തീനികളും കുവൈത്തും തമ്മിലുള്ള ബന്ധം എത്രത്തോളമായിരുന്നുവെന്ന് മനസിലാകും. 1948ല്‍ ഇസ്‌റാഈല്‍ രൂപീകൃതമായതിനുശേഷം ഫലസ്തീനികള്‍ സമീപ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി കുടിയേറിയതിനെ തുടര്‍ന്ന് അന്‍പതുകളില്‍ കുവൈത്തിലേക്ക് ഫലസ്തീനികളുടെ യാത്രയുടെ രണ്ടാം തരംഗമുണ്ടായി. എന്നാല്‍ ഇത്തവണ ആദ്യതവണത്തേതില്‍ നിന്നു വ്യത്യസ്തമായി അവിദഗ്ധരായ കര്‍ഷകരായിരുന്നു കൂടുതലും. അഭയാര്‍ഥി ക്യാംപുകളിലെ ജീവിതം ദുസ്സഹമായപ്പോഴായിരുന്നു ഈ ഫലസ്തീനികള്‍ തൊഴില്‍തേടി കുവൈത്തിലേക്ക് കുടിയേറാന്‍ തുടങ്ങിയത്. അക്കാലത്ത് ബ്രിട്ടീഷ് പ്രൊട്ടക്ടറേറ്റിന് കീഴിലായിരുന്നു കുവൈത്ത്. എന്നാല്‍ ജറുസലേമിലെയോ ബാഗ്ദാദിലെയോ ബിട്ടീഷ് കോണ്‍സുലേറ്റുകളില്‍ നിന്ന് ഇത്തരം അഗതികളായ ഫലസ്തീനികള്‍ക്ക് കുവൈത്തിലേക്കുള്ള വിസ ലഭിക്കുമായിരുന്നില്ല. അതിനാല്‍ തന്നെ യാത്രാരേഖകളില്ലാതെ മനുഷ്യക്കടത്ത് നടത്തുന്ന കള്ളക്കടത്ത് സംഘങ്ങളുടെ സഹായത്തോടെ അതിര്‍ത്തികടന്ന് ആയിരക്കണക്കിന് പലസ്തീനികള്‍ കുവൈത്തിലേക്ക് 'രക്ഷപ്പെട്ടിട്ടുണ്ട്'. ഇറാഖിലെ ബസറയില്‍ നിന്ന് മരുഭൂമിയിലൂടെയുള്ള 150 കിലോമീറ്റര്‍ ദൂരം പട്രോള്‍ സംഘങ്ങളുടെ കണ്ണില്‍പ്പെടാതെ പിന്നിട്ടാല്‍ മാത്രമേ കുവൈത്തിലെത്താനാകൂ. ഈ അപകടംപിടിച്ച യാത്രയ്ക്കിടയില്‍ പിടിയിലായ ചരിത്രമാണ് മിക്കവര്‍ക്കും പറയാനുണ്ടാവുക. കുവൈത്തില്‍ എത്തിയാല്‍ അഭയാര്‍ഥി പദവിയോ, താമസ രേഖകളോ ഒന്നും ലഭിക്കില്ലെങ്കില്‍പോലും മാന്യമായ ഒരു ജീവിതം തേടിയാണ് ഈ 'വാഗ്ദത്ത ഭൂമി'യിലേക്ക് ഫലസ്തീനികളിലേറെപ്പേരും കുടിയേറാന്‍ കൊതിച്ചിരുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടത്തില്‍ എണ്ണനിക്ഷേപം ആദ്യം കണ്ടെത്തിയ പ്രദേശങ്ങളില്‍ ഒന്നായിരുന്നു കുവൈത്ത്.
അവരുടെ കഥ
ഇത്തരത്തില്‍ കുവൈത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അബൂഖൈസിന്റേയും അസ്അദിന്റേയും മര്‍വാന്റേയും ദുരിത കഥയാണ് ഗസ്സാന്‍ കനഫാനി 'രിജാലുന്‍ ഫിശ്ശംസി'ലൂടെ പറയുന്നത്. കൂട്ടത്തില്‍ 1948ന് മുന്‍പുള്ള ഫലസ്തീനികളെക്കുറിച്ച് ഓര്‍മകളുള്ളത് അബൂഖൈസിന് മാത്രമാണ്. യാഫയില്‍ നിന്ന് ജൂതന്മാരുടെ ആക്രമണം നേരിടാനാകാതെ ജോര്‍ദാനിലെ അഭയാര്‍ഥി ക്യാംപിലെത്തിയ മധ്യവയസ്‌കന്‍. 1958ലാണ് കഥ നടക്കുന്നത്. ഗര്‍ഭിണിയായ ഭാര്യയും മകനുമുള്ള അബൂഖൈസിന് ചെറിയ ആഗ്രഹങ്ങളേയുള്ളൂ. അഭയാര്‍ഥി ക്യാംപില്‍ നിന്നു രക്ഷപ്പെട്ട് ഒരു ചെറിയ കുടില്‍ എവിടെയെങ്കിലും കെട്ടണം. മകനെ സ്‌കൂളിലയച്ച് പഠിപ്പിക്കണം. കൃഷിചെയ്യാന്‍ രണ്ട് ഒലിവ് മരത്തൈകള്‍ വാങ്ങണം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ജന്മനാടായ ഫലസ്തീനിലേക്ക് തിരിച്ചുപോകാമെന്ന പ്രതീക്ഷകളൊക്കെ ഇല്ലാതായിരിക്കുന്നു. 'ഇതിനിടയില്‍ സ്വന്തം മരങ്ങളും വീടും യുവത്വവും ഗ്രാമം തന്നെയും നഷ്ടമാക്കിയിട്ട് നിങ്ങള്‍ക്ക് മതിയായില്ലേ മനുഷ്യ' എന്ന ഭാര്യയുടെ കുറ്റപ്പെടുത്തല്‍ സഹിക്കാനാകാതെ അബൂഖൈസ് കുവൈത്തിലേക്ക് പോകാനൊരുങ്ങുന്നു. തനിക്കും കുടുംബത്തിനും ഒരു നല്ല ജീവിതം കിട്ടണം. അപകടം പിടിച്ച ഈ യാത്രയ്ക്കിറങ്ങുമ്പോള്‍ ആ മനുഷ്യന്റെ മനസില്‍ മറ്റൊന്നുമുണ്ടായിരുന്നില്ല.
ജോര്‍ദാന്‍ പൊലിസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ നാടുവിടാന്‍ തുനിയുന്ന ഫലസ്തീന്‍ ആക്ടിവിസ്റ്റായ യുവാവാണ് അസ്അദ്. സയണിസ്റ്റുകള്‍ക്കെതിരെ പൊരുതിമരിച്ച പോരാളിയുടെ മകന്‍. പിതൃ സഹോദരന്റെ മകളായ നദയെ വിവാഹം കഴിക്കാന്‍ കുടുംബം നിര്‍ബന്ധിക്കുന്നുവെങ്കിലും അവനവളെ ഇഷ്ടമല്ല. നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതായതോടെ ഏതുവിധേനയും ജോര്‍ദാനില്‍ നിന്ന് രക്ഷപ്പെടണം. പിതാവിന്റെ സുഹൃത്തായ ഒരു കടത്തുകാരന്‍ 20 ദിനാര്‍ വാങ്ങിയശേഷം അസ്അദിനെ പാതിവഴിയില്‍ ഉപേക്ഷിച്ചു കടന്നുകളയുന്നു. എന്നിട്ടും തോല്‍ക്കാന്‍ തയ്യാറാകാത്ത മനസുമായി അവന്‍ ഇറാഖിലെ ബസറയില്‍ എത്തുന്നു.
കൂട്ടത്തില്‍ ഏറ്റവും ഇളയവനായ മര്‍വാന്‍ കൗമാരക്കാരനാണ്. ആരും തുണയില്ലാതെ കുടുംബഭാരം പേറേണ്ടിവരുന്ന ഫലസ്തീനിലെ കൗമാരക്കാരുടെ പ്രതീകം. ഉമ്മയേയും നാലു സഹോദരങ്ങളെയും സംരക്ഷിക്കാനായി അവന് പഠിത്തം ഉപേക്ഷിക്കേണ്ടിവന്നു. പിതാവാകട്ടെ അവരെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്തു. ഇസ്‌റാഈല്‍ യാഫയില്‍ ബോംബാക്രമണം നടത്തിപ്പോള്‍ ഒരുകാല്‍ നഷ്ടപ്പെട്ട സ്ത്രീയാണെങ്കില്‍ പോലും മൂന്നു നിലയുള്ളൊരു വീട് ഉള്ളതുകൊണ്ടാണ് പിതാവ് ആ വിവാഹത്തിന് തയ്യാറായത്. അഭയാര്‍ഥി ക്യാംപില്‍ കിടന്ന് മടുത്ത ആ മനുഷ്യന് കോണ്‍ക്രീറ്റ് മേല്‍ക്കൂരയുള്ള വീട്ടില്‍ കിടന്നുറങ്ങണമത്രേ. മര്‍വാന്റെ മറ്റൊരു സഹോദരന്‍ സക്കരിയ കുവൈത്തിലുണ്ട്. പക്ഷേ, വിവാഹം കഴിഞ്ഞതോടെ അയാള്‍ ഈ കുടുംബത്തെ ഉപേക്ഷിച്ചു. അതോടെ മര്‍വാന് നില്‍ക്കക്കള്ളിയില്ലാതായി. എങ്ങനെയെങ്കിലും കുവൈത്തില്‍ പോയി എന്തെങ്കിലും ജോലി കണ്ടെത്തി തന്റെ കുടുംബത്തെ സംരക്ഷിച്ചേ തീരൂ.
ഇറാഖില്‍ നിന്ന്
കുവൈത്തിലേക്ക്
അങ്ങനെ അബൂഖൈസും അസ്അദും മര്‍വാനും ഏതാണ്ട് ഒരേസമയം ഇറാഖിലെത്തുന്നു. പ്രൊഫഷണല്‍ കള്ളക്കടത്തുകാരുമായി വിലപേശല്‍ നടത്തിയെങ്കിലും വലിയ തുക മുന്‍കൂര്‍ നല്‍കണമെന്ന് അവര്‍ നിര്‍ബന്ധം പിടിച്ചു. പണം കൊടുത്താലും മരുഭൂമിയില്‍ ഉപേക്ഷിച്ച് കടന്നുകളയും എന്ന് ധാരാളം കഥകള്‍ ചെവിയിലെത്തിയതിനാല്‍ യോജിച്ചൊരു കടത്തുകാരനെ അവര്‍ക്ക് കണ്ടെത്താനാകുന്നില്ല. അവസാനം അതിര്‍ത്തി പട്ടണമായ ബസറയില്‍ വച്ച് അവര്‍ ഒരേ സമയം അബുല്‍ ഖൈസുറാനെ കണ്ടുമുട്ടുന്നു.
ഫലസ്തീനിയായ ഒരു ടാങ്കര്‍ ലോറി ഡ്രൈവറാണ് അബുല്‍ ഖൈസുറാന്‍. പണ്ട് ബ്രിട്ടീഷ് പട്ടാളത്തില്‍ ജോലി ചെയ്തിട്ടുണ്ട്. 1948ല്‍ ഇസ്‌റാഈല്‍ രൂപീകൃതമായതിനെ തുടര്‍ന്ന് നടന്ന അറബ്- ഇസ്‌റാഈല്‍ യുദ്ധത്തില്‍ പലസ്തീനികള്‍ക്കൊപ്പം ചേര്‍ന്ന് ജൂതന്മാര്‍ക്കെതിരെ പൊരുതിയ ചരിത്രവുണ്ട്. അതിനിടയില്‍ നടന്ന ഒരു സ്‌ഫോടനത്തില്‍ തന്റെ പൗരുഷം നഷ്ടമായെന്ന് അയാള്‍ പറയുന്നുണ്ട്. കുവൈത്തിലെ ഹാജി റിസയെന്ന സമ്പന്നന്റെ കുടിവെള്ള ടാങ്കര്‍ ഓടിക്കുന്ന ജോലി ചെയ്യുകയാണിപ്പോള്‍. എന്നാല്‍ കുടിവെള്ളത്തിന്റെ മറവില്‍ ഇറാഖില്‍ നിന്നു ടാങ്കറിനുള്ളില്‍ സാധനങ്ങള്‍ കുവൈത്തിലേക്ക് കടത്തുകയാണയാള്‍. ഹാജിയുടെ ലോറി ആയതിനാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധിക്കാതെ കടന്നുപോകും. ദീനാര്‍ നല്‍കിയാല്‍ താന്‍ കുവൈത്തില്‍ എത്തിച്ചുതരാം എന്ന് അബുല്‍ ഖൈസുറാന്‍ വാക്കുകൊടുക്കുന്നു. ഉദ്ദേശിച്ച സ്ഥലത്തെത്തിയ ശേഷം മാത്രം പണം നല്‍കിയാല്‍ മതിയെന്നു കൂടി കേട്ടതോടെ അബൂഖൈസും അസ്അദും മര്‍വാനും ആ ഇടപാടുറപ്പിച്ചു.
മരണത്തിലേക്കുള്ള യാത്ര
നൂറ്റന്‍പത് കിലോമീറ്ററോളം ദൂരം ബസറക്കും കുവൈത്തിനുമിടയിലുള്ള മരുഭൂമിയിലൂടെ സഞ്ചരിക്കണം. രാത്രികാലങ്ങളില്‍ പട്രോളിങ് സംഘങ്ങളുടെ കടുത്ത പരിശോധനകള്‍ ഉണ്ടാകുമെന്നതിനാല്‍ യാത്ര ചുട്ടുപൊള്ളുന്ന പകലാക്കി മാറ്റി. ആകെ പ്രശ്‌നം രണ്ട് സ്ഥലങ്ങളില്‍ മാത്രമായിരിക്കും. ഇറാഖിന്റേയും കുവൈത്തിന്റേയും ചെക്ക് പോസ്റ്റുകളില്‍. അവിടെ എത്തുന്നതിനു 50 മീറ്റര്‍ മുന്‍പ് മൂവരും ടാങ്കറിനു ഉള്ളില്‍ ഇറങ്ങി ഇരിക്കണം. വായുകടക്കാത്ത ടാങ്കറിനുള്ളില്‍ ശ്വാസംമുട്ടും. എങ്കിലും താന്‍ ഒരു ഏഴ് മിനിറ്റിനുള്ളില്‍ ഈ സ്ഥലങ്ങള്‍ പിന്നിട്ട് അവരെ പുറത്തിറക്കി തരാമെന്ന് അബുല്‍ ഖൈസുറാന്‍ ആണയിട്ടു. ഹാജിയുടെ ലോറി ചെക്‌പോസ്റ്റുകാര്‍ പരിശോധിക്കില്ലെന്നും പേരിനൊരു പെര്‍മിറ്റ് ഒപ്പിടുന്ന ചടങ്ങ് മാത്രമേയുണ്ടാകൂവെന്നും അയാള്‍ പറഞ്ഞതോടെ ഗത്യന്തരമില്ലാതെ അവരത് സ്വീകരിച്ചു.
സഫ്‌വാനിലെ ഇറാഖി ചെക്‌പോസ്റ്റില്‍ എത്തിയതും ഡ്രൈവര്‍ കരുതിയത് പോലെ ഏഴ് മിനിറ്റ് കഴിയും മുന്‍പ് തന്നെ ടാങ്കറിനുള്ളില്‍ ഒളിച്ചിരുന്നവരെ പുറത്തെത്തിക്കാനായി. ഓഗസ്റ്റ് മാസത്തിലെ സൂര്യന്റെ വെയിലേറ്റ് പൊള്ളിയ ടാങ്കിനുള്ളില്‍ തിളക്കുന്ന അന്തരീക്ഷമായിരുന്നു. മഞ്ഞളിച്ച മുഖങ്ങളുമായി പുറത്തെത്തിയ യാത്രക്കാര്‍ക്ക് അബുല്‍ ഖൈസുറാന്‍ ആത്മവിശ്വാസം നല്‍കി. ഇനി ഒരിടം കൂടിയേയുള്ളൂ. അവിടെയും താന്‍ ഏഴ് മിനിറ്റിനുള്ളില്‍ തന്നെ മടങ്ങി എത്തിയിരിക്കും.
മുതലഅയിലെ കുവൈത്തിന്റെ ഭാഗത്തുള്ള ചെക്ക്‌പോസ്റ്റ് എത്തുന്നതിന് അന്‍പത് മീറ്റര്‍ മുന്‍പ് മൂന്ന് ഫലസ്തീനികളും വീണ്ടും വാട്ടര്‍ ടാങ്കറിനുള്ളില്‍ ഒളിച്ചു. പെര്‍മിറ്റ് കടലാസുമായി ഡ്രൈവര്‍ ചെക്ക്‌പോസ്റ്റിലേക്ക് ഓടി. പക്ഷേ, അവിടെ കാര്യങ്ങള്‍ അത്ര പന്തിയായിരുന്നില്ല. ഉദ്യോഗസ്ഥരായ പട്ടാളക്കാര്‍ അബുല്‍ ഖൈസുറാനോട് വിശേഷങ്ങള്‍ തിരക്കാന്‍ തുടങ്ങി. ബസറയില്‍ കൗകബ് എന്നൊരു നര്‍ത്തകിയുമായി ഡ്രൈവറിനുള്ള വഴിവിട്ട ബന്ധത്തെ കുറിച്ചാണവര്‍ക്ക് അറിയാനുള്ളത്. ഷണ്ഡനായ അബുല്‍ ഖൈസുറാന്റെ ഇല്ലാത്ത കാമലീലകള്‍ കേട്ട് ആസ്വദിക്കാനായിരുന്നു അവരുടെ ശ്രമം. ടാങ്കറിനുള്ളില്‍ മൂന്ന് മനുഷ്യജീവനുകള്‍ വീര്‍പ്പുമുട്ടുന്നുണ്ടാകും എന്നോര്‍ത്തപ്പോള്‍ അയാളുടെ നെഞ്ചിടിക്കാന്‍ തുടങ്ങി. പക്ഷേ, കുവൈത്തിലെത്തുമ്പോള്‍ തനിക്ക് കിട്ടാന്‍പോകുന്ന പണത്തിന്റെ കാര്യം ഓര്‍ത്തപ്പോള്‍ അയാള്‍ എല്ലാം കടിച്ചുപിടിച്ചു നിന്നതേയുള്ളൂ.
വല്ലവിധേനയും രേഖകള്‍ സീല്‍ ചെയ്തു ലോറിക്കരികിലേക്ക് ഓടുകയായിരുന്നു. അന്‍പത് മീറ്ററിനപ്പുറം ലോറി നിര്‍ത്തി ടാങ്കറിന്റെ മേല്‍മൂടി തുറന്നപ്പോഴേക്കും വിലപ്പെട്ട ഇരുപത്തിയൊന്ന് മിനിറ്റുകള്‍ കഴിഞ്ഞിരുന്നു. ഇതിനിടയ്ക്ക് ടാങ്കറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ ശ്വാസംമുട്ടി പിടഞ്ഞുമരിച്ചു കഴിഞ്ഞിരുന്നു. മുനിസിപ്പാലിറ്റി ചവറുകൂനയ്ക്കരികില്‍ മൃതദേഹങ്ങള്‍ ഉപേക്ഷിച്ച് പോകുന്നതിനിടയില്‍ ഡ്രൈവര്‍ അവരുടെ പോക്കറ്റിലുണ്ടായിരുന്ന പണവും മര്‍വാന്റെ കൈയ്യില്‍ കിടന്ന വാച്ചും ഊരിയെടുക്കാന്‍ മറന്നില്ല.
എന്നാല്‍ തിരികെ ലോറിക്കരികില്‍ എത്തുമ്പോഴാണ് അബുല്‍ ഖൈസുറാന്റെ മനസില്‍ ഒരു കൊള്ളിയാന്‍ പോലെ ആ ചോദ്യമുയര്‍ന്നത്. താന്‍ തിരിച്ചുവരാന്‍ വൈകുന്നതിനിടയില്‍ ശ്വാസംമുട്ടി പിടയുന്നതിനിടയിലും എന്തുകൊണ്ടായിരിക്കും ടാങ്കറിനുള്ളിലുള്ളവര്‍ ഒരു ശബ്ദവും ഉണ്ടാക്കാതെ നിശബ്ദരായി ഇരുന്നത്? ഒന്ന് അലറി വിളിക്കുകയോ, ടാങ്കറിന്റെ ഭിത്തിയില്‍ ഇടിക്കുകയോ ചെയ്തിരുന്നെങ്കില്‍ അവരിപ്പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നല്ലേ?
ഗതികെട്ട ജനതയുടെ ദുര്യോഗം
'അവര്‍ എന്തേ അലറി വിളിച്ചില്ല' എന്ന് ഹൃദയഭേദകമായ ചോദ്യവുമായി അവസാനിക്കുന്ന ഗസ്സാന്‍ കനഫാനിയുടെ 'രിജാലുന്‍ ഫിശ്ശംസ്' എന്ന നോവല്‍ ഫലസ്തീനികള്‍ക്കിടയിലും മറ്റ് അറബ് വായനക്കാര്‍ക്കിടയിലുമുണ്ടാക്കിയത് വലിയ ഞെട്ടലായിരുന്നു. ജീവന്‍ പിടഞ്ഞുതീരുന്ന അവസാന നിമിഷത്തിലും അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവുക ഡ്രൈവര്‍ ഇപ്പോള്‍ തിരിച്ചുവരുമെന്നായിരിക്കും. ശബ്ദമുണ്ടാക്കിയാല്‍ തങ്ങള്‍ തടവറക്കുള്ളിലാകും. ഏതാനും നിമിഷങ്ങള്‍ കൂടി ക്ഷമിച്ചിരിന്നാല്‍ തങ്ങളെ കാത്തിരിക്കുന്നത് നല്ലൊരു ജീവിതമായിരിക്കും എന്ന പ്രതീക്ഷ യായിരിക്കാം ആ നേരം അവരുടെ മനസുകളില്‍ ഉണ്ടായിരുന്നത്.
നിഷ്ഠൂരമായ ഇസ്‌റാഈല്‍ ഉപരോധത്തിന് കീഴില്‍ ഫലസ്തീന്‍ പ്രദേശങ്ങളിലും അഭയാര്‍ഥി ക്യാംപുകളിലും ശ്വാസംമുട്ടി ജീവിക്കുന്ന ദശലക്ഷക്കണക്കിന് ഫലസ്തീനികള്‍ തന്നെയാണ് ടാങ്കറിനുള്ളില്‍ ശ്വാസംമുട്ടി മരിച്ച ആ മൂന്ന് യാത്രക്കാര്‍. അവരെ കൊല്ലാക്കൊല ചെയ്യാന്‍ വിട്ടുകൊടുത്ത്, ശേഷം പണമെല്ലാം കവര്‍ന്നെടുത്ത് മൃതശരീരങ്ങള്‍ ചവറുകൂനയില്‍ തള്ളി കടന്നുകളയുന്ന ഷണ്ഡനായ ഡ്രൈവര്‍ അന്നത്തെ ഫലസ്തീന്‍ നേതൃത്വം തന്നെയാണെന്നാണ് കനഫാനി പറയാന്‍ ശ്രമിക്കുന്നത്. ഈ ഡ്രൈവറും ചെക്ക്‌പോസ്റ്റിലെ മന:സാക്ഷിയില്ലാത്ത കുവൈത്ത് പട്ടാളക്കാരുമാണ് ടാങ്കറിനുള്ളില്‍ പിടഞ്ഞുതീര്‍ന്നവരുടെ മരണത്തിന് ഉത്തരവാദികള്‍.
അറബി നോവലിലെ ആദ്യ പൊളിറ്റിക്കല്‍ അലിഗറി കൃതിയാണ് 'രിജാലുന്‍ ഫിശ്ശംസ്'. അതുവരെ ഫലസ്തീന്‍ പ്രശ്‌നത്തെ ലോകശ്രദ്ധയില്‍ എത്തിച്ച കവിതയുടെ സ്ഥാനം കവര്‍ന്നെടുത്ത ഗദ്യകൃതി. സമീപമുള്ള അറബ് രാജ്യങ്ങളൊന്നും ഫലസ്തീനികളെ രക്ഷിക്കാന്‍ എത്തിയില്ലെന്ന് സിംബോളിക്കലായി ഉറക്കെ വിളിച്ചുപറഞ്ഞ പുസ്തകം. 1962 ജനുവരിയില്‍ എഴുതിയ ഈ നോവല്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളൊക്കെ ഉണ്ടാകുന്നതിനു മുന്‍പുള്ള പലസ്തീന്‍ ജനതയുടെ അവസ്ഥയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. ആട്ടിയിറക്കപ്പെട്ട സ്വന്തം നാടായ ഫലസ്തീനിലേക്ക് തിരികെപ്പോകാന്‍ ശ്രമിക്കാതെ ഇവിടെ അബൂ ഖൈസും കൂട്ടരും എതിര്‍ദിശയിലുള്ള കുവൈത്തിലേക്കാണ് പോകുന്നതെന്ന വിരോധാഭാസം പങ്കുവയ്ക്കുകയാണ് കനഫാനി. 1958ല്‍ രൂപീകൃതമായ ഈജിപ്ത്- സിറിയ ഐക്യസര്‍ക്കാറായ യുനൈറ്റഡ് അറഭ് റിപബ്ലിക്കിന്റെ 1961ലെ തകര്‍ച്ച അറബ് ഐക്യം സ്വപ്‌നംകണ്ടിരുന്ന കനഫാനിയെ പോലുള്ള അറബ് സോഷ്യലിസ്റ്റുകള്‍ക്ക് വലിയ നിരാശയാണ് സമ്മാനിച്ചത്. ഫലസ്തീനികളുടെ ഭൂമി വീണ്ടെടുക്കാന്‍ ഇനിയൊരു 'പാന്‍ അറബ് വസന്തം' വരില്ലെന്ന തിരിച്ചറിവ് ഈ നോവലില്‍ പ്രതിഫലിക്കുന്നുണ്ട്. പ്രശസ്ത പരിഭാഷകനായ അഷ്‌റഫ് കീഴുപറമ്പ് ഈ നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട് (സൂര്യതാപത്തില്‍, ഐ.പി.എച്ച്).
ഈ നോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടതിന്റെ തൊട്ടടുത്ത വര്‍ഷമാണ് (1964) ഫലസ്തീന്‍ വിമോചന സംഘടനയായ പി.എല്‍.ഒ രൂപീകൃതമാകുന്നത്. 1972ല്‍ ഈജിപ്ഷ്യന്‍ സംവിധായകനായ തൗഫീഖ് സ്വാലി 'രിജാലുന്‍ ഫിശ്ശംസ്' ചലച്ചിത്രമാക്കി മാറ്റി. 'അല്‍-മഖ്ദൂഊന്‍' (The Dupes) എന്ന ആ ചിത്രത്തിന്റെ അവസാനത്തില്‍ ചവറുകൂനയില്‍ ഉപേക്ഷിക്കുന്ന മൃതശരീരങ്ങള്‍ സൂചിപ്പിച്ചത് ശ്വാസംമുട്ടിയ അവസാന നിമിഷങ്ങളില്‍ ആ യാത്രക്കാര്‍ ടാങ്കറിന്റെ ഭിത്തിയില്‍ ആഞ്ഞടിച്ചിട്ടുണ്ടെന്നായിരുന്നു.
നോവല്‍ പുറത്തിറങ്ങി പത്തു വര്‍ഷത്തിനിടയില്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് ചരിത്രത്തിലുണ്ടായ മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കാനായിരുന്നു സംവിധായകന്‍ അത്തരത്തിലൊരു ഗൗരവമായ മാറ്റം സിനിമയില്‍ കൊണ്ടുവന്നത്. ആ വര്‍ഷം ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദ് ആസൂത്രണം ചെയ്ത ബൈറൂത്തില്‍ നടന്നൊരു കാര്‍ബോംബ് സ്‌ഫോടനത്തിലാണ് ഗസ്സാന്‍ കഫാനി കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."