ബംഗാരം സന്ദര്‍ശിച്ച നഴ്‌സുമാര്‍ക്കെതിരേ കേസ്; വിസാ നിയമങ്ങള്‍ ലംഘിച്ച ജര്‍മന്‍ പൗരന് സംരക്ഷണം
ജലീല്‍ അരൂക്കുറ്റി
കവരത്തി: ലക്ഷദ്വീപില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളീയരായ നഴ്‌സുമാര്‍ അവധി ദിനത്തില്‍ ബംഗാരം ദ്വീപ് സന്ദര്‍ശിച്ചതിന് കേസ്. എന്നാല്‍ പെര്‍മിറ്റ് നിയമങ്ങളും വിസാ ചട്ടങ്ങളും ലംഘിച്ചു ലക്ഷദ്വീപില്‍ വിലസുന്ന ജര്‍മന്‍ പൗരന് അഡ്മിനിസ്‌ട്രേഷന്റെ സംരക്ഷണം.
അഗത്തിയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജീവ് ഗാന്ധി സ്‌പെഷ്യാലിറ്റി ആശുപത്രില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് നഴ്‌സുമാര്‍ക്കെതിരെയാണ് സമീപ ദ്വീപായ ബംഗാരം സന്ദര്‍ശിച്ചതിന് ലക്ഷദ്വീപ് പൊലിസ് കേസെടുത്തിരിക്കുന്നത്. തൃശൂര്‍ സ്വദേശിനികളായ പി.ബി ജില്‍സ, എന്‍.സി റാണി ചന്ദ്ര, പാലക്കാട് സ്വദേശിനി പി.എ ഫാന്‍സി എന്നിവര്‍ക്കെതിരേയാണ് 1967 ലെ പെര്‍മിറ്റ് ആക്ട് പ്രകാരം അനധികൃത പ്രവേശനത്തിന് കേസെടുത്തത്. കഴിഞ്ഞ ഏപ്രില്‍ 11ന് അവധി ദിവസം വിനിയോഗിക്കാനാണ് ഇവര്‍ ബംഗാരം ടൂറിസ്റ്റ് ദ്വീപില്‍ പോയത്. പൊതുപ്രവര്‍ത്തകരും ജനപ്രതിനിധികളും ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല.
എന്നാല്‍ ബംഗാരത്തില്‍ വുഡന്‍ കോട്ടേജുകള്‍ നിര്‍മിക്കാനെന്ന പേരിലാണ് ജര്‍മന്‍ പൗരന്‍ റൂലന്‍ മോസ്‌ലെ ദ്വീപില്‍ തങ്ങുന്നത്. ബംഗാരം റിസോര്‍ട്ടിന്റെ നവീകരണ കരാര്‍ ഏറ്റെടുത്തിരിക്കുന്ന ഡല്‍ഹി ആസ്ഥാനമായ സാറാ ഒബിഡ കമ്പനിയുടെ പ്രതിനിധിയായാണ് റൂലന്‍ ദ്വീപിലെത്തിയത്.
നിര്‍മാണത്തിന്റെ ഉപ കരാര്‍ എടുത്തിരിക്കുന്നത് ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് അബ്ദുല്‍ ഖാദറിന്റെ മകനാണ്.
ഇദ്ദേഹത്തിന്റെ പിന്‍ബലത്തിലാണ് റൂലന്‍ 2019ല്‍ ഇവിടെയെത്തിയത്. വിദേശ പൗരനായതിനാല്‍ വിസിറ്റിങ് വിസയിലെത്തിയ ഇയാള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ കഴിയില്ല. എന്നാല്‍ ഡല്‍ഹിയിലെ വിലാസത്തില്‍ നേടിയ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇദ്ദേഹത്തിന് ദ്വീപ് ഭരണകൂടം പെര്‍മിറ്റ് നല്‍കിയതെന്നാണ് ആക്ഷേപം. എമിഗ്രേഷന്‍ വിഭാഗത്തിന്റെ അന്വേഷണത്തില്‍ ഇദ്ദേഹത്തിന്റെ വിസാ കാലവധി കഴിഞ്ഞതാണെന്ന് കണ്ടെത്തി.
ഇതേതുടര്‍ന്ന് അഗത്തി പൊലിസ് നടപടി സ്വീകരിച്ചു. ഉടന്‍ കേരള ഹൈക്കോടതിയെ സമീപിച്ച് കര്‍ശന വ്യവസ്ഥകളോടെ മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു. കേസ് തീരുംവരെ അഗത്തിയില്‍ നിന്ന് പുറത്തുപോകരുതെന്നാണ് പ്രധാന വ്യവസ്ഥ.
എന്നാല്‍ അഡ്മിനിസ്‌ട്രേഷന്റെ ഒത്താശയോടെ റൂലന്‍ ബംഗാരത്തിലാണ്. മൂന്ന് മാസം മുന്‍പ് ജര്‍മന്‍ കോണ്‍സുലേറ്റര്‍ ബംഗാരം സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ഇയാള്‍ക്കും ഒപ്പം പോകാന്‍ അവസരം നല്‍കി. കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബി.ജെ.പി കേന്ദ്ര നേതാക്കള്‍ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ കാണിച്ചാണ് ഇദ്ദേഹം ദ്വീപില്‍ വിലസിയിരുന്നത്.
രാഷ്ട്രപതി രാംനാഥ് ഗോവിന്ദിന്റെ ദ്വീപ് സന്ദര്‍ശനത്തിന്റെ ഭാഗമായി ബംഗാരത്തുനിന്ന് വിദേശികളെയെല്ലാം അഗത്തിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഈ സമയവും റൂലന്‍ ബംഗാരത്തില്‍ തന്നെ ഉണ്ടായിരുന്നതായാണ് സൂചന. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.
കേരള ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥയില്‍ ദ്വീപില്‍ തങ്ങുന്ന ജര്‍മന്‍ പൗരന്‍ റൂലന്‍ മോസ്‌ലെക്കെതിരേ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് എം.പിമാരായ എളമരം കരീമും എ.എം ആരിഫും കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കിയതോടെ വിഷയം കൂടുതല്‍ ദേശീയ ശ്രദ്ധ നേടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."