രാജസ്ഥാനില്‍ ഫോണ്‍ചോര്‍ത്തല്‍ വിവാദം ഗെലോട്ടിനെതിരേ ആരോപണവുമായി സച്ചിന്‍ പൈലറ്റ് വിഭാഗം
ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുന്ന യുവനേതാവ് സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത രൂക്ഷമാക്കി ഫോണ്‍ചോര്‍ത്തല്‍ വിവാദം. പൈലറ്റിന്റെ വിശ്വസ്തരുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് ഗെലോട്ട് സര്‍ക്കാരിനെതിരായ ആരോപണം.
ഫോണ്‍ ചോര്‍ത്തുന്നതായി ചില എം.എല്‍.എമാര്‍ പറഞ്ഞെന്നു ചാക്‌സുവില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എയും സച്ചിന്‍ പൈലറ്റിന്റെ അടുപ്പക്കാരനുമായ വേദ് പ്രകാശ് സോളങ്കി ആരോപിച്ചു. എം.എല്‍.എമാരുടെ പേരു വെളിപ്പെടുത്താതെയായിരുന്നു സോളങ്കിയുടെ ആരോപണം.
ആപ്പ് ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് എം.എല്‍.എമാര്‍ക്ക് മനസിലായതെന്നും ഇക്കാര്യം എം.എല്‍.എമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ഗെലോട്ട് ചിരിച്ചുതള്ളിയെന്നുമാണ് സോളങ്കി പറഞ്ഞത്. തന്റെ ഫോണ്‍ ചോര്‍ത്തുന്നുണ്ടോ എന്ന കാര്യവും ഇതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കുണ്ടോ എന്നതും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പൈലറ്റിന്റെ അടുപ്പക്കാരുടെ ഫോണ്‍ സംഭാഷണം മാത്രമാണോ ചോര്‍ത്തുന്നത് എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ സംഭാഷണം മുഴുവനായി ചോര്‍ത്തുന്നുണ്ടെന്നായിരുന്നു മറുപടി.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഗെലോട്ടിനെതിരേ പൈലറ്റിന്റെ നേതൃത്വത്തില്‍ വിമതനീക്കം നടത്തിയപ്പോഴും തങ്ങളുടെ ഫോണ്‍കോളുകള്‍ ചോര്‍ത്തുന്നുണ്ടെന്ന് പൈലറ്റും മറ്റു 18 എം.എല്‍.എമാരും ആരോപിച്ചിരുന്നു.
എന്നാല്‍, ആരോപണം ഉന്നയിക്കുന്നവര്‍ എം.എല്‍.എമാരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന് മന്ത്രി പ്രതാപ് സിങ് ഖജാരിയാവസ് ആവശ്യപ്പെട്ടു.
ആരുടെയും സംഭാഷണം ചോര്‍ത്തിയിട്ടില്ലെന്നും അതു സര്‍ക്കാരിന്റെ രീതിയല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ഉത്തരവാദിത്വമുള്ള ഒരാള്‍ കാര്യങ്ങള്‍ ശരിയായ വിധത്തില്‍ ബോധ്യപ്പെടാതെ പരസ്യമായി അഭിപ്രായപ്രകടനങ്ങള്‍ നടത്തരുതെന്നും നിയമസഭാ കക്ഷി ചീഫ് വിപ്പ് മഹേഷ് ജോഷി പറഞ്ഞു.
യു.പിയിലെ മുതിര്‍ന്ന നേതാവും രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളുമായിരുന്ന ജിതിന്‍ പ്രസാദ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ ഇനി അടുത്തത് സച്ചിന്‍ പൈലറ്റ് ആയിരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജസ്ഥാനിലെ സംഭവവികാസങ്ങള്‍.
എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തള്ളിയ പൈലറ്റ്, രൂക്ഷമായാണ് ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിച്ചത്. സച്ചിന്‍ പൈലറ്റ് രണ്ടുദിവസമായി ഡല്‍ഹിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."