'എന്റെ വോട്ട് സാമുദായിക രാഷ്ട്രീയത്തിനെതിരെ' പ്രകാശ് രാജ്; കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി
'എന്റെ വോട്ട് സാമുദായിക രാഷ്ട്രീയത്തിനെതിരെ' പ്രകാശ് രാജ്; കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. 224 നിയമസഭ സീറ്റുകളിലേക്ക് ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ രാവിലെ ഏഴു മുതലാണ് വോട്ടിങ് ആരംഭിച്ചത്. വൈകീട്ട് ആറുവരെ വോട്ട് ചെയ്യാം. ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വോട്ടെണ്ണിത്തുടങ്ങും. 2613 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. 5.3 കോടി വോട്ടര്‍മാരുള്ള കര്‍ണാടകയില്‍ 37,777 പ്രദേശങ്ങളിലായി 58,541 ബൂത്തുകളാണ് സജ്ജീകരിച്ചത്. കേന്ദ്രസേനയടക്കം 1.72 ലക്ഷം സുരക്ഷാജീവനക്കാരെ സംസ്ഥാനത്ത് നിയോഗിച്ചു.
80 വയസ്സിനു മുകളിലുള്ളവര്‍ക്കും ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാവുന്ന 'വീട്ടില്‍ വോട്ട്' സംവിധാനം രാജ്യത്താദ്യമായി തെരഞ്ഞെടുപ്പ് കമീഷന്‍ ഇത്തവണ കര്‍ണാടകയില്‍ അവതരിപ്പിച്ചിരുന്നു. രജിസ്റ്റര്‍ ചെയ്ത 94.77 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.
കര്‍ണാടക മുഖ്യമന്ത്രി, മുന്‍ മുഖ്യ മന്ത്രി യെദിയൂരപ്പ, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍, നടന്‍ പ്രകാശ് രാജ് തുടങ്ങി പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. തന്റെ വോട്ട് സാമുദായിക രാഷ്ട്രീയത്തിനെതിരെയാണെന്നും കര്‍ണാടക എപ്പോഴും സുന്ദരമായിരിക്കണമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രകാശ് രാജ് പ്രതികരിച്ചു.
#WATCH | "We've to vote against communal politics. We need Karnataka to be beautiful," says Actor Prakash Raj after casting his vote for #KarnatakaAssemblyElection pic.twitter.com/bvVgTgeetP
— ANI (@ANI) May 10, 2023
ചാമരാജ് നഗര്‍, മൈസൂരു, കുടക്, ദക്ഷിണ കന്നട എന്നിവിടങ്ങളിലായി കേരള അതിര്‍ത്തിയില്‍ 20 പൊലിസ്, എട്ട് എക്‌സൈസ്, 14 വാണിജ്യ ചെക്ക് പോസ്റ്റുകള്‍ എന്നിവയടക്കം 185 അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. പണവും മദ്യവും സൗജന്യ വസ്തുക്കളുമടക്കം കര്‍ണാടകയില്‍ 375 കോടിയുടെ വസ്തുക്കളാണ് തെരഞ്ഞെടുപ്പ് കമീഷന്‍ പിടിച്ചെടുത്തത്.
പരസ്യ പ്രചാരണം അവസാനിച്ചശേഷം നിശ്ശബ്ദ പ്രചാരണ ദിവസമായ ചൊവ്വാഴ്ച മിക്ക രാഷ്ട്രീയ നേതാക്കളും ക്ഷേത്രദര്‍ശനങ്ങളിലായിരുന്നു. ഹനുമാന്‍ കീര്‍ത്തനങ്ങളുമായി ബി.ജെ.പി നേതാക്കള്‍ ക്ഷേത്രങ്ങളിലെത്തി. ബംഗളൂരു മൈസൂര്‍ ബാങ്ക് സര്‍ക്കിളിലെ ഹനുമാന്‍ ക്ഷേത്രത്തിലെത്തിയ കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ പ്രത്യേക പൂജ നടത്തി. ശേഷം സിദ്ധരാമയ്യക്കൊപ്പം മൈസൂരുവിലെ ചാമുണ്ഡി ക്ഷേത്രത്തിലെത്തി പ്രത്യേക പൂജയും പ്രാര്‍ഥനയും നിര്‍വഹിച്ചു. ഭരണത്തുടര്‍ച്ച നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തിലൂടെ കര്‍ണാടകയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു. 38 വര്‍ഷത്തിനിടെ ഭരണപക്ഷ പാര്‍ട്ടി തുടര്‍ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഒറ്റക്ക് ഭരണത്തിലേറിയിട്ടില്ലെന്നതാണ് ചരിത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."