തോല്‍വിയില്‍ അസ്വസ്ഥനായി നെതന്യാഹു; ആശ്വസിപ്പിച്ച് ബെന്നറ്റ്
'പുറത്താക്കാന്‍ ഹമാസും ഇറാനിലെ മുല്ലമാരും ഗൂഢാലോചന നടത്തി'
ജറൂസലേം: 12 വര്‍ഷക്കാലത്തെ ഇസ്‌റാഈല്‍ പ്രധാനമന്ത്രി പദം ബെഞ്ചമിന്‍ ഒഴിഞ്ഞത് മനസില്ലാ മനസോടെ. ഞായറാഴ്ച പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പിലുടനീളം അദ്ദേഹം അസ്വസ്ഥനായി. ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാര്‍ ഒരു വോട്ടിന് ഭൂരിപക്ഷം നേടിയതോടെ നെതന്യാഹുവിന്റെ ശരീരഭാഷ പരാജിതന്റേതായി.
ഒടുവില്‍ നിയുക്ത പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റ് എത്തി അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തിലിരുന്ന നെതന്യാഹു പരാജയം സമ്മതിക്കാന്‍ പ്രയാസപ്പെട്ടു. രാത്രി വൈകി നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി അധികാരക്കൈമാറ്റം നടത്തുമെന്ന പ്രസ്താവന ആദ്യമായി പുറത്തുവിട്ടു.
പിന്നാലെ നെതന്യാഹു താന്‍ ഉടനെ തിരികെ അധികാരത്തിലെത്തുമെന്ന് പാര്‍ലമെന്റില്‍ പറഞ്ഞു. വിശ്വാസം നേടിയതിനു പിന്നാലെ നെതന്യാഹു ബെന്നറ്റിനടുത്തെത്തി ഹസ്തദാനം നല്‍കി. ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ഥ്യമാക്കരുതെന്നും തന്നെ പുറത്താക്കാന്‍ ഹമാസും ഇറാനിലെ മുല്ലമാരും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്നും നെതന്യാഹു ആരോപിച്ചു.
നിരവധി അഴിമതി ആരോപണങ്ങള്‍ നേരിടുന്ന നെതന്യാഹുവിനെ പുതിയ സര്‍ക്കാര്‍ ജയിലിലടയ്ക്കുമോയെന്ന ഭയവും അദ്ദേഹത്തിനുണ്ട്. മറുപടിപ്രസംഗം നടത്തിയ ബെന്നറ്റ് ഇതു ദുഃഖിക്കേണ്ട രാത്രിയല്ലെന്നും ജനാധിപത്യ രീതിയിലുള്ള അധികാരമാറ്റമാണ് നടന്നതെന്നും പറഞ്ഞു.
ആര്‍ക്കും വിഷമം തോന്നരുതെന്നും മറ്റൊരാളുടെ വിഷമത്തിനു മേല്‍ തന്റെ പ്രവര്‍ത്തകര്‍ നൃത്തം ചെയ്ത് ആഘോഷിക്കരുതെന്നും നമുക്കിടയില്‍ ശത്രുതയില്ലെന്നും ബെന്നറ്റ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."