ഗാര്‍ഹിക നിരക്കില്‍ 18 ശതമാനം വര്‍ധനക്കു ശുപാര്‍ശ; ഇരുട്ടടിയായി നാളെ മുതല്‍ വൈദ്യുതി നിരക്കും കൂടും
തിരുവനന്തപുരം: സാധാരണക്കാരന് ഇരുട്ടടിയായി നാളെ മുതല്‍ വൈദ്യുതിച്ചാര്ജിലും വര്‍ധന. ഇന്ധനത്തിനും നിത്യോപയോഗസാധനങ്ങള്‍ക്കും നിത്യേനെ ഉയരുന്ന വില വര്‍ധനവിനു പുറമേയാണ് ഇടിത്തീയായി വൈദ്യുതി നിരക്ക് കൂടി ഉയരുന്നത്. ഈയിടെയാണ് ബസ് ചാര്‍ജ് ഓട്ടോ ടാക്സി നിരക്ക് വര്‍ധനയുണ്ടായത്. ഇന്ധനവില നിത്യേനെ ഉയരുന്നുമുണ്ട്. 2019 ജൂലൈ 19ന് അംഗീകരിച്ച വൈദ്യുതി നിരക്കാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
നാളെ മുതല്‍ പുതിയ നിരക്ക് റെഗുലേറ്ററി കമ്മിഷനാണ് പ്രഖ്യാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി അറിയിച്ചു.
വര്‍ധനയുടെ തോത് അറിയില്ലെന്നും വരവും ചെലവും കണക്കാക്കിയുള്ള വര്‍ധന ആണ് ആവശ്യപ്പെട്ടതെന്ന് മന്ത്രി വ്യക്തമാക്കി. നിരക്ക് തീരുമാനിക്കാനുള്ള അധികാരം വൈദ്യുതി റെഗുലേറ്ററി കമ്മിഷനാണെന്നും മന്ത്രി പറഞ്ഞു. വലിയ വര്‍ധന ഉണ്ടാകില്ല. പരമാവധി കുറഞ്ഞ തോതിലുള്ള നിരക്ക് വര്‍ധനയാണ് ആഗ്രഹിക്കുന്നതെന്നും കെ.കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
ഗാര്‍ഹിക വൈദ്യുതി നിരക്കില്‍ 18 ശതമാനം വര്‍ധനയാവശ്യപ്പെട്ടുള്ള താരിഫ് പ്ലാനാണ് വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചിട്ടുള്ളത്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ധന വേണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നിരക്ക് വര്‍ധനക്കുള്ള താരിഫ് പ്ലാനാണ് കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചിരിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷം 2,852 കോടിയുടെ റവന്യൂ കമ്മി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. യൂനിറ്റിന് 92 പൈസ നിരക്ക് വര്‍ധനയിലൂടെ 2,284 കോടി വരുമാനം കണ്ടെത്താനാകുമെന്നാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."