ചേനപ്പാടിയില്‍ നിന്നും പാളത്തൈര് എത്തി: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ നാളെ
പത്തനംതിട്ട: പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ നാളെ നടക്കും. ഇതിനായുള്ള പാളത്തൈര് ചേനപ്പാടിയില്‍ നിന്നും ആലോഷത്തോടെ ആറന്മുള ക്ഷേത്രത്തിലെത്തിച്ചു. പാളത്തൈര് ഘോഷയാത്രയെ പള്ളിയോട സേവാസംഘം ഭാരവാഹികള്‍ സ്വീകരിച്ചു. തുടര്‍ന്ന് അഷ്ടമി രോഹിണി വള്ളസദ്യയ്ക്കായി പാളത്തൈര് ഭഗവാന് സമര്‍പ്പിച്ചു.
ഇന്നലെ രാവിലെ 9.50നും 10.24നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ പ്രധാന അടുപ്പിലേക്ക് അഗ്നി പകര്‍ന്നതോടെ സദ്യയ്ക്കുള്ള വിഭവങ്ങള്‍ തയാറാക്കി തുടങ്ങി. മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി ശ്രീകോവിലില്‍ നിന്ന് പകര്‍ന്ന് നല്‍കിയ ദീപം ഊട്ടുപുരയിലെ നിലവിളക്കിലേക്ക് പകര്‍ന്നു. തുടര്‍ന്ന് പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി പ്രധാന അടുപ്പിലേക്ക് അഗ്നി പകര്‍ന്നു. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.ജി. ശശിധരന്‍ പിള്ള, സെക്രട്ടറി പി.ആര്‍. രാധാകൃഷ്ണന്‍, ഫുഡ് കമ്മിറ്റി കണ്‍വീനറും വൈസ് പ്രസിഡന്റുമായ കെ.പി. സോമന്‍, ജോയിന്റ് സെക്രട്ടറി രാഹുല്‍ രാജ്, ദേവസ്വം അസി. കമ്മിഷണര്‍ ഇന്‍ചാര്‍ജ് രാജീവ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ വേണുഗോപാല്‍, വള്ളസദ്യ നിര്‍വഹണ സമിതി അംഗങ്ങളായ കെ. ഹരിദാസ്, അനില്‍കുമാര്‍, പള്ളിയോട സേവാസംഘം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സി.കെ. ഹരിശ്ചന്ദ്രന്‍, വി. വിശ്വനാഥ പിള്ള, സഞ്ജീവ് കുമാര്‍, അശോക് കുമാര്‍, വള്ളസദ്യ ഉപസമിതി കണ്‍വീനര്‍ എ.ആര്‍. അനില്‍കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വള്ളസദ്യയ്ക്കായി കാഞ്ഞിരപ്പള്ളി ചേനപ്പാടി കരയില്‍ നിന്നുള്ള ഭക്തര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിലെത്തി ആചാരപ്രകാരമാണ് തൈര് സമര്‍പ്പിച്ചത്. വാഴൂര്‍ തിര്‍ഥപാദാശ്രമം മഠാധിപതി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ഥപാദരുടെ നേതൃത്വത്തില്‍ പാര്‍ഥസാരഥി ഭക്തജന സമിതിയാണ് വള്ളസദ്യയ്ക്കായി തൈര് സമര്‍പ്പിച്ചത്. 1200 ലിറ്റര്‍ തൈരാണ് പ്രത്യേകം അലങ്കരിച്ച വാഹനത്തില്‍ ആറന്മുളയിലെത്തിച്ചത്.
നാളെ അഷ്ടമിരോഹിണി വള്ളസദ്യയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും. രാവിലെ 11.30ന് ആണ് ഉദ്ഘാടന ചടങ്ങ്. കിഴക്ക് ഇടക്കുളം മുതല്‍ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള കരകളിലെ 51 പള്ളിയോടങ്ങള്‍ വള്ളസദ്യയില്‍ പങ്കെടുക്കും.
പള്ളിയോടത്തില്‍ എത്തുന്നവരെ ക്ഷേത്രക്കടവില്‍ സ്വീകരിക്കും. തുടര്‍ന്ന് ഇവര്‍ തുഴകള്‍ തോളിലേന്തി വഞ്ചിപ്പാട്ട് പാടി ക്ഷേത്രം വലം വയ്ക്കും. നടയില്‍ എത്തി പാര്‍ഥസാരഥിയെ വണങ്ങും. തുടര്‍ന്നാണ് വള്ളസദ്യ നടക്കുക. പതിനായിരക്കണക്കിന് ഭക്തജനങ്ങളും ക്ഷേത്ര തിരുമുറ്റത്തിരുന്ന് സദ്യയില്‍ പങ്കുചേരും. 51 കരകളില്‍ നിന്നും വള്ളസദ്യയ്ക്കുള്ള വിഭവങ്ങള്‍ ശേഖരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."