മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷം
സ്വന്തം ലേഖകൻ
തിരുവനന്തപുരം
അടിയന്തരപ്രമേയ ചർച്ചയിൽ മുഖ്യമന്ത്രിയ്‌ക്കെതിരേ ചോദ്യശരങ്ങളുമായി പ്രതിപക്ഷം. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാകുംവിധമാണ് പ്രതിപക്ഷ അംഗങ്ങൾ ചോദ്യങ്ങൾ ഉന്നയിച്ചത്.
ആരോപണങ്ങൾ തെറ്റാണെങ്കിൽ അതുന്നയിച്ചവർക്കെതിരേ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ഷാഫി പറമ്പിൽ ചോദിച്ചു. കോടതിയിൽ രഹസ്യമൊഴി നൽകിയതിന് കേസ് എടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ബാഗ് മറന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥനാണോ മുഖ്യമന്ത്രിയാണോ കള്ളം പറയുന്നത്. ജേക്കബ് തോമസ് പുസ്തകമെഴുതിയാൽ കേസെടുക്കുന്ന സർക്കാർ എന്തുകൊണ്ട് ശിവശങ്കറിനെതിരേ കേസെടുക്കുന്നില്ല തുടങ്ങിയ ചോദ്യങ്ങളാണ് ഷാഫി ഉന്നയിച്ചത്.
കേരള മുഖ്യമന്ത്രി യു.എ.ഇയിലായിരിക്കുമ്പോൾ ബാഗ് കൊടുത്തയക്കാൻ സർക്കാരിന് സംവിധാനമില്ലേയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു.
ഇത്രയും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടും വേഗത്തിൽ ശിവശങ്കറിനെ തിരിച്ചെടുത്തത് എൻ. ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. ദേശവിരുദ്ധ ഉള്ളടക്കമുള്ള കേസിൽ കുറ്റാരോപിതനായ ഒരാൾ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്നത് അപമാനകരമാണെന്ന് കെ.കെ രമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."