മൊബൈലില്‍ മനസടുപ്പിക്കുമ്പോള്‍
ഡോ. അനീസ് അലി
കാഴ്ചയില്‍ എട്ട് വയസു പൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയാണ്. മതാപിതാക്കളാണ് അവനെ എന്റെ അരികിലെത്തിച്ചത്. നന്നായി പഠിക്കുന്ന മകന്‍ ഇപ്പോള്‍ അന്തര്‍മുഖനാണെന്നാണ് അവരുടെ പരാതി. പഠനത്തില്‍ പിന്നോട്ട് പോയി, എല്ലാത്തിലും താത്പര്യക്കുറവ്, അധിക സമയവും ഫോണുമായുള്ള ജീവിതമാണ്. അവന്റെ പ്രായത്തിലുള്ള പെണ്‍കുട്ടികളോടു താത്പര്യമുള്ളത് മാത്രമാണ് മതാപിതാക്കള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടു കാണാന്‍കഴിഞ്ഞത്. സമപ്രായക്കാരായ പെണ്‍കുട്ടികളോട് അടുപ്പവും അവരുടെ ലൈംഗിക അവയവങ്ങള്‍ സ്പര്‍ശിക്കാനുള്ള പ്രവണതയും അവന്‍ പ്രകടിപ്പിക്കുന്നുണ്ട്. മാതാപിതാക്കളെ മാറ്റിനിര്‍ത്തി കുട്ടിയോട് സംസാരിച്ചപ്പോഴാണ് രഹസ്യം വെളിവായത്. ഇതുവരേ ആരോടും പറയാത്ത വിവരം എന്നോടവന്‍ പങ്കുവച്ചു. അവന്റെ മനസ് തുറപ്പിക്കാന്‍ ചില മന:ശാസത്ര രീതികള്‍ പ്രയോഗിച്ചപ്പോഴാണ് എല്ലാം തുറന്നു പറഞ്ഞത്.
എട്ടു വയസുള്ള ഒരു വ്യക്തിയെ രക്ഷിതാക്കള്‍ ഒരു കുട്ടി മാത്രമായി കണ്ടതാണ് പ്രശ്‌നം. മൂന്നാം ക്ലാസില്‍ പഠിക്കുന്ന ഈ മിടുക്കനായ കുട്ടി എല്ലാം കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട് എന്ന ബോധ്യം ഈ കുട്ടിയെ എന്റെ അരികിലേക്ക് എത്തിക്കുന്നത് വരെ ആ രക്ഷിതാക്കള്‍ക്കുണ്ടായിരുന്നില്ല. രാത്രി മതാപിതാക്കളോടൊപ്പമാണ് കുട്ടിയും ഉറങ്ങിയിരുന്നത്. ഉറങ്ങി എന്നു പറയാനാവില്ല, കിടന്നിരുന്നത്. എന്നാല്‍ ഉറങ്ങാതിരുന്ന കുട്ടി മാതാപിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കാണാനിടയായതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ആദ്യദിനം അപ്രതീക്ഷിതമായി കണ്ടതാണെങ്കില്‍ പിന്നെ കുട്ടി ഉറക്കമിളച്ച് ഇതു കാണാന്‍ കാത്തിരുന്നു. ഇതിനെ തുര്‍ന്ന് ഫോണിലൂടെ സമാനമായ ദൃശ്യങ്ങള്‍ കാണാനുള്ള കൗതുകവും അവന്റെ മനസിലുണ്ടായി. പോണ്‍സൈറ്റില്‍ വരെ എത്തിപ്പെട്ടു. ചെറിയ പെണ്‍കുട്ടികളോട് ആകര്‍ഷണവും അടുപ്പവും കാണിക്കാന്‍ തുടങ്ങി. എട്ടുവയസുള്ള, സമൂഹത്തെ സൂക്ഷ്മമായി വിലയിരുത്തിത്തുടങ്ങുന്ന കുട്ടിയെ ഒരു കൊച്ചു കുട്ടിമാത്രമായി കണ്ട മതാപിതാക്കളാണ് ശരിക്കും ഈ കഥയിലെ വില്ലന്‍മാര്‍. അവനെ മാതാപിതാക്കളില്‍ നിന്നു മാറ്റിക്കിടത്തുക എന്നതായിരുന്നു ഞാന്‍ നല്‍കിയ ആദ്യ ഉപദേശം.
കുട്ടികള്‍ക്ക്
കാവലിരിക്കണം
കുട്ടികളുടെ പഠനത്തിന്റെ ഭാഗമായി മൊബൈല്‍ ഫോണ്‍ മാറിയിരിക്കുന്നു. അവരുടെ ജീവിതം തന്നെ മൊബൈലിനെ ആശ്രയിച്ചാണ്. രാവിലെ അഞ്ചു മണി മുതല്‍ ട്യൂഷന്‍ ക്ലാസുകള്‍ തുടങ്ങുകയാണിപ്പോള്‍. പിന്നെ രാത്രി കിടക്കുന്നതുവരെ മൊബൈലിനെ ചുറ്റിപ്പറ്റിയാണ് അവരുടെ ജീവിതം തന്നെ. കൃത്യ സമയത്ത് മൊബൈല്‍ നല്‍കുകയും പഠനം കഴിഞ്ഞാല്‍ തിരിച്ചുവാങ്ങുകയും ചെയ്യുക എന്ന ശീലം തുടക്കത്തിലേ വളര്‍ത്തിയെടുക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്. ഒരിക്കല്‍ പോലും തുറക്കാനുള്ള പാസ്‌വേഡുകള്‍ കുട്ടികള്‍ക്കു കൈമാറരുത്. അതിനായി അവര്‍ കരയുകയോ വിലപേശല്‍ നടത്തുകയോ ചെയ്താലും അതില്‍ അകപ്പെട്ടുപോവരുത്. എളുപ്പത്തില്‍ തുറക്കാവുന്ന അക്കങ്ങള്‍ വച്ചാലും അതു പൊളിച്ച് അകത്തു കടക്കാനുള്ള അനുകരണ പ്രവണതയും കൗശലവും കുട്ടികള്‍ക്കുണ്ടെന്ന കാര്യവും മറക്കേണ്ട. മാതാപിതാക്കളുടെ ഫിങ്കര്‍ പ്രിന്റുപയോഗിച്ചുള്ള പൂട്ടും പരീക്ഷിക്കാവുന്നതാണ്.
ചെറിയ കുട്ടികളോട് ഫോണ്‍ ഉപയോഗത്തിന്റെ ദൂശ്യഫലങ്ങളെ കുറിച്ച് ഗിരിപ്രഭാഷണം നടത്തിയിട്ടു കാര്യമില്ല. പകരം ഫോണ്‍ ഉപയോഗം വഴി സംഭവിച്ച അപകടങ്ങളുടെ ദൃശ്യങ്ങളും ചിത്രങ്ങളും കാട്ടി അമിതോപയോഗത്തിന്റെ വിപത്തുകള്‍ അവരുടെ മനസില്‍ പതിപ്പിക്കാന്‍ ശ്രമിക്കാവുന്നതാണ്. മൊബൈലിനായി കരയുന്ന സമയത്ത് അതിന്റെ അപകടങ്ങളെ കുറിച്ച് അവരോട് പറഞ്ഞിട്ടു കാര്യമില്ല. അവര്‍ നല്ല മൂഡിലാവുമ്പോള്‍ സ്‌നേഹത്തോടെ ഉപദേശിക്കുക എന്നത് മാത്രമാണ് പോംവഴി.
മൊബൈല്‍ ഗെയ്മുകള്‍ക്ക് അടിപ്പെട്ടവരെ അതിന്റെ മായാ ലോകത്ത് നിന്നും മോചിപ്പിക്കുക എന്നത് ശ്രമകരമാണ്. ഫോണില്‍ നിന്നു ഗെയ്മുകള്‍ ഒഴിവാക്കി അവരെ ചെറിയ പ്രായത്തില്‍ തന്നെ മോചിപ്പിച്ചെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കാന്‍ മൊബൈല്‍ നല്‍കുകയോ കാര്‍ട്ടൂണ്‍ കാണിക്കുകയോ ചെയ്യുന്നത് വലിയ അപകടമാണ് വരുത്തിവയ്ക്കുക. നൈമിഷികമായി നേട്ടമുണ്ടായാലും ആത്യന്തികമായി ഇത് അപകടം ചെയ്യും. പിന്നീട് കാര്‍ട്ടൂണ്‍ കാഥാപാത്രങ്ങളുടെ ശബ്ദത്തിന്റെ അകമ്പടിയില്ലാതെ ഭക്ഷണംകഴിക്കാന്‍ കഴിയാത്തവിധം കുട്ടികള്‍ മൊബൈലിന് അടിമപ്പെട്ടുപോവും എന്നു നാം തിരിച്ചറിയണം. കരയുമ്പോഴേക്കും മൊബൈല്‍ നല്‍കുന്നതും ശരിയല്ല. പിന്നീട് എന്തു ലഭിക്കാനും അവര്‍ കരച്ചില്‍ ഒരു ആയുധമായി ഉപയോഗിക്കും. കരഞ്ഞാല്‍ ഒന്നും വാങ്ങിനല്‍കില്ല എന്ന സന്ദേശം ആദ്യമേ നല്‍കിയാല്‍ പിന്നീട് കരയാതെ കാര്യങ്ങള്‍ പറയുന്നവരായി അവര്‍ മാറും.
കൊച്ചു കുട്ടികളോട് മൊബൈല്‍ ഉപയോഗിക്കരുതെന്ന് പറഞ്ഞ്, അതു വാങ്ങിവച്ചു രക്ഷിതാക്കള്‍ മുഴുസമയവും മൊബൈലിലാണെങ്കില്‍ കാര്യമില്ല. അനുകരണ പ്രവണത കുട്ടികളില്‍ ആദ്യംമുതലുണ്ടാവും. അവര്‍ രക്ഷിതാക്കളെ ചോദ്യം ചെയ്യുകയും ചെയ്യും.
കൗമാരം
പരിധിക്കുള്ളിലാവണം
ആധുനിക സാങ്കേതിക സൗകര്യങ്ങളെക്കുറിച്ചും അതിന്റെ പുതിയ വിവരങ്ങളെ സംബന്ധിച്ചും ഏറ്റവും അറിവുള്ളവര്‍ കൗമാരക്കാരാണ്. രക്ഷിതാക്കളുടെ എല്ലാ പൂട്ടുകളും പൊട്ടിച്ച് പുറത്തുപോവാനുള്ള പ്രവണത പ്രകടിപ്പിക്കുന്ന സമയമാണിത്. എല്ലാത്തിനോടും കൗതുകവും അടുപ്പവും തോന്നുന്ന പ്രായം. ഏതും രുചിച്ചുനോക്കാനുള്ള ധൈര്യം പ്രകടിപ്പിക്കുന്ന സമയം. മൊബൈലിന്റെ വിപത്തിനെ കുറിച്ചോ, മൊബൈല്‍ മാനിയയെ കുറിച്ചോ പറഞ്ഞാല്‍ അതു ഗൗനിക്കുകപോലും ചെയ്യാതെ, നിങ്ങള്‍ക്ക് എന്തറിയാം എന്നുള്ള മാനസികാവസ്ഥ പ്രകടിപ്പിക്കുന്ന ഘട്ടം കൂടിയാണിത്. ഇവരില്‍ നിന്ന് മൊബൈല്‍ നിര്‍ബന്ധിച്ചു തിരിച്ചുവാങ്ങുകയോ പാസ്‌വേര്‍ഡ് രഹസ്യമാക്കുകയോ ചെയ്തിട്ടു കാര്യമില്ല. അവരില്‍ പ്രതികാര ദാഹമുദിക്കുക മാത്രമേ ചെയ്യൂ. പ്രധാനമായും ഇന്‍സ്റ്റഗ്രാമിലാണ് നമ്മുടെ കൗമാരം. അവര്‍ക്കു പറ്റിയവരവിടെയാണുള്ളത്. അല്‍പം വായനയും ചിന്തയുമൊക്കെയുള്ളവര്‍ ക്ലബ് ഹൗസിലുമുണ്ട്.
ഈ പ്രായത്തിലുള്ളവരോട് കലഹത്തിനും കലാപത്തിനും പോയിട്ട് ഒരു കാര്യവുമില്ല. മൊബൈലിന് അടിപ്പെട്ടു പോയ വിദ്യാര്‍ഥികളെ അതില്‍ നിന്നു മോചിപ്പിക്കുക വളരെ പ്രയാസവുമാണ്. എന്തും ധൈര്യസമേതം നേരിടാനുള്ള പ്രായമാണിത്. അവരോട് മതാപിതാക്കള്‍ എന്ന ആനൂകൂല്യത്തില്‍ സരസമായും സ്‌നേഹത്തോടെയും കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക എന്നതാണ് വഴി. മൊബൈലും ലാപ്പും തുറസായ സ്ഥലങ്ങളില്‍വച്ച് ഉപയോഗിക്കുക. സ്വകാര്യ മുറികളില്‍ കമ്പ്യൂട്ടര്‍ വയ്ക്കാതിരിക്കുക. മുറികളില്‍ വയ്ക്കുമ്പോള്‍ തന്നെ പ്രവേശനഭാഗത്തിന് അഭിമുഖമായ വയ്ക്കുക തുടങ്ങിയ നടപടികളൊക്കെ സ്വീകരിക്കാം.
വീട്ടിലെ എല്ലാവരുടേയും മൊബൈലിന്റെ പാസ്‌വേഡുകള്‍ പരസ്പരം കൈമാറുക എന്ന ഒരു പൊതുസമീപനം സ്വീകരിച്ചാലും നന്നാവും. അപ്പോള്‍ അവര്‍ക്കെതിരായ ഒരു നീക്കമായി ഇതിനെ അവര്‍ മനസിലാക്കില്ല. അതുവഴി ഇടക്കിടെ അവരുടെ സാമൂഹിക മാധ്യമങ്ങള്‍ പരിശോധിക്കുകയും ചെയ്യാം. എപ്പോഴും കൗമാരക്കാരില്‍ ഒരു അദൃശ്യമായ മേല്‍നോട്ടം രക്ഷിതാക്കള്‍ക്ക് വേണം. ചെറുപ്പം മുതലേ അവരുടെ അനുമതിയില്ലാതെ ഫോണും ലാപ്പും സൗഹൃദത്തോടെ പരിശോധിക്കുന്ന ഒരു ശീലം രൂപപ്പെടുത്തിയെടുക്കുന്നതും നന്നാവും.
പോണ്‍ അഡിക്ഷന്‍
പ്രായഭേദമന്യേ സമൂഹത്തിലെ നല്ലൊരു ശതമാനം പേര്‍ പോണ്‍സൈറ്റിന് അഡിക്റ്റഡാണ്. ഇന്റര്‍നെറ്റിന്റെ വേഗതയോടെയുള്ള ലഭ്യതയും സ്വകാര്യ ഇടങ്ങള്‍ വര്‍ധിച്ചതും വീട്ടിലെ ഒരോ വ്യക്തികള്‍ക്കും ഒരോ ഫോണായതുമൊക്കെ ഇതിലേക്കു നയിച്ച കാരണങ്ങളാണ്. പല പ്രായക്കാരും പല കാരണത്താലാണ് ഇത്തരം സൈറ്റുകള്‍ കാണുന്നത്. കൗമാരക്കാരില്‍ ലൈംഗികതയോടുള്ള കൗതുകം വര്‍ധിക്കുകയും ശരീരത്തില്‍ ഹോര്‍മോണ്‍ വളര്‍ച്ചയുണ്ടാവുകയും ചെയ്യുന്ന സമയമാണിത്. യുവാക്കളെയും യുവതികളെയും അവരുടെ ദാമ്പത്യ ജീവിതത്തിലെ ലൈംഗിക ദാരിദ്ര്യമായിരിക്കും ഒരുപക്ഷേ, ഇതിലേക്ക് എത്തിച്ചിട്ടുണ്ടാവുക. പ്രായമായവര്‍ ലൈംഗിക നിരാശയില്‍ നിന്നു മോചനം നേടാനാവും ഇത്തരം ഇടങ്ങളിലേക്ക് എത്തിച്ചേരുക. സൈറ്റുകള്‍ക്ക് വേണ്ടി ഷൂട്ട് ചെയ്യുന്ന ദൃശ്യങ്ങളോട് തങ്ങളുടെ ദാമ്പത്യ ബന്ധങ്ങള്‍ തുലനംചെയ്തു നിരാശരാകുന്നവരും പങ്കാളികളുടെ ലൈംഗികശേഷിയില്‍ സംശയം ഉന്നയിക്കുന്നവരുമുണ്ട്. പോണ്‍ അഡിക്റ്റഷനില്‍ നിന്നു കൗമാരക്കാരെ മോചിപ്പിക്കാന്‍ അവരുടെ മുറികളില്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തുകയും മൊബൈല്‍ ഇടക്കിടെ പരിശോധിക്കുകയും ചെയ്യുക എന്നതാണ് വഴി. ഈ വിഷയത്തില്‍ ബോധവത്കരണം നടത്താല്‍ രക്ഷിതാക്കള്‍ക്ക് പരിമിതിയുണ്ടാവും. എന്നാല്‍ മുതിര്‍ന്നവരെ നിയന്ത്രിക്കേണ്ടത് അവര്‍ തന്നെയാണ്. ഇതൊരു അയഥാര്‍ഥമായ മായാ ലോകമാണെന്ന തിരിച്ചറിവാണ് അവര്‍ക്കുണ്ടാവേണ്ടത്.
മൊബൈല്‍ മാനിയ
മൊബൈല്‍ ഉപയോഗം വര്‍ധിക്കുകയും അതില്ലാതെ വരുമ്പോള്‍ ചെറുത്തുനില്‍ക്കാന്‍ കഴിയാതെ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്യുന്ന മാനസിക അവസ്ഥയിലെത്തുന്നതിനെയാണ് മൊബൈല്‍ മാനിയ എന്നു പറയുന്നത്. ഇനി കുറച്ചുനേരം ഉപയോഗിക്കരുത് എന്നു കരുതിയാലും അവരറിയാതെ തന്നെ കൈകള്‍ മൊബൈലിലേക്ക് പോവുന്ന പ്രവണതയാണിത്. പുതുതായി ഒരു സന്ദേശവും വന്നിട്ടില്ലെന്ന ഉറപ്പുണ്ടായിട്ടും വെറുതെ വാട്‌സ്ആപ്പ് ഒന്നുകൂടി നോക്കുക, നോക്കിയ സ്റ്റാറ്റസ് വീണ്ടും പരിശോധിക്കുക, ഫെയ്‌സ്ബുക്ക് നോട്ടിഫിക്കേഷന്‍ ഇടക്കിടെ നോക്കുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ഒരു വീഡിയോ കണ്ടാല്‍ അതില്‍ നിന്ന് അടുത്ത വീഡിയോകളിലേക്ക് അനന്തമായി സഞ്ചരിക്കും. ആ സമയത്തു ചെയ്യേണ്ട മറ്റു ജോലികളെക്കുറിച്ച് ആലോചിക്കുകപോലുമില്ല. ഫോണ്‍ ഉപയോഗത്തിനിടയില്‍ വന്ന കോളുകള്‍ വരെ ചിലപ്പോള്‍ ഡിക്ലൈന്‍ ചെയ്യും.
ഫോണെടുത്താല്‍ തന്നെ പെട്ടെന്ന് സംസാരം അവസാനിപ്പിക്കും. ഇടക്കിടപെട്ട മക്കളോടും ഭാര്യയോടും ക്ഷോഭിക്കും. ഒരു സുഹൃത്തിനു ഹലോ എന്നു അയച്ചാല്‍ അവരുടെ റീപ്ലേ വന്നോ എന്ന് ഇടക്കിടേ നോക്കിക്കൊണ്ടിരിക്കും. അമിതോപയോഗത്തെ കുറിച്ച് ചോദിച്ചാല്‍ അതു സമ്മതിക്കുകയുമില്ല. ഡ്യൂട്ടിയുടെ ഭാഗമാണ്, വേണ്ടപ്പെട്ട സുഹൃത്ത് വിളിച്ചതാണ് എന്നൊക്കെയുള്ള മറുന്യായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കും. രാത്രി ഉറക്കിലുണര്‍ന്നുപോലും മൊബൈലുണ്ടോ എന്നു നോക്കും.
ഫെയ്‌സ്ബുക്കിന്റേയും യൂറ്റൂബിന്റേയും അല്‍ഗോരിതം വഴി നമ്മുടെ അഭിരുചിക്കനുസരിച്ചുള്ള വിഭവങ്ങള്‍ നമ്മുടെ ഫീഡില്‍ വരുന്നതിനനുസരിച്ച് രാത്രി ഉറങ്ങാതെ നട്ടപ്പാതിര വരെ മൊബൈലില്‍ തന്നെയായിരിക്കും. ഒരുനിമിഷം വൈഫൈ വിഛേദിക്കപ്പെട്ടാലോ ഡാറ്റ തീര്‍ന്നാലോ നമ്മള്‍ ശ്വാസംലഭിക്കാത്ത അവസ്ഥയില്‍ അകപ്പെട്ടപോലെ വെപ്രാളപ്പെടും. മദ്യത്തിനും മറ്റു ലഹരിക്കും അടിമപ്പെട്ടവര്‍ അതു ലഭിക്കാതെ വരുമ്പോള്‍ പ്രകടിപ്പിക്കുന്ന വെപ്രാളം ഫോണ്‍ കേടുവന്നാലോ സ്വിച്ച്ഓഫായാലോ പ്രകടിപ്പിക്കും. ഭക്ഷണം കഴിക്കുന്ന തീന്‍മേശയില്‍ പോലും പ്രധാന വിഭവം ഫോണായിരിക്കും. ഭാര്യയോടോ മക്കളോടെ ഒന്നു മനസ്തുറന്നു സംസാരിക്കാന്‍പോലും സമയമുണ്ടാവില്ല. വീട്ടില്‍ അതിഥി വന്നാല്‍ അവരോട് സംസാരിക്കുന്നത് പോലും മൊബൈല്‍ നോക്കിയാവും. മൊബൈലില്ലാതെ ബാത്ത്‌റൂമില്‍ പോലും പോവാന്‍ കഴിയില്ല. കുട്ടികളില്‍ ഇത് കാര്‍ട്ടൂണിനോടും ചെറിയ ഡിജിറ്റല്‍ ഗെയ്മിനോടുമുള്ള അഭിനിവേശമായിരിക്കും. കൗമാരക്കാരില്‍ മൊബൈല്‍ ഗെയ്മിലായിരിക്കും ഇതു കാര്യമായി പ്രകടമാവുക. ഈ ഡിജിറ്റല്‍ ഡിവൈസിനെ നിയന്ത്രിക്കാന്‍ മാനസികമായി കഴിയാത്ത അവസ്ഥയിലെത്തും.
ഈ അവസ്ഥയില്‍ ഒരു മനുഷ്യന്‍ എത്തിയിട്ടുണ്ടെങ്കില്‍ അദ്ദേഹം മൊബൈലിന് അഡിക്റ്റഡാണെന്ന് ആദ്യം തിരിച്ചറിയണം. ഈ അവസ്ഥയില്‍ നിന്നു മാറാന്‍ ആദ്യചികിത്സ നടത്തേണ്ടത് അവന്‍ തന്നെയാണ്. എന്റെ സമയവും പണവും ഊര്‍ജ്ജവും അനാവശ്യമായി ചെലവഴിക്കപ്പെടുകയാണെന്നും ഇതില്‍ നിന്ന് ഞാന്‍ സ്വയം മാറുമെന്നുമുള്ള തിരിച്ചറിവ് ആദ്യം ഉണ്ടാവണം. മനസിനെ ക്രമേണ പാകപ്പെടുത്തിയെടുക്കുക എന്നതാണ് വഴി. ഒരു ദിവസംകൊണ്ട് നടക്കുന്ന കാര്യമല്ല. നാം ഒന്നിനേയും അനാവശ്യമായി ആശ്രയിക്കില്ലെന്നു മനസിനോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം. എല്ലാത്തിനും ഫോണിനെ ആശ്രയിക്കുന്ന രീതി മാറ്റണം. പ്രധാനപ്പെട്ട ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയവ മനസില്‍ ഓര്‍ത്തുവയ്ക്കുകയോ എവിടെയെങ്കിലും കുറിച്ചുവയ്ക്കുകയോ വേണം.
മരുന്നുണ്ടോ?
മരുന്നുകൊണ്ട് മാത്രം മാറ്റാവുന്ന രോഗമല്ല മൊബൈല്‍ മാനിയ. ക്രമേണ മനസിനെ ബോധ്യപ്പെടുത്തി അമിതോപയോഗത്തില്‍ നിന്ന് മിതോപയോഗത്തിലേക്കും പിന്നെ അത്യാവശ്യോപയോഗത്തിലേക്കും കൊണ്ടുവരിക എന്നതാണ് മാര്‍ഗം. ഉപയോഗത്തിനു സമയം നിശ്ചയിക്കുക, ഫേസ്ബുക്ക് പോലുള്ള ആപ്ലിക്കേഷനില്‍ ഉപയോഗസമയം പരിമിതപ്പെടുത്താനുള്ള ലോക്കിങ് സംവിധാനമുണ്ട്, അതു പ്രയോഗിക്കുക. ഒരു നിലക്കും ഉപേക്ഷിക്കാന്‍ പറ്റാത്ത ഗെയ്മുകളില്‍നിന്നു മറാനുള്ള വഴി മനസിനെ ആദ്യം ബോധ്യപ്പെടുത്തി, താത്കാലികമായി ആ ആപ്ലിക്കേഷന്‍ തന്നെ ഡിലീറ്റ് ചെയ്യുക എന്നതാണ്.
മൊബൈല്‍ ലഭിക്കാതെ വരുമ്പോള്‍ അക്രമാസക്തമാവുന്ന അവസ്ഥയുണ്ടായാല്‍ അതു നിയന്ത്രിക്കാനും ചിന്തകളില്‍ മാറ്റംവരുത്താനും ചില മരുന്നുകള്‍ കഴിക്കാം. അല്ലാത്ത സവിശേഷമായ മരുന്നൊന്നും ഇതിനില്ല. മറ്റുള്ളവരെ ബാധിക്കുന്ന രീതിയില്‍ സ്വഭാവദൂഷ്യമുണ്ടെങ്കില്‍ കൗണ്‍സിലിങ്ങിനും തെറാപ്പിക്കുമൊപ്പം ചില ഔഷധങ്ങള്‍ ഉപയോഗിക്കാം എന്നുമാത്രം. സ്വയം നിയന്ത്രണവും തിരിച്ചറിവുമാണ് പ്രധാന ഔഷധം.
(രാമനാട്ടുകര മന:ശാന്തി ഹോസ്പിറ്റല്‍ ഡയറക്ടറും സൈക്യാട്രിക് കണ്‍സള്‍ട്ടന്റുമാണ് ലേഖകന്‍. ഫോണ്‍: 9544001717)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."