ബഫർ സോൺ നീക്കത്തെ ചെറുക്കുക ;മരുതോങ്കരയിൽ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ; അന്വേഷണം ഊർജിതമാക്കി പൊലിസ്
കുറ്റ്യാടി: 'ബഫർ സോൺ നീക്കത്തെ ചെറുക്കുക' ആവശ്യവുമായി മരുതോങ്കരയിൽ മാവോയിസ്റ്റുകളുടെ പേരിൽ പോസ്റ്റർ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലിസ്. തൊട്ടിൽപാലം പൊലിസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച്ച രാവിലയാണ് പശുക്കടവ് ടൗണിലെ കടയിലെ ചുമരുകളിലാണ് സി.പി.ഐ (മാവോയിസ്റ്റ്) ബാണാസുര ഏരിയാ കമ്മറ്റിയുടെ പേരിൽ പോസ്റ്ററുകൾ പതിച്ച നിലയിൽ കണ്ടത്.
പ്രദേശവാസിയായ വ്യക്തിയുടെ ചായക്കടയിലും പരിസരത്തുമാണ് ബഫർ സോണിനെതിരെ ആറോളം പോസ്റ്ററുകൾ കണ്ടത്. പോരാടുന്ന കർഷക, അദ്ധ്വാനിക്കുന്ന ജനങ്ങൾക്ക് വിപ്ലവ അഭിവാദ്യങ്ങൾ, ബഫർസോൺ നീക്കത്തെ ചെറുക്കുക, പോരാട്ടത്തിനിറങ്ങിയ കർഷകർക്ക് അഭിവാദ്യങ്ങൾ എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ എഴുതിയിട്ടുള്ളത്. നാദാപുരം ഡി.വൈ.എസ്.പി വി.വി രതീഷാണ് കേസന്വേഷിക്കുന്നത്. ഡോഗ് സ്ക്വാഡ്, ഫോറൻസിക്, വിരലടയാള വിദഗ്ദർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.
ഇതിനിടെ ഡോഗ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നായ കാട്ടിലേക്കാണ് ഓടിപ്പോയത്. അതിനാൽ പോസ്റ്റർ പതിച്ചവർ കാട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് നിഗമനം. അധ്വാനിക്കുന്ന ജനങ്ങളുടെ താൽപര്യ വീക്ഷണത്തോടെ പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ സായുധ സമരത്തിൽ അണിനിരക്കണമെന്നും പോസ്റ്ററിൽ ആഹ്വാനമുണ്ട്. സമീപത്തെ സി.സി.ടി.വി ദൃശ്യവും പൊലിസ് പരിശോധിക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് പശുക്കടവിൽ സായുധ ധാരികളായ മാവോയിസ്റ്റുകൾ എത്തുകയും രണ്ട് വീടുകളിൽ നിന്ന് അരിയും ഭക്ഷണ സാധനങ്ങൾ ശേഖരിക്കുകയും സർക്കാർ വിരുദ്ധ ലഘുലേഖ വിതരണവും ഇവർ നടത്തിയിരുന്നു. സംഭവത്തിൽ ഒരു കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."