വൈക്കം സത്യഗ്രഹം ഹിന്ദു ഐക്യത്തിന്റെ പ്രതീകമോ?
ഡോ. ടി.എസ് ശ്യാം കുമാര്‍
വൈക്കത്ത് സഞ്ചാര സ്വാതന്ത്ര്യത്തിനും അയിത്തത്തിനുമെതിരായി നടന്ന മഹത്തായ പോരാട്ടത്തെ ഹിന്ദു ഐക്യത്തിന്റെ പ്രതീകമായി വ്യാഖ്യാനിച്ചു കൊണ്ട് സാംസ്‌കാരിക ഹിന്ദുത്വവാദികളും രാഷ്ട്രീയ ഹിന്ദുത്വരും വൈക്കം പോരാട്ടത്തെ ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂടി വരികയാണ്. വൈക്കത്ത് നടന്ന മഹത്തായ സുദീര്‍ഘ പോരാട്ടം കേവലം ഹിന്ദു മത പരിഷ്‌കരണമായും ഹിന്ദു മതത്തിലെ ശൈഥില്യങ്ങളെ പരിഹരിക്കുന്നതിനായുള്ള സങ്കുചിത വ്യവസ്ഥയായും ഹിന്ദുത്വര്‍ ചരിത്ര വിരുദ്ധമായി വൈക്കം പോരാട്ടത്തെ ചുരുക്കി വ്യാഖ്യാനിക്കുകയാണ് ചെയ്യുന്നത്.
അവര്‍ണര്‍ ഹിന്ദുക്കളോ?
ബ്രാഹ്മണേതരരായ അവര്‍ണ ജനവിഭാഗങ്ങളെ ഹിന്ദുക്കളായി വ്യാഖ്യാനിച്ചാണ് വൈക്കം പോരാട്ടത്തെ ഹിന്ദു സമുദായ പരിഷ്‌കരണമായി ചിത്രീകരിക്കുന്നത്. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തില്‍ അവര്‍ണരെ ഹിന്ദുക്കളായി അംഗീകരിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. 1936ല്‍ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച സന്ദര്‍ഭത്തില്‍ കൈമുക്ക് വൈദികനും വെളുത്തേടത്ത് തരണനെല്ലൂര്‍ നമ്പൂതിരിപ്പാടും ഉള്‍പ്പെടെയുള്ള പാരമ്പര്യവാദികളായ നമ്പൂതിരിമാര്‍ യോഗം ചേര്‍ന്ന് ക്ഷേത്ര പ്രവേശനത്തെ എതിര്‍ക്കുകയാണുണ്ടായത്. അയിത്തക്കാര്‍ പ്രവേശിക്കുന്ന തിരുവിതാംകൂറിലെ ക്ഷേത്രങ്ങളില്‍ പൂജ നടത്തുന്ന കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പൂജാരിക്കെതിരേ നടപടിയെടുക്കാനും നമ്പൂതിരിമാരുടെ യോഗം തീരുമാനിച്ചു.
ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്ത അഖില മലബാര്‍ ഹരിജന്‍ സമാജത്തിന്റെ നായകനും വിപ്ലവകാരിയുമായ പി.എം ഉണ്ണികൃഷ്ണനെ കണ്ടോത്ത് കൃഷ്ണന്‍ നമ്പ്യാര്‍ എന്ന സവര്‍ണന്‍ ക്രൂരമായാണ് ആക്രമിച്ചത്. പള്ളത്താന്‍ കുളങ്ങര ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഈഴവരെയും വാലന്മാരെയും മലയാള ശൂദ്രന്മാര്‍ ക്രൂരമായി ആക്രമിച്ചു കൊണ്ടാണ് നേരിട്ടത്.
വൈക്കം സത്യഗ്രഹത്തിന് ശേഷവും കൂടല്‍മാണിക്യത്തിലുള്‍പ്പെടെ ശക്തമായ അയിത്തമാണ് നിലനിന്നത്. 1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തെ ശക്തമായി എതിര്‍ത്ത സവര്‍ണരുടെ കൂട്ടായ്മ വ്യക്തമാക്കുന്നത് വൈക്കത്തെ പോരാട്ടത്തിന് ശേഷവും സവര്‍ണര്‍ക്ക് ബഹുഭൂരിപക്ഷം വരുന്ന അവര്‍ണരോടുള്ള മനോഭാവത്തില്‍ മാറ്റമുണ്ടായില്ല എന്നു തന്നെയാണ്. വൈക്കം സത്യഗ്രഹം ഹിന്ദു ഐക്യം സാധ്യമാക്കിയെങ്കില്‍ അതിന് ശേഷം നടന്ന 1936ലെ ക്ഷേത്ര പ്രവേശനത്തെയും സവര്‍ണര്‍ ഹീനമായി ആക്രമിച്ചത് എന്തുകൊണ്ടാണെന്ന് ഹിന്ദുത്വവാദികള്‍ വിശദീകരിക്കേണ്ടി വരും. ഇന്നും ഈ സ്ഥിതിക്ക് കേരളത്തില്‍ മാറ്റമുണ്ടായിട്ടില്ല എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് മഹത്തായ പോരാട്ടം നടന്ന വൈക്കം ക്ഷേത്രത്തില്‍ പോലും ഒരു അബ്രാഹ്മണന് പൂജാരിയായി പ്രവേശിക്കാന്‍ കഴിയാതിരിക്കുന്നത്. ശബരിമലയില്‍ മലയാള ബ്രാഹ്മണര്‍ (എന്ന കൃത്രിമ സംവര്‍ഗം) മാത്രം പൂജിച്ചാല്‍ മതിയെന്ന നിലപാടാണ് പാരമ്പര്യവാദികള്‍ ഇന്നും സ്വീകരിച്ചു പോരുന്നത്.
ഹിന്ദു ഐക്യം ഒരു യാഥാര്‍ഥ്യമാണെങ്കില്‍ ഈഴവ പൂജാരിമാര്‍ക്ക് ശബരിമലയില്‍ മേല്‍ശാന്തി നിയമനത്തിനായി നീതി പീഠങ്ങള്‍ കയറിയിറങ്ങേണ്ട അവസ്ഥ സംജാതമാകുമായിരുന്നില്ല. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വ്യത്യസ്ത തസ്തികകളില്‍ 96 ശതമാനവും സവര്‍ണര്‍ കൈയടക്കി വച്ചിരിക്കുകയാണെന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്. ചരിത്ര ഭൂതകാലത്തിലെ തെളിവുകളും വര്‍ത്തമാന കാല സാഹചര്യങ്ങളും സൂചിപ്പിക്കുന്നത് ഹിന്ദു ഐക്യം എന്നത് സമ്പൂര്‍ണമായ മിഥ്യാ വാദമാണെന്ന് തന്നെയാണ്. അവര്‍ണരെ സഹോദരരായി കാണാന്‍ കഴിയാത്ത വ്യവസ്ഥിതിയുടെ വക്താക്കളാണ് വൈക്കം സത്യഗ്രഹത്തെ ഹിന്ദു ഐക്യത്തിന്റെ പ്രതീകമായി വിതണ്ഡമായ മായാവാദത്തിലൂടെ പ്രക്ഷേപിക്കുന്നത്. ചരിത്രത്തിലും വര്‍ത്തമാനത്തിലും അവര്‍ണരെ തുല്യ പൗരരായി പരിഗണിക്കാതെ, ഹീനരായി നിലനിര്‍ത്തുമ്പോള്‍ ഹിന്ദു ഐക്യം എന്ന വാദം എത്രമാത്രം ചരിത്ര വിരുദ്ധവും വസ്തുതാ വിരുദ്ധവുമാണെന്ന് പറയേണ്ടതില്ലല്ലോ.
വൈക്കത്തെ ജാതിവിരുദ്ധ പോരാട്ടം
വൈക്കത്ത് നടന്ന മഹത്തായ ചരിത്ര പോരാട്ടത്തെ മത പുനരുത്ഥാനമായി ചിത്രീകരിക്കുന്നവര്‍ മായ്ക്കാന്‍ ശ്രമിക്കുന്നത് ബഹുഭൂരിപക്ഷം വരുന്ന അവര്‍ണ ജനതതി നടത്തിയ അയിത്തത്തിനും ജാതിവ്യവസ്ഥക്കുമെതിരായ പോരാട്ടത്തെയാണ്. കുഞ്ഞാപ്പിയും ആമചാടി തേവനും നാരായണ ഗുരുവും ടി.കെ മാധവനും ഉള്‍പ്പെടെയുള്ള അവര്‍ണജ്ഞാനികള്‍ ഹിന്ദു ഐക്യത്തിന് വേണ്ടിയല്ല വൈക്കത്ത് പോരാടിയത്. മറിച്ച്, കഠിനമായ ജാതിയുടെ അയിത്ത വ്യവസ്ഥക്കെതിരായാണ് പോരാടിയത്. 'ഹിന്ദു മതമെന്നൊരു മതമേ ഇല്ലല്ലോ' എന്ന് വിളംബരം ചെയ്ത ഗുരുവിനെയാണ് ഹിന്ദു ഐക്യവാദിയായി ചിത്രീകരിക്കുന്നത്. മുസ് ലിം ദേവാലയങ്ങള്‍ നിര്‍മിക്കാനും മടിയില്ല എന്ന് പ്രഖ്യാപിച്ച ഗുരുവിനെ ഹിന്ദുത്വവാദങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കാന്‍ ചരിത്രത്തില്‍ തികച്ചും അജ്ഞാനിയായ ഒരാള്‍ക്കേ കഴിയൂ.
ക്രിസ്ത്യാനികളും മുസ് ലിംകളും പങ്കെടുത്ത വൈക്കം ചരിത്ര പോരാട്ടത്തെയാണ് ഹിന്ദു മതത്തിലെ ആഭ്യന്തര പ്രശ്‌ന പരിഹാരസമരമായി മാത്രം ചുരുക്കിയെഴുതുന്നത്. കേരള ചന്ദ്രിക പത്രത്തിന്റെ മാനേജിങ് എഡിറ്ററായ കെ. അബ്ദുറഹിമാന്‍ കുട്ടി സത്യഗ്രഹ ക്യാംപിലെത്തുകയും അയിത്തത്തിനെതിരായ പോരാട്ടത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് വളണ്ടിയറായി ചേരുകയും ചെയ്തു. മുസ്‌ലിം നേതാക്കളായ അബ്ദുല്‍ ഹമീദ് ഖാന്‍, കല്ലടക്കുറിച്ചി മഹീദ് ഖാന്‍ സാഹിബ്, സേത്തു ഹുസൈന്‍ സാഹിബ് എന്നിവര്‍ സത്യഗ്രഹത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ക്രിസ്ത്യാനിയായ ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫ് വൈക്കം സത്യഗ്രഹത്തിന് നേതൃത്വം വഹിച്ച് പോരാട്ടം ശക്തമാക്കി. ഇങ്ങനെ ക്രിസ്ത്യാനികളും മുസ് ലിംകളും പങ്കെടുത്ത മഹത്തായ പോരാട്ടം ഹിന്ദു മതത്തിനുള്ളിലെ ആഭ്യന്തര പോരാട്ടമായി ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള വഞ്ചനയാണ്.
സവര്‍ണമായ ദേശീയ ആഖ്യാനങ്ങളാണ് വ്യത്യസ്ത മതവിഭാഗങ്ങളിലും സമുദായങ്ങളിലും ഉള്‍പ്പെട്ട നാനാ ജാതി മതസ്ഥര്‍ പങ്കെടുത്ത ഒരു പോരാട്ടത്തെ കേവലം ഒരു മതത്തിന്റെ പ്രശ്‌നമായി ചുരുക്കുന്നതിന് പ്രേരകമായത്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉണ്ടായി വന്ന ചരിത്ര സാഹചര്യങ്ങളാണ് ഇത്തരം സവര്‍ണ ബലതന്ത്രം സൃഷ്ടിച്ചത്. ഗാന്ധിയും ഇതിന്റെ ഭാഗമായിരുന്നു. ഗാന്ധിയെ ഒരൊറ്റയായ പ്രതിഭാസമായി കാണാതെ ദേശീയ സവര്‍ണാഖ്യാനങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ നോക്കുമ്പോള്‍ മാത്രമേ ഇതിന്റെ ഉത്തരം ലഭിക്കൂ. വ്യത്യസ്ത ജാതി മത വിഭാഗങ്ങള്‍ പങ്കെടുത്ത പോരാട്ടത്തില്‍ നിന്നും മുസ് ലിം നേതൃത്വത്തെയും അകാലികളെയും ബാരിസ്റ്റര്‍ ജോര്‍ജ് ജോസഫിനെയും വൈക്കം പോരാട്ടത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഗാന്ധിയെ പ്രേരിപ്പിച്ചത് അദ്ദേഹത്തെ ആവരണം ചെയ്ത സവര്‍ണ ബ്രാഹ്മണ്യ മത ബോധ്യങ്ങളായിരുന്നു.
വൈക്കം പോരാട്ടം മതപരമായ ഒരു പ്രശ്‌നമായി മാത്രം ഗാന്ധി തീര്‍ത്തും ലഘൂകരിക്കുകയും അഹിന്ദുക്കള്‍ സത്യഗ്രഹത്തില്‍ പങ്കു ചേരുന്നത് അനൗചിത്യമാണെന്നും ഗാന്ധി യങ് ഇന്ത്യയില്‍ എഴുതി. ചരിത്രപരമായി ഇന്ത്യന്‍ ജാതി വ്യവസ്ഥയെ മനസിലാക്കുന്നതില്‍ ഗാന്ധിക്ക് സംഭവിച്ച വീഴ്ചകളാണ് ഇത്തരം നിലപാടുകളിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഒരുവേള, ജോര്‍ജ് ജോസഫും അബ്ദുറഹീമും ചെയ്ത ത്യാഗങ്ങള്‍ക്ക് പ്രത്യേകിച്ചൊരു പ്രസക്തിയുമില്ലെന്നു കൂടി ഗാന്ധി എഴുതി. ഗാന്ധിയുടെ ഇത്തരം ചരിത്ര വിരുദ്ധമായ ആഖ്യാനങ്ങളാണ് ബ്രാഹ്മണ്യവാദികള്‍ക്ക് വൈക്കം പോരാട്ടത്തെ കേവലം ഹിന്ദുമത പ്രശ്‌നമായി ചുരുക്കുന്നതിന് പിന്നീട് പ്രേരണയായത്.
സോദരത്വേന വാഴുന്ന
മാതൃകാ സ്ഥാനത്തിനായുള്ള പോരാട്ടം
ചുരുക്കി പറഞ്ഞാല്‍ വൈക്കത്തെ സുദീര്‍ഘമായ പോരാട്ടം ജാതിവ്യവസ്ഥയും അയിത്തവും തൊട്ടുകൂടായ്മയും അവസാനിപ്പിച്ച് നാരായണ ഗുരു ജ്ഞാന ഭാവന ചെയ്ത മനുജരെല്ലാം സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം സൃഷ്ടിക്കുന്നതിനുള്ള അഴിവില്ലാത്ത ത്യാഗസന്നദ്ധമായ വിപ്ലവ സമരമായിരുന്നു. ഇത്തരം ത്യാഗോജ്ജ്വല സമരങ്ങളുടെ സൂര്യപ്രകാശത്തിലാണ് കേരളം മതേതര ഇടമായും പ്രബുദ്ധ കേരളമായും നവോഥാന ഭൂമിയായും നിലകൊള്ളുന്നത്.
ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് വൈക്കം പോരാട്ടത്തെ സ്വാംശീകരിക്കുന്നതിനുള്ള കുടില യജ്ഞങ്ങളെ ചരിത്രവായനയിലൂടെ തന്നെ പ്രതിരോധിക്കേണ്ടതുണ്ട്. എന്തെന്നാല്‍ ചരിത്ര വിജ്ഞാനമെന്നത് നാം ചരിത്രത്തില്‍ എങ്ങനെ ജീവിച്ചു എന്നതിന്റെയും ഭാവി രൂപപ്പെടുന്നതിന്റെയും അതി ശക്തമായ ഉപാധിയും പ്രതിരോധവുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."