കുതിച്ച് പാഞ്ഞ് ദുബായിയിലെ യൂസ്‌ഡ് കാർ വിപണി; ഓഫറുകളുടെ പെരുമഴ
ദുബായ്: 24 മണിക്കൂർ സമയം വാഹന സൗകര്യങ്ങൾ ഉള്ള നഗരമാണ് ദുബായ്. എങ്കിലും സ്വന്തമായി ഒരു കാർ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാകില്ല. ഇതാണ് കാർ വിപണിയുടെ എക്കാലത്തെയും നേട്ടം. പുതിയ കാർ വിപണി കുതിക്കുന്നതിനൊപ്പം ഇപ്പോൾ ദുബായിയിൽ സെക്കന്റ് ഹാൻഡ് കാർ വിപണിയും അതിവേഗം കുതിക്കുകയാണ്. പുതിയ വാഹന വിപണിയെക്കാൾ വമ്പൻ ഓഫറുകളും ആകർഷകമായ ആനുകൂല്യങ്ങളും നൽകിയാണ് യൂസ്‌ഡ് കാർ വിപണി ആളുകളെ പിടിക്കുന്നത്.
പുതിയ കാർ വിപണിയും നേട്ടത്തിലാണെങ്കിലും ഒരു കാർ കിട്ടാനുള്ള കാല താമസം ചെറുതല്ല. കുറഞ്ഞത് ആറ് മാസമെങ്കിലും കാത്തിരിക്കാതെ ഇഷ്ടവാഹനം കിട്ടില്ല. കിട്ടിയാൽ തന്നെ സാധാരണ കഥയിൽ കമ്പനികൾ നൽകുന്ന ഓഫറുകൾ മാത്രമേ ഈ കാറുകൾക്ക് ലഭിക്കൂ. എന്നാൽ യൂസ്‌ഡ് കാർ വിപണിയാകട്ടെ ഓഫറുകളുടെ പൊടിപൂരമാണ്.
ബാങ്ക് വായ്പ, വാറന്റി, സർവീസ് എന്ന് തുടങ്ങി ഒരു കാറിന് നൽകാവുന്ന ഓഫറുകളും സൗജന്യങ്ങളുമെല്ലാം സെക്കന്റ് ഹാൻഡ് വിപണിയിൽ കിട്ടും. രാജ്യത്തിനു പുറത്തേക്കും വ്യാപിപ്പിക്കാവുന്ന ഇൻഷുറൻസ് കവറേജ്, വാഹനത്തിന്റെ ലൈസൻസ് സൗജന്യമായി പുതുക്കാൻ സൗകര്യം, ഒരു വർഷം വരെയോ 30,000 കിലോമീറ്റർ വരെയോ സമ്പൂർണ സൗജന്യ മെയിന്റനൻസ് തുടങ്ങി നിരവധിയാണ് ഓഫറുകൾ.
ഇനി വാഹനങ്ങളുടെ കാര്യമാകട്ടെ, എല്ലാം ഒന്നിനൊന്ന് മെച്ചം എന്ന് വേണം പറയാൻ. പുതിയതിനെ തോൽപ്പിക്കുന്ന തരത്തിൽ കൃത്യമായി എല്ലാ സർവീസുകളും നടത്തി പോളിഷ് ചെയ്‌ത് മനോഹരമാക്കിയാണ് വിൽപന. അതിനാൽ തന്നെ പഴയ ഒരു വാഹനം ആണ് വാങ്ങുന്നത് എന്ന് ഒരു തരത്തിലും തോന്നില്ല. അത്രക്കും ഗംഭീര വണ്ടിയായിരിക്കും ഓരോന്നും.
കേരളത്തിലെ പോലെത്തന്നെ കുറഞ്ഞ കിലോമീറ്റർ ഓടിയ നല്ല കണ്ടീഷനുള്ള വാഹനങ്ങൾക്കാണ് തിരക്ക് കൂടുതൽ. കേരളത്തിൽ നിന്ന് വ്യത്യസ്തമായി ഇവിടെയുള്ളതിൽ ഭൂരിഭാഗവും ഒരുപാട് കാലം ഓടാത്ത കാറുകൾ ആയിരിക്കും.
കഴിഞ്ഞ വർഷത്തേക്കാൾ 58% വർധനയാണ് ഇക്കുറി രേഖപ്പെടുത്തിയത്. കോവിഡ് കാലത്തിന് ശേഷമാണ് യൂസ്‌ഡ് കാർ വിപണിയിൽ വലിയ തോതിൽ വളർച്ചയുണ്ടായത്. 2021 മുതൽ 60% ആണ് യൂസ്ഡ് കാർ വിപണിയുടെ വളർച്ച. 2027 ആകുന്നതോടെ യൂസ്ഡ് കാർ വിപണിയുടെ നേട്ടം 11800 കോടി ദിർഹമായി മാറുമെന്നാണ് കണക്കാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."