ദുരൂഹത്തീക്കനലുകൾ കെടുത്തണം
ഒരാഴ്ചമുമ്പ് കൊല്ലത്തെ മരുന്നുസംഭരണശാലയിലുണ്ടായ തീപിടിത്തത്തിൽനിന്ന് പാഠമുൾക്കൊള്ളാത്ത കേരള സർക്കാരിൻ്റെ അനാസ്ഥയുടെ നേർസാക്ഷ്യം മാത്രമല്ല തിരുവനന്തപുരത്ത് ഒരു ജീവനപഹരിക്കുന്നതിനുവരെ ഇടയാക്കിയ അഗ്നിബാധ. കൊള്ളവിലയിൽ മരുന്നും മറ്റും വാങ്ങിയതിലെ അഴിമതി ലോകായുക്ത അന്വേഷിക്കുന്നതിനിടെ തിരുവനന്തപുരത്തെ മെഡിക്കൽ സർവിസ് കോർപറേഷന്റെ മരുന്നുസംഭരണശാലയും കത്തിയമർന്നത് ആരിലും സംശയമുണ്ടാക്കുന്നതാണ്. അതിനാൽ മലയാളി മനസിൽ അണയാതെ കിടക്കുന്ന ദുരൂഹതയുടെ തീക്കനലുകൾ കെടുത്താൻ സർക്കാരിന് ബാധ്യതയുണ്ട്.
കൊവിഡ് ചികിത്സയുടെ പേരിൽ അമിതവിലയ്ക്ക് പ്രതിരോധ ഉപകരണങ്ങളും മരുന്നുകളും വാങ്ങിയത് കേരളം ഏറെ ചർച്ച ചെയ്തതാണ്. കാരുണ്യവഴി ലക്ഷക്കണക്കിന് കിലോഗ്രാം ബ്ലീച്ചിങ് പൗഡർ വാങ്ങിയ ഇടപാടും സംശയ നിഴലിലായിരുന്നു. ഈ പശ്ചാത്തലത്തിൽ മരുന്നുസംഭരണശാലകളിലെ തീപിടിത്തത്തിന്റെ യഥാർഥ കാരണം പുറത്തുവരികതന്നെ വേണം. ഒപ്പം സർക്കാർ അനാസ്ഥയിൽ ജീവൻ നഷ്ടപ്പെട്ട അഗ്നിരക്ഷാ സേനാംഗമായ രഞ്ജിത്തിന്റെ കുടുംബത്തിന്റെ കണ്ണീരുമൊപ്പണം.
കൊല്ലം ഉളിയക്കോവിലിൽ ഈ മാസം പതിനാലാം തീയതി രാത്രിയിലാണ് മരുന്നുസംഭരണശാലയിൽ തീപിടിത്തമുണ്ടായത്. കാലാവധി കഴിഞ്ഞ മരുന്നുകളും മറ്റും കത്തി നശിച്ചു. ആറാം ദിവസമായ ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് തിരുവനന്തപുരം കിൻഫ്ര പാർക്കിലെ സംഭരണശാലയ്ക്കും തീപിടിച്ചത്. തീപിടിത്തം അണയ്ക്കാനുള്ള ശ്രമത്തിനിടെയാണ് ചാക്ക യൂനിറ്റിലെ അഗ്നിരക്ഷാ സേനാംഗമായ ജെ.എസ് രഞ്ജിത്ത് ദാരുണമായി മരിച്ചത്. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണാണ് മരണം.
ആദ്യം ബ്ലീച്ചിങ് പൗഡറിലാണ് തീപിടിച്ചതെന്നും പിന്നീട് മറ്റു രാസവസ്തുക്കളിലേക്ക് പടർന്നതാണെന്നുമാണ് കലക്ടറുടെ വിശദീകരണം. കൊല്ലത്തെ തീപിടിത്തത്തിന് കാരണം ബ്ലീച്ചിങ് പൗഡറുകൾ ഒരു സുരക്ഷാക്രമീകരണങ്ങളുമില്ലാതെ കൂട്ടിയിട്ടതുകൊണ്ടാണെന്ന് സമ്മതിച്ചാൽ തന്നെ ഇതേ സാഹചര്യമുണ്ടായിരുന്ന തിരുവനന്തപുരത്ത് എന്തുകൊണ്ട് മുൻകരുതൽ എടുക്കാൻ കഴിഞ്ഞില്ല എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. ഗോഡൗണിന് അഗ്നിരക്ഷാസേനയുടെ അംഗീകാരമില്ലായിരുന്നുവെന്നും മാനദണ്ഡങ്ങൾ ഒന്നും പാലിച്ചിരുന്നില്ലെന്നും അഗ്നിരക്ഷാസേനാ മേധാവി ബി. സന്ധ്യ പറഞ്ഞിട്ടുണ്ട്. അപ്പോൾ ഈ തീപിടിത്തം മനുഷ്യനിർമിതിയാണോ എന്ന സംശയത്തിന് ബലമേറുക സ്വാഭാവികം. അഴിമതി ആരോപണം ഉയരുമ്പോൾ തീപിടിത്തം സർക്കാർ ഒരുസ്ഥിരം പരിപാടിയാക്കിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം. മുമ്പ് സെക്രട്ടേറിയറ്റിലും മന്ത്രിയുടെ ഓഫിസിലും ഉണ്ടായ തീപിടിത്തങ്ങളുടെ പശ്ചാത്തലത്തിലാകാം പ്രതിപക്ഷ നേതാവിന്റെ ഈ നിരീക്ഷണം. ഇതിനെ തള്ളിക്കളയുന്ന ആരോഗ്യമന്ത്രി ആദ്യം ചെയ്യേണ്ടത് ദുരൂഹതയുടെ പഴുതടക്കൽ തന്നെയാവണം.
കൊവിഡ് കാലത്തെ പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകൾ കോർപറേഷൻ ആസ്ഥാനത്തെ കംപ്യൂട്ടറിൽനിന്ന് നേരത്തെ നശിപ്പിച്ചിരുന്നു. ഈ ഫയലുകൾ പിന്നീട് കണ്ടെടുത്തുവെന്നു പറയുന്നുണ്ടെങ്കിലും ഏതൊക്കെ ഫയലുകൾ നശിപ്പിക്കപ്പെട്ടുവെന്നു വ്യക്തമല്ല. ഇങ്ങനെ അടിമുടി ദുരൂഹതയിൽ നിൽക്കുമ്പോഴാണ് കൊല്ലത്തും തിരുവനന്തപുരത്തും തീപിടിത്തം സർവതും നശിപ്പിച്ചത്.
കൊല്ലത്ത് തീപിടിത്തം ഉണ്ടായപ്പോൾ സമഗ്ര അന്വേഷണം നടത്തുമെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രഖ്യാപനം. എന്നാൽ നടപടികൾ പ്രഖ്യാപനത്തിൽ ഒതുങ്ങിയപ്പോൾ ഒരാഴ്ചയ്ക്കുശേഷം സമാന രീതിയിലുള്ള അപകടം ഒരു ജീവൻ തന്നെയെടുത്തു. കൊല്ലത്തും തിരുവനന്തപുരത്തും സമഗ്ര അന്വേഷണമാണ് ആവശ്യം. ഇരു സ്ഥലങ്ങളിലും രാത്രിയാണ് തീപിടിത്തം ഉണ്ടായത്. കൊല്ലത്ത് മിന്നലേറ്റാണെന്ന് പറയുമ്പോൾ തിരുവനന്തപുരത്തുണ്ടായ തീപിടിത്തം എങ്ങനെയെന്ന് വിശദീകരിക്കുന്നില്ല. ഇരു സ്ഥലങ്ങളിലും കോടിക്കണക്കിന് രൂപയുടെ വസ്തുക്കൾ സൂക്ഷിച്ചിരുന്നത് ഒരു സുരക്ഷയുമില്ലാതെയാണ്. ബ്ലീച്ചിങ് പൗഡറിനൊപ്പം തീ പിടിക്കാവുന്ന മറ്റ് വസ്തുക്കളും ഇവിടെയുണ്ടായിരുന്നു. കാലാവധി തീർന്ന മരുന്നുകൾ ഇവിടെ സൂക്ഷിച്ചതും വീഴ്ചയാണ്. കാലാവധി കഴിഞ്ഞ മരുന്നുകൾ പ്രോട്ടോക്കോൾ പ്രകാരം നശിപ്പിച്ചിരുന്നില്ല. സർജിക്കൽ സ്പിരിറ്റ് അടക്കം തീപിടിത്തമുണ്ടായാൽ ആളിപ്പടരാനുള്ള 17 വസ്തുക്കൾ തിരുവനന്തപുരത്തെ കേന്ദ്രത്തിൽ ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തൽ.
കാരുണ്യവഴി ലക്ഷക്കണക്കിന് കിലോഗ്രാം ബ്ലീച്ചിങ് പൗഡർ വാങ്ങിയ ഇടപാടും സംശയനിഴലിലായിരുന്നു. കാലവർഷത്തിനു മുന്നോടിയായി വാങ്ങിയതുൾപ്പെടെ 700 ടണ്ണോളം ബ്ലീച്ചിങ് പൗഡറാണ് കെ.എം.എസ്.സി.എൽ ഗോഡൗണുകളിൽ സുരക്ഷാ സംവിധാനങ്ങളില്ലാതെ കെട്ടിക്കിടക്കുന്നത്. ജൂലൈയിലാണ് 4 ലക്ഷം കിലോഗ്രാമിന്റെ ഇടപാട് നടന്നത്. കേരളം ആസ്ഥാനമായുളള പാർക്കിൻസ് എന്റർപ്രൈസസ്, ഉത്തർപ്രദേശ് ആസ്ഥാനമായ ബങ്കെബിഹാരി കെമിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളിൽ നിന്നാണ് ബ്ലീച്ചിങ് പൗഡർ വാങ്ങിയത്. ഈ രണ്ട് കമ്പനികളിൽ നിന്ന് വാങ്ങിയ ബ്ലീച്ചിങ് പൗഡറും കൊല്ലം, തിരുവനന്തപുരം ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നു. കർശന ടെൻഡർ വ്യവസ്ഥകളില്ലാതെ നടന്ന ഇടപാടിൽ ഗുണനിലവാര പരിശോധനയും കാര്യക്ഷമമല്ലെന്ന ആക്ഷേപമാണുയരുന്നത്.
മൂന്നിരട്ടി വിലയ്ക്ക് ഉപകരണങ്ങൾ വാങ്ങിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യമന്ത്രി അടക്കമുള്ള ഒമ്പതുപേർക്ക് ലോകായുക്ത നോട്ടിസ് അയച്ച സാഹചര്യത്തിലാണ് തീപിടിത്തത്തിന്റെ ഗൗരവം കൂടുന്നത്. എന്നാൽ തീപിടിത്തത്തിന്റെ കുറ്റം ബ്ലീച്ചിങ് പൗഡറിൽ ചാരി തടിയൂരാനാണ് അധികൃതർ ശ്രമിക്കുന്നത്. ഇതിനു മുമ്പും സംഭരണശാലകളിൽ ബ്ലീച്ചിങ് പൗഡറുകൾ സൂക്ഷിച്ചിട്ടും അഗ്നിബാധകൾ ഉണ്ടായിട്ടില്ലായെന്നതും കാലാവധി കഴിഞ്ഞ മരുന്നുകൾ രണ്ടിടത്തും വൻതോതിൽ കത്തിനശിച്ചുവെന്നതുമെല്ലാം ദുരൂഹതയ്ക്കുള്ള കാരണങ്ങൾ തന്നെയാണ്. ഇത് നീക്കേണ്ടത് സർക്കാരും ആരോഗ്യവകുപ്പുമാണ്. അതിന് താമസംവന്നാൽ ജനങ്ങളുടെ മനസിലെ ദുരൂഹത്തീ ആളുകയേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."