സി.കെ ജാനുവിന് പണം നല്‍കിയത് ആര്.എസ്.എസ് അറിവോടെ
സുരേന്ദ്രനും പ്രസീതയും തമ്മിലുള്ള സംഭാഷണം പുറത്ത്
സ്വന്തം ലേഖകന്‍
കണ്ണൂര്‍: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പ്രസീത അഴീക്കോടും തമ്മിലുള്ള പുതിയ ഫോണ്‍ സംഭാഷണം പുറത്ത്.
സി.കെ ജാനുവിനും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിക്കും കോഴ നല്‍കിയത് ആര്.എസ്.എസ് അറിവോടെയാണെന്നു വ്യക്തമാക്കുന്ന ഓഡിയോ സന്ദേശമാണു പുറത്തുവന്നത്.
പണം ഏര്‍പ്പാട് ചെയ്തത് ആര്.എസ്.എസ് മുന്‍ പ്രാന്ത് പ്രചാരക് പ്രമുഖ് കൂടിയായ ബി.ജെ.പി സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി എം. ഗണേഷെന്നു കെ.സുരേന്ദ്രന് സംഭാഷണത്തില്‍ പറയുന്നുണ്ട്. ജെ.ആര്.പിക്കുള്ള 25 ലക്ഷമാണു കൈമാറുന്നതെന്നും സുരേന്ദ്രന്റെ ഫോണ്‍ സംഭാഷണത്തിലുണ്ട്.
ഗണേഷ് സി.കെ ജാനുവിനെ വിളിക്കുന്നുണ്ട്. അവര്‍ ഫോണ്‍ എടുക്കുന്നില്ലെന്നു സുരേന്ദ്രന് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്.
അവര്‍ പര്യടനത്തിലാണല്ലോ അതായിരിക്കാമെന്നു പ്രസീത മറുപടി നല്കുന്നു. തുടര്‍ന്നു നിങ്ങളുടെ പാര്‍ട്ടിയുടെ ആവശ്യത്തിനു 25 തരാമെന്നു പറഞ്ഞിട്ടുണ്ട്. അതു തരാമെന്നു സുരേന്ദ്രന് പ്രസീതയോടു പറഞ്ഞു. സി.കെ ജാനുവിനോടു ഗണേഷിനെ വിളിക്കാന്‍ പറയൂ, ഗണേഷ് ആരാണെന്ന് അവര്‍ക്കു മനസിലായില്ലെന്നു തോന്നുന്നുവെന്നും സുരേന്ദ്രന് സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.
പ്രസീതയുടെ മൊഴിപ്രകാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ജെ.ആര്.പിയാണു പ്രധാനമായും പ്രചാരണത്തിനു നേതൃത്വം നല്‍കിയത്.
അതിനു പണം ആവശ്യമാണെന്നു ജെ.ആര്.പി നേതാക്കള്‍ മഞ്ചേശ്വരത്ത് വന്ന് സുരേന്ദ്രനോട് ആവശ്യപ്പെട്ടു.
ഈ പണം ഗണേഷ് വഴിയാണു സുല്‍ത്താന്‍ ബത്തേരിയില്‍ എത്തിച്ചത്. പണം ബി.ജെ.പി നേതാക്കള്‍ സി.കെ ജാനുവിനാണു കൈമാറിയതെന്നാണു പ്രസീതയുടെ മൊഴി.
പണം സി.കെ ജാനു ജെ.ആര്.പിക്കു കൈമാറിയില്ലെന്നും പ്രസീത ക്രൈംബ്രാഞ്ചിനു നല്കിയ മൊഴിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."