എന്തിന് രാജിവെക്കണം, പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞെന്ന് സജി ചെറിയാന്‍; രാജി സൂചനയില്ല
തിരുവനന്തപുരം: മല്ലപ്പള്ളിയിലെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ രാജി ഇല്ലെന്ന സൂചനനല്‍കി മന്ത്രി സജി ചെറിയാന്‍. സിപിഎം അവെയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എന്തിന് രാജി വയ്ക്കണമെന്ന മറുചോദ്യം ഉന്നയിച്ചാണ് സജി ചെറിയാന്‍ തിരികെപോയത്. എല്ലാം ഇന്നലെ പറഞ്ഞതല്ലേ എന്നും സജി ചെറിയാന്‍ ചോദിച്ചു. സജി ചെറിയാന്‍ തല്‍ക്കാലം രാജിവെക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.
തന്റെ പ്രസംഗം ഉദ്ദേശിക്കാത്ത അര്‍ഥം നല്‍കി വ്യാഖ്യാനിക്കപ്പെട്ടു എന്നായിരുന്നു നിയമസഭയില്‍ കഴിഞ്ഞ ദിവസം സജി ചെറിയാന്‍ നല്‍കിയ വിശദീകരണം.
സജി ചെറിയാന്റെ പ്രസംഗം വിവാദമായ സാഹചര്യത്തില്‍ തുടര്‍നടപടികള്‍ തീരുമാനിക്കാനാണ് സി.പി.എം അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം എ.കെ.ജി സെന്ററില്‍ ചേര്‍ന്നത്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും എ വിജയരാഘവനും യോഗത്തില്‍ പങ്കെടുത്തിരുന്നു. സെക്രട്ടറിയേറ്റ് യോഗം തുടങ്ങിയതിന് ശേഷമാണ് സജി ചെറിയാന്‍ എ.കെ.ജി സെന്ററിലെത്തിയത്.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്ന് നിയമസഭ എട്ട് മിനിറ്റ് മാത്രമാണ് ചേര്‍ന്നത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ശൂന്യവേളയും ചോദ്യോത്തര വേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
മന്ത്രിമാരോട് ചോദ്യം ചോദിക്കാന്‍ പ്രതിപക്ഷ അംഗങ്ങള്‍ തയാറായില്ല. മന്ത്രി സജി ചെറിയാന്‍ സഭയിലുള്ള സാഹചര്യത്തില്‍ നേരിട്ട് അടിയന്തര പ്രമേയത്തിലേക്ക് കടക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ആവശ്യം അംഗീകരിക്കാന്‍ സ്പീക്കര്‍ തയാറായില്ല
മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതിനിടെ, മന്ത്രി സജി ചെറിയാനെതിരെ ഇതുവരെ 5 പരാതികള്‍ ലഭിച്ചതായി തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന്‍ പറഞ്ഞു. വിശദമായി പരിശോധിച്ച ശേഷം കേസെടുക്കുന്നതു തീരുമാനിക്കും. മല്ലപ്പള്ളിയിലെ പരിപാടിയില്‍ പങ്കെടുത്തവരുടെ മൊഴിയെടുക്കുന്നതും പരിഗണനയില്‍.
മന്ത്രിയുടെ നാക്കു പിഴയാണെന്നും രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നുമാണ് ഇന്നലെ സിപിഎം നേതൃത്വം വിശദീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."