ജോസഫൈന്‍...നാണക്കേട്
'സ്ത്രീധനം സ്ത്രീയുടെ അക്കൗണ്ടില്‍ ഇടണം' ജോസഫൈന്റെ പരാമര്‍ശവും വിവാദത്തില്‍
തിരുവനന്തപുരം: ഗാര്‍ഹികപീഡന പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് 'എന്നാല്‍ പിന്നെ അനുഭവിച്ചോ' യെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ നടന്ന ഗാര്‍ഹികപീഡനങ്ങളുമായി ബന്ധപ്പെട്ടുള്ള യുവതികളുടെ ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ ഒരു സ്വകാര്യചാനല്‍ സംഘടിപ്പിച്ച തത്സമയ ഫോണ്‍ഇന്‍ പരിപാടിയിലാണ് ജോസഫൈന്‍ വിവാദപരാമര്‍ശം നടത്തിയത്. നേരത്തെയും വനിതാ കമ്മിഷന്‍ അധ്യക്ഷ സമാനമായ രീതിയില്‍ പരാതിക്കാരോട് പൊരുമാറിയതിനു പിന്നാലെയുണ്ടായ സംഭവം വന്‍വിവാദത്തിനും ഇടയാക്കി.
ഭര്‍ത്താവ് പീഡിപ്പിക്കാറുണ്ടോ എന്ന ചോദ്യത്തിന് അതേയെന്നു പറഞ്ഞ സ്ത്രീയോട് അമ്മായിയമ്മ പീഡിപ്പിക്കാറുണ്ടോയെന്ന് ജോസഫൈന്‍ ചോദിക്കുന്നുണ്ട്. അതേയെന്ന് പറഞ്ഞ സ്ത്രീയോട് പിന്നെന്താണ് പൊലിസില്‍ പരാതി നല്‍കാത്തതെന്ന് ചോദിക്കുമ്പോള്‍ എവിടെയും പരാതി അറിയിച്ചിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും സ്ത്രീ പറയുന്നു. അപ്പോഴാണ് 'എന്നാല്‍ പിന്നെ അനുഭവിച്ചോ' എന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ പ്രതികരിച്ചത്.
ഭര്‍ത്താവുമായി യോജിച്ച് ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ സ്ത്രീധനവും നഷ്ടപരിഹാരവും തിരിച്ചുകിട്ടാന്‍ നല്ല വക്കീല്‍ വഴി കുടുംബകോടതിയെ സമീപിക്കാന്‍ ഉപദേശം നല്‍കിയ ജോസഫൈന്‍ വേണമെങ്കില്‍ വനിതാ കമ്മിഷനില്‍ പരാതി നല്‍കാനും പറയുന്നുണ്ട്. ജോസഫൈന്റെ ഈ മറുപടികളോട് യുവതി പ്രതികരിക്കാതെയാണ് ഫോണ്‍സംഭാഷണം അവസാനിപ്പിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും പ്രതിഷേധം വ്യാപകമായത്. നേരത്തെ അയല്‍ക്കാരന്റെ മര്‍ദനമേറ്റ പത്തനംതിട്ട സ്വദേശിനിയായ 89കാരി കിടപ്പുരോഗി നേരിട്ട് ഹാജരാകണമെന്ന് ജോസഫൈന്‍ നിര്‍ബന്ധിച്ചത് വിവാദമായിരുന്നു.
ഇന്നലെ വിസ്മയയുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ 'സ്ത്രീധനം സ്ത്രീയുടെ അക്കൗണ്ടില്‍ ഇടണം' എന്ന ജോസഫൈന്റെ പരാമര്‍ശവും വിവാദത്തിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."