HOME
DETAILS

ജനാധിപത്യത്തിലെ ഭരണകൂട (അധികാരത്തിന്റെ) ഇടപെടൽ

  
backup
July 07 2022 | 20:07 PM

article-2154784545

ഇ.കെ ദിനേശൻ


ലോകത്ത് എവിടെയും ജനാധിപത്യം വളർന്നത് ജനാധികാരമണ്ഡലങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടാണ്. ഈ അധികാരം ജനപങ്കാളിത്തത്തെ ഉൾക്കൊള്ളുന്നതും അമിതാധികാര രാഷ്ട്രീയത്തെ തള്ളിക്കളയുന്നതുമാണ്. ഈ അർഥത്തിൽ ജനാധിപത്യത്തിന്റെ പ്രഥമ കർത്തവ്യം ജനാഭിലാഷങ്ങളെ ഉൾക്കൊള്ളുന്ന പങ്കാളിത്ത രാഷ്ട്രീയത്തെ അഭിസംബോധന ചെയ്യുക എന്നതാണ്. അങ്ങനെയാണ് ജനാധിപത്യത്തിന് സാമൂഹിക ജീവിതത്തെ മുന്നോട്ട് നയിക്കാൻ കഴിയുക. അവിടെ വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും ഭരണഘടനാപരമായ സ്വാതന്ത്ര്യത്തെ അനുവദിച്ചുനൽകുക എന്നതാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്വം. ഈ സ്വാതന്ത്ര്യബോധത്തിൽ നിന്നാണ് ജനാധിപത്യത്തിലെ യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടാകുന്നത്. എന്നാൽ ലോകത്തിലെ ഒട്ടുമുക്കാൽ ഭരണകൂടങ്ങളും അധികാര വഴിയിൽ ജനാധിപത്യത്തെ അമിതാധികാര രാഷ്ട്രീയത്തിന് വേണ്ടിയാണ് ഉപയോഗിച്ചത്. ഏതൊരു ഏകാധിപതിയും ജനാധിപത്യത്തിന്റെ വാതിൽ തുറന്നാണ് തങ്ങളുടെ വംശീയവും ദേശീയവുമായ അധികാര അകങ്ങളിലേക്ക് പ്രവേശിച്ചത്. അവിടെ നിന്നാണ് ജനാധിപത്യവിരുദ്ധതക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങുന്നത് 1975ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമായിരുന്നു. എന്നാൽ ഇന്ദിരാഗാന്ധിയെ സംബന്ധിച്ച് അധികാരത്തിനായിരുന്നു ഏറ്റവും വലിയ പ്രാധാന്യം. ഇത്തരം ഒറ്റപ്പെട്ട ചരിത്ര യാഥാർഥ്യങ്ങളെ അപ്രസക്തമാക്കും വിധമാണ് 2014നു ശേഷം ഇന്ത്യയിലെ ജനാധിപത്യം ഭീകരമായ ഭീഷണി നേരിടുന്നതിനെ കാണേണ്ടത്. ഇത് ഉണ്ടാകുന്നത് ഭരണകൂടരാഷ്ട്രീയത്തിൽ നിന്നാണെന്ന് ബോധ്യപ്പെട്ട കാര്യമാണ്.
ബി.ജെ.പിയുടെ പ്രധാന മുദ്രാവാക്യം കോൺഗ്രസ് മുക്ത ഭാരതം എന്നതാണ്. അതിലേക്കുള്ള ജനാധിപത്യവഴി സ്വാഭാവികമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. കോൺഗ്രസിനെ പരാജയപ്പെടുത്തുമ്പോഴാണ് അത് സാധ്യമാകുന്നത്. എന്നാൽ അത് എളുപ്പ വഴിയല്ല. അതേസമയം, തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ നിയമസഭയിലെ ഭൂരിപക്ഷം കുറച്ചുകൊണ്ട് രാഷ്ട്രീയാധികാരത്തെ എളുപ്പത്തിൽ സാധിച്ചെടുക്കാൻ കഴിയും. ഇങ്ങനെ ഇന്ത്യയിലെ പല സംസ്ഥാന അധികാരങ്ങളെയും ബി.ജെ.പിക്ക് അനുകൂലമാക്കാൻ കഴിഞ്ഞിട്ടുണ്ട്. കർണാടകയും എറ്റവും ഒടുവിൽ മഹാരാഷ്ട്രയിലും നാം കണ്ടത് അതാണ്. എന്തുകൊണ്ട് വളരെ എളുപ്പത്തിൽ ഇത് സാധ്യമാകുന്നു എന്നിടത്താണ് ജനാധിപത്യ പ്രക്രിയയിലെ ഭരണകൂട ഇടപെടലിനെ തിരിച്ചറിയേണ്ടത്.


നിലവിൽ ഇന്ത്യൻ മതേതര സമൂഹത്തെ മൊത്തത്തിൽ അഡ്രസ് ചെയ്യാൻ പറ്റുന്ന ഏക രാഷ്ട്രീയപ്പാർട്ടി കോൺഗ്രസ് മാത്രമാണ്. അതിനു കാരണം, ആ പ്രസ്ഥാനം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി രൂപപ്പെട്ടതുകൊണ്ടാണ്. ബഹുസ്വര സമൂഹത്തിലെ സാംസ്‌കാരിക വൈവിധ്യങ്ങളെ കോൺഗ്രസ് ബഹുമാനിക്കുന്നുണ്ട്. ബി.ജെ.പിയെ സംബന്ധിച്ച് ഇതര പാർട്ടികൾ അവരുടെ ഹിന്ദുത്വ രാഷ്ട്രീയ ലക്ഷ്യത്തിന് എതിരാണ്. അതുകൊണ്ടാണ് കോൺഗ്രസ് മുക്ത ഭാരതം എന്ന ആശയം ബി.ജെ.പി നിരന്തരം ആവർത്തിക്കുന്നത്. ഈ രാഷ്ട്രീയ ലക്ഷ്യത്തിലേക്കുള്ള വഴി തെറ്റിയ യാത്രയിലാണ് നമ്മുടെ ജനാധിപത്യത്തിന് കനത്ത പ്രഹരം ഏൽക്കുന്നത്. സമകാല ഇന്ത്യൻ സാഹചര്യത്തിൽ ജനാധിപത്യത്തിന് ഭരണകൂട നിർവചനത്തിന് അപ്പുറം വളരാൻ കഴിയാത്തത് അതുകൊണ്ടുകൂടിയാണ്. അങ്ങനെ വളർന്നു കഴിഞ്ഞാൽ ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തെ ഹിന്ദുത്വ രാഷ്ട്രമാക്കി മാറ്റാൻ കഴിയില്ലെന്ന് ഭരണകൂടത്തിന് അറിയാം. അതിനാലാണ് മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെയുടെ മന്ത്രിസഭയെ തകർത്ത ശേഷം കേരളത്തിലും തമിഴ്‌നാട്ടിലും തങ്ങൾക്ക് ഭരണം പിടിക്കാൻ കഴിയുമെന്ന് രാജ്യത്തെ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. തമിഴ്‌നാട്ടിലും കേരളത്തിലും ജനാധിപത്യത്തിലൂടെയുള്ള അതിന്റെ രാഷ്ട്രീയ സാധ്യതയെ തള്ളുകയോ കൊള്ളുകയോ ചെയ്യാം, എന്നാൽ ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ അതിന്റെ ദൗത്യം ജനാധിപത്യവിരുദ്ധമായ വഴിയിലൂടെയായിരിക്കും എന്നതാണ് വസ്തുത.
എന്നു മാത്രമല്ല, ബി.ജെ.പിക്ക് ഇന്ത്യയിലെ ഏക അധികാര രാഷ്ട്രീയ പ്രസ്ഥാനമായി തീരണം എന്നത് എന്തിനാണ് ഗൗരവപ്പെട്ട ചിന്താവിഷയമാവുന്നത്. 2024ലെ തെരഞ്ഞെടുപ്പ് ഹിന്ദുത്വ ആശയക്കാരുടെ ഒരു നുറ്റാണ്ടിന്റ കാത്തിരിപ്പിന്റെ സാഫല്യമായിരിക്കും. പാർലമെന്ററി രാഷ്ട്രീയത്തിന് അപ്പുറം ആർ.എസ്.എസിന്റെ പ്രഖ്യാപിത ഹിന്ദുത്വരാഷ്ട്ര സ്ഥാപനത്തിന്റെ കാത്തിരിപ്പാണത്. അതിനുവേണ്ട സോഷ്യൽ എൻജിനിയറിങ് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. രണ്ട് പാർലമെന്റ് അംഗത്വത്തിൽനിന്ന് രാജ്യത്തെ ഭരണകൂട അധികാരത്തിന്റെ കരുത്തുറ്റ ശക്തിയായി ബി.ജെ.പിക്ക് മാറാൻ കഴിഞ്ഞത് പൂർണമായ ജനാധിപത്യ പ്രക്രിയയിലൂടെയല്ല. അത് തിരിച്ചറിയുമ്പോഴാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഞങ്ങൾ അധികാരം പിടിക്കും എന്ന പ്രഖ്യാപനത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തെ തിരിച്ചറിയേണ്ടത്.
ഇന്ത്യൻ ജനാധിപത്യത്തിലെ ബി.ജെ.പിയുടെ അരങ്ങേറ്റം 1951ൽ ഭാരതീയ ജനസംഘം രൂപീകരിച്ചതിന് ശേഷം തന്നെ നടക്കുന്നുണ്ട്. പേര് എന്തായാലും അതിന്റെ പ്രത്യയശാസ്ത്രം ബ്രാഹ്മണിക്കൽ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പ്രവേശനം തന്നെയാണ്. അതിന്റെ വളർച്ച ജനാധിപത്യവിരുദ്ധതയിലൂടെയാണ് സംഭവിച്ചത്. 1990ലെ അദ്വാനിയുടെ രഥയാത്രയും 1992ൽ ബാബരി മസ്ജിദ് തകർത്തതും 2002 ഗുജറാത്ത് കലാപവും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അധികാര സാഹചര്യത്തെ രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് വലുതാണ്. എന്നാൽ ഈ സമയത്തൊന്നും കേരളത്തിലും തമിഴ്‌നാട്ടിലും ആ ജനാധിപത്യവിരുദ്ധതക്ക് വേരോട്ടം നടത്താൻ കഴിഞ്ഞില്ല. അതിന്റെ കാരണം, രാഷ്ട്രീയ സാംസ്‌കാരികതയാണ്.


വെറും രാഷ്ട്രീയംകൊണ്ട്, ഭരണകൂടത്തിന്റെ അധികാരമേൽക്കോയ്മയെ എല്ലാ കാലത്തും പ്രതിരോധിക്കാൻ കഴിയില്ല. അതിന് രാഷ്ട്രീയ ബോധമുള്ള ജനതയുടെ സാംസ്‌കാരിക പ്രതിരോധം ആവശ്യമാണ്. അത് കേരളത്തിന് സമ്മാനിച്ചത് നവോത്ഥാനമാണ്. സമാന പരിസരം തമിഴ്നാട്ടിലും കാണാം. ഇരു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ തിരിച്ചറിവിന് അടിസ്ഥാനപരമായ നിരവധി കാരണങ്ങളുണ്ട്. തമിഴ്നാട്ടിൽ ഇന്നത് സ്റ്റാലിനിൽ എത്തിനിൽക്കുന്നു. അവിടത്തെ ദ്രാവിഡ രാഷ്ട്രീയം നേരിട്ട് ഏറ്റുമുട്ടുന്നത് ബ്രഹ്മണിക്കൽ ഹിന്ദുത്വത്തോടാണ്. പല വഴിയിലും അത് കേരളത്തിലെ ഹിന്ദുത്വ പ്രതിരോധത്തെക്കാൾ ശക്തമാണ്. അതാകട്ടെ സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തോടുള്ള വൈകാരിക പ്രതിരോധമല്ല. 1925ൽ തമിഴ്‌നാട്ടിൽ അബ്രാഹ്മണരുടെ പ്രസ്ഥാനത്തിന് ആരംഭം കുറിച്ച് അതിനെ അധഃസ്ഥിത, പിന്നോക്ക വർഗത്തിന്റെ രാഷ്ട്രീയ സ്വത്വമായി വളർത്താൻ ഇ.വി രാമസ്വാമിക്ക് കഴിഞ്ഞു. ഇ.വിയിലൂടെ വളർന്ന ദലിത്-ദ്രാവിഡ ഐക്യപ്പെടലിന്റെ ഫലമാണ് ഇന്നും തമിഴ്‌നാട്ടിൽ കാണുന്ന സവർണ ഹിന്ദുത്വത്തിന് എതിരേയുള്ള രാഷ്ട്രീയവും സാമൂഹികവുമായ പ്രതിരോധം. അതേസമയം ഒരു കാലത്ത് രാമകൃഷ്ണ ഹെഗ്ഡയെ പോലുള്ള സോഷ്യലിസ്റ്റുകൾ കളം നിറഞ്ഞാടിയ കർണാടകയുടെ മണ്ണ് സംഘ്പരിവാർ ചേരിയിൽ എത്തിയത് ഒട്ടും ജനാധിപത്യപരമായിട്ടല്ല. അവിടെ പൂർണമായും വിനിമയം ചെയ്യപ്പെട്ടത് സമ്പത്തും അധികാരവും ആയിരുന്നു. ഇപ്പോൾ കർണാടകയെ മറ്റൊരു ഗുജറാത്ത് ഭൂപടമായി മാറ്റാനുള്ള തിരക്കിട്ട പണിയിലാണ്. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലം അതാണ്. എങ്ങനെയെങ്കിലും മത ധ്രുവീകരണത്തിലൂടെ സമാധാന സമൂഹത്തെ വംശീയമായി വിഭജിച്ച് തങ്ങളുടെ അജൻഡ നടപ്പാക്കുക എന്നതാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. അങ്ങനെ സാമൂഹിക ജീവിതത്തിൽ ഉണ്ടാകുന്ന വിദ്വേഷപ്പരപ്പിലൂടെ രാഷ്ട്രീയ അധികാരം കരസ്ഥമാക്കുക,അതോടെ സമീപദേശങ്ങളിലും അതിന്റെ വിഷപ്പകർച്ചയെ വിന്യസിപ്പിക്കാം എന്നവർ കരുതുന്നു.


എന്നാൽ കേരളത്തിൽ അതിനുവേണ്ടിയുള്ള എല്ലാ തയാറെടുപ്പും നിരന്തരം പരാജയപ്പെടുമ്പോഴാണ് അവിടെ അധികാരത്തിൽ എത്താൻ കഴിയും എന്ന പ്രഖ്യാപനം ഉണ്ടാകുന്നത്. എങ്ങനെ എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു മലയാളിയെ ആശങ്കപ്പെടുത്തുന്നതല്ല. അപ്പോഴും ചെറിയ വീഴ്ചയെപ്പോലും സംഘ്പരിവാർ വലിയ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നതിനെ കരുതിയിരിക്കുക തന്നെ വേണം. തമിഴ്‌നാട്ടിൽ നിന്ന് വ്യത്യസ്തമായി കേരളത്തിന്റെ നവോത്ഥാനത്തെ രൂപപ്പെടുത്തിയ രാഷ്ട്രീയ- ജ്ഞാനമണ്ഡലം തീവ്രഹിന്ദുത്വത്തിന് എതിരാണ്. ആ കരുത്തിനെകീഴ്‌പ്പെടുത്താനുള്ള വർഗീയ-രാഷ്ട്രീയ ഇടപെടൽ കേരളത്തിൽ ശക്തി പ്രാപിക്കുന്നതിനെ ഭയത്തോടെ വീക്ഷിക്കേണ്ടതുണ്ട്. അവിടെ മതേതര സമൂഹത്തെ ശത്രുതയിലൂടെ വിഭജിത സമൂഹങ്ങളാക്കി മാറ്റാനുള്ള ശ്രമം ആഴത്തിലും പരപ്പിലും കേരളത്തിൽ നടന്നുവരുന്നതിനെ മറച്ചുപിടിക്കരുത്. അതിന് ഏതെങ്കിലും തരത്തിൽ പ്രയോജനപ്പെടുന്ന നീക്കം കേരളത്തിലെ ഇടതു, വലതു മുന്നണി ബന്ധങ്ങളിൽ സംഭവിക്കാൻ പാടില്ല.
ഇനി എന്തിനുവേണ്ടിയാണ് സംഘ്പരിവാർ ഈ ആഗ്രഹത്തെ പരസ്യമായി പ്രഖ്യാപിക്കുന്നത്? ഉത്തരം ലളിതമാണ്. 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്ര നിർമാണത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുക എന്നതാണ്. അത് സാധ്യമാകുന്ന മുറയ്ക്ക് കോൺഗ്രസ് മുക്ത ഭാരതം എന്നത് ബഹുസ്വര ഇന്ത്യയിലെ നാനാത്വത്തെ പ്രതിനിധാനം ചെയ്യുന്ന വിവിധ ദേശീയ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ തകർക്കുക എന്നതാണ്. അത്തരമൊരു മാനസികാവസ്ഥയിലേക്കുള്ള പ്രാഥമിക ക്ഷണമാണ് ഞങ്ങൾ തമിഴ്‌നാടും കേരളവും ഭരിക്കും എന്ന ഇന്ത്യൻ ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം. പക്ഷേ അത് ജനാധിപത്യ വഴിയിലൂടെയായിരിക്കില്ല എന്നിടത്താണ് ഭരണകൂട ഇടപെടലിന്റെ സാധ്യത നിലനിൽക്കുന്നത്. അതാണ് അധികാരത്തിന്റെ ശക്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago