ഒരേ മനസ്സ്, ഒരേ ലക്ഷ്യം, ഒരേ വസ്ത്രം; ശുഭ്ര സാഗരമായി അറഫാത്ത്; ആത്മ നിർവൃതിയിൽ തീർത്ഥാടക ലക്ഷങ്ങൾ
അറഫാത്ത്: ആഗോള സാഹോദര്യത്തിന്റെ പ്രതീകമായി തീർത്ഥാടക ലക്ഷങ്ങൾ അറഫാത്തിൽ സമ്മേളിച്ചു. വർണ്ണ, ഭാഷാ, പ്രദേശ , അറബി, അനറബി വ്യത്യാസമില്ലാതെ അല്ലാഹുവിന്റെ മുന്നിൽ എല്ലാവരും സമന്മാരാണെന്ന ഏറ്റവും വലിയ സന്ദേശം നൽകിയാണ് ഹജ്ജിന്റെ മർമ്മ പ്രധാനമായ അറഫ സംഗമം സമാപിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എട്ടര ലക്ഷം ഹാജിമാരും സഊദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ഒന്നര ലക്ഷം ഹാജിമാരുമുൾപ്പെടെ പത്ത് ലക്ഷം ഹാജിമാരാണ് അറഫാത്തിൽ സമ്മേളിച്ചത്. മിനായിൽ നിന്നും വ്യാഴാഴ്ച രാത്രി തന്നെ അറഫ മൈതാനിയെ ലക്ഷ്യമാക്കി ഹാജിമാർ നീങ്ങിയിരുന്നു. ഇന്നലെ ഉച്ചയോടെ തന്നെ ഏകദേശം ഹാജിമാരെല്ലാം അറഫയിൽ എത്തിച്ചേർന്നു അറഫാ സംഗമത്തിന് സജ്ജമായി.
ദുഹ്ർ നിസ്‌കാരത്തോടെ ആരംഭിച്ച അറഫ സംഗമ ചടങ്ങുകൾ വൈകീട്ട്
സൂര്യാസ്തമനത്തോടെയാണ് സമാപിച്ചത്. ദുഹ്ർ ബാങ്കിന് ശേഷം ആരംഭിച്ച അറഫ സംഗമത്തിന് നമിറ മസ്‌ജിദിൽ മുസ്‌ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറലും മുതിർന്ന പണ്ഡിത സമിതി അംഗവുമായ മുഹമ്മദ് അൽ ഈസ ചരിത്ര പ്രസംഗത്തെ അനുസ്‌മരിച്ചു ഖുത്വുബ നിർവ്വഹിച്ചു. സാഹോദര്യവും സ്നേഹവും നഷ്ടപ്പെടരുതെന്നും മൂല്യം ഉയർത്തിപ്പിടിച്ചുള്ള ജീവിതമായിരിക്കണം നയിക്കേണ്ടതെന്നും ആഹ്വാനം ചെയ്തായിരുന്നു അദ്ദേഹത്തിനെ പ്രസംഗം.
പൊരുത്തക്കേടിലേക്കും വിദ്വേഷത്തിലേക്കും ഭിന്നതയിലേക്കും നയിക്കുന്ന എല്ലാത്തിൽ നിന്നും അകന്നുനിൽക്കുകയെന്നതാണ് ഇസ്‌ലാമിന്റെ മൂല്യങ്ങളിൽ ഒന്നെന്നും നമ്മുടെ ഇടപാടുകളിൽ സ്‌നേഹവും അനുകമ്പയും നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും ഡോ: ശൈഖ് മുഹമ്മദ് അൽ ഈസ വിശ്വാസികളോട് ആഹ്വാനം ചെയ്തു. വിദ്വേഷത്തിലേക്കും വിഭജനത്തിലേക്കും പൊരുത്തക്കേടിലേക്കും നയിക്കുന്ന എല്ലാ കാര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്നും സ്‌നേഹവും അനുകമ്പയും നിലനില്‍ക്കുന്ന ഇസ്‌ലാമിക മൂല്യങ്ങള്‍ മുറുകെ പിടിക്കുകയും വേണം. നല്ല സ്വഭാവം എല്ലാ ആളുകൾക്കിടയിലും ഒരു പൊതു മൂല്യമാണ്, അത് മുസ്‌ലിംകളും മറ്റുള്ളവരും വിലമതിക്കുന്നു, വാക്കിലും പ്രവൃത്തിയിലും യുക്തിസഹമായ പെരുമാറ്റം വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപദേശകനും മക്ക ഗവർണറും സഊദി സുപ്രീം ഹജ്ജ് കൗൺസിൽ ചെയർമാനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തു.
അറഫാത്തിൽ നിന്ന് സൂര്യാസ്തമനത്തോടെ മുസ്ദലിഫയിലേക്ക് നീങ്ങിയ ഹാജിമാർ ഇവിടെ നിന്നും കല്ലേറ് കർമ്മങ്ങൾക്ക് ആവശ്യമായ കല്ലുകൾ ശേഖരിച്ചു. ഇന്ന് (ശനിയാഴ്ച) പുലർച്ചെ മിനായിലേക്ക് നീങ്ങുന്ന ഹാജിമാർ പിശാചിന്റെ സ്‌തൂപങ്ങളിലെ ജംറതുൽ അഖബയിൽ കല്ലേറ് പൂർത്തിയാക്കി തല മുണ്ഡനം ചെയ്തു ഹജ്ജ് വസ്‌ത്രമായ ഇഹ്‌റാം വസ്‌ത്രം മാറും. തുടർന്ന് ത്വവാഫ് ചെയ്യാനായി മക്കയിലേക്ക് തന്നെ നീങ്ങും.
പിന്നീട് സ്വഫാ മാർവ്വക്കിടയിൽ സഅയ് ചെയ്യുന്ന ഹാജിമാർ വീണ്ടും മിനയിലേക്ക് തന്നെ തിരിച്ചു പോകും. തുടർന്ന് മിനായിൽ രാപാർക്കുകയും അയ്യാമുത്തശ്‍രീഖിന്റെ മൂന്നു ദിവസങ്ങളിൽ ഏഴ് വീതം കല്ലെറിയുകയും ചെയ്യുന്നതോടെ ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങൾക്ക് പൂർണ്ണ പരിസമാപ്‌തിയാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."