ഡൽഹി: ഫെഡറലിസത്തിൽ കൈവയ്ക്കുന്ന കേന്ദ്രസർക്കാർ
നമ്മുടെ രാജ്യം സംസ്ഥാനങ്ങളുടെ ഒരു ഫെഡറേഷനാണ്. സംസ്ഥാനങ്ങളിൽ കൂടുതൽ അധികാരങ്ങളുള്ള സ്റ്റേറ്റുകളും ഭാഗികമായ അധികാരങ്ങളുള്ള കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ട്. എന്നാൽ ഈ രണ്ട് ഘടകങ്ങളും ഇന്ത്യൻ ഫെഡറേഷന്റെ ഭാഗമാണ്. രാജ്യം നിലവിലുള്ള ഇവിടുത്തെ ഫെഡറൽ സമ്പ്രദായത്തെ ലോകത്തൊട്ടാക്കെ ഉയർത്തിക്കാണിച്ചുകൊണ്ടിരിക്കുകയാണ്. ആധുനിക ഭരണഘടന തത്വങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഫെഡറൽ രീതി. ലോകമെങ്ങും വിവിധ ലക്ഷ്യങ്ങളോടും പാരമ്പര്യങ്ങളോടും കൂടി ജീവിച്ചുപോരുന്ന ജനസമൂഹങ്ങൾക്ക് പൊതുവായ ലക്ഷ്യങ്ങളും താൽപര്യങ്ങളും നേടാനും പാരമ്പര്യങ്ങൾ വളർത്തിയെടുക്കുവാനും ഉചിതമായ രാഷ്ട്രീയ സംഘടനാ മാതൃക അതുമാത്രമാണ്. ഫെഡറലിസത്തിൻ്റെ അടിസ്ഥാനലക്ഷ്യം വൈവിധ്യത്തിൽ ഏകത്വവും അധികാരങ്ങളുടെ ക്ലിപ്തതയും ഭരണത്തിന്റെ വികേന്ദ്രീകരണവുമാണ്. തങ്ങളുടെ പ്രവർത്തനമേഖലയെ പരസ്പരം സ്വതന്ത്രമായ രണ്ടുതരം ഗവൺമെന്റുകൾ - കേന്ദ്രഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും- തമ്മിൽ അഥവാ പ്രാദേശിക ഗവൺമെന്റുകളുമായി അധികാരം വിഭജിക്കപ്പെടുന്നതാണ് അതിന്റെ അടിസ്ഥാന സ്വഭാവം. ഐക്യഭാരതത്തിന്റെ ഭരണഘടന വാർത്തെടുക്കാനുള്ള ശ്രമത്തിൽ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരമെന്ന നിലയിലാണ് ഭരണഘടനാ നിർമാതാക്കൾ ഫെഡറലിസത്തിലേക്ക് തിരിഞ്ഞത്. ഇന്ത്യയെപ്പോലെ വിസ്തീർണത്തിലും ജനസംഖ്യയിലും മുന്നിട്ടുനിൽക്കുന്ന ഒരു രാജ്യത്തിലെ വംശ, ഭാഷ, മത ബാഹുല്യംകൊണ്ട് സങ്കീർണമായ ഭരണഘടനാപ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതിന് തെരഞ്ഞെടുക്കാവുന്ന മാർഗമാണ് ഫെഡറൽ സമ്പ്രദായം.
ഡൽഹിയുടെ അധികാരങ്ങൾ ഭരണഘടനാവിരുദ്ധമായി കവർന്നെടുക്കാനുള്ള കേന്ദ്രനീക്കത്തിന് എതിരായി വലിയ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നത്. ഹരിയാനയുമായും യു.പിയുമായും ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമാണ് ഡൽഹി. കാർഷിക, വ്യാവസായിക മേഖലകളും പ്രത്യേകിച്ച് ഐ.ടി മേഖലയും ഇവിടെ കാര്യമായ വളർച്ച പ്രാപിച്ചിട്ടുമുണ്ട്. 69-ാം ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് ചരിത്രപ്രാധാന്യമുള്ള ഡൽഹി ലജിസ്റ്റേറ്റീവ് അസംബ്ലി ഈ സംസ്ഥാനത്തിന് ലഭിച്ചത്. നാഷനൽ ക്യാപിറ്റൽ ടെറിട്ടറി ആക്റ്റ് പ്രകാരം 1991ൽ ഡൽഹി നിയമസഭ നിലവിൽ വരുകയും ചെയ്തു. ഇതോടെ ഡൽഹി സർക്കാരിന്റെ അധികാരവും പ്രാധാന്യവും വർധിക്കുകയും ചെയ്തു.
2021 മാർച്ച് 28 ന് നാഷനൽ കാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി (അമൻമെന്റ്) ആക്റ്റ് പാസാക്കപ്പെട്ടു. ഡൽഹി സംസ്ഥാനത്തിന് ഉണ്ടായിരുന്ന അധികാരങ്ങളുടെ മേൽ കത്തി കുത്തിയിറക്കുന്നതായിരുന്നു ഈ നിയമം. ലഫ്റ്റനന്റ് ഗവർണറുടെ കൈയിലേക്ക് എല്ലാ അധികാരവും ചെന്നത്തലായിരുന്നു നിയമത്തിന്റെ ലക്ഷ്യവും. സംസ്ഥാനത്തിന്റെ അധികാരം ആകെ വെട്ടിക്കുറയ്ക്കുന്ന ഈ നിയമമാണ് സുപ്രിംകോടതി റദ്ദ് ചെയ്തത്. സംസ്ഥാനത്തിന്റെ അധികാരങ്ങൾ ലഫ്റ്റനന്റ് ഗവർണറും കേന്ദ്രവും കവർന്നെടുക്കുന്ന നിയമത്തിനെതിരായി കഴിഞ്ഞ കുറേ മാസങ്ങളായി ഡൽഹി സർക്കാരും കേന്ദ്രവും തമ്മിൽ സംഘർഷത്തിലായിരുന്നു. ഇതിന്റെ ഭാഗമായാണ് നിയമത്തിനെതിരായ സ്റ്റേ സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ നിന്ന് നേടിയെടുത്തത്.
ഡൽഹി സർക്കാരുമായുള്ള അധികാരത്തർക്കത്തിൽ കേന്ദ്രസർക്കാരിന്റെ പുതിയ നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഇറക്കിയ ഓർഡിനൻസിലൂടെ നാഷണൽ കാപിറ്റൽ സർവിസ് അതോററ്റിക്ക് രൂപം നൽകിയിരിക്കുകയാണ് കേന്ദ്രം. ഓർഡിനൻസിനെതിരെ എ.എ.പിയും സുപ്രിംകോടതിയെ സമീപിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ട്രാൻസ്ഫർ, പോസ്റ്റിങ്, വിജിലൻസ്, ആകസ്മികമായി സംഭവിക്കുന്ന മറ്റുകാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങിളിൽ ഡൽഹി ലഫ്റ്റനന്റ് ഗവർണർക്ക് ശുപാർശകൾ നൽകുകയാണ് അതോററ്റിയുടെ ചുമതല. ഡൽഹി മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സർക്കാരിന്റെ പ്രിൻസിപ്പൽ ഹോം സെക്രട്ടറി എന്നിവർ അടങ്ങുന്നതാണ് അതോറട്ടി. ദിവസങ്ങൾക്കുമുമ്പ് സുപ്രിംകോടതി പുറപ്പെടുവിച്ച സുപ്രധാന വിധിയെ വെല്ലുവിളിക്കുന്നതാണ് പുതിയ ഓഡിനൻസ് എന്ന ആരോപണം ഉയർന്നിട്ടുണ്ട്. അതോററ്റിയുടെ രൂപീകരണത്തോടെ സേവനകാര്യങ്ങളുടെ തീരുമാനത്തിൽ മാറ്റംവരുത്താൻ ലഫ്റ്റനന്റ് ഗവർണർക്ക് അധികാരമുണ്ട്. ദേശീയ തലസ്ഥാനത്തെ പൊതുഭരണക്രമം, പൊലിസ്, ഭൂമി എന്നിവ ഒഴികെയുള്ള ഭരണഘടനാ കാര്യങ്ങളിൽ ഡൽഹി സർക്കാരിന് നിയമനിർമാണ, എക്‌സിക്യൂട്ടീവ് അധികാരങ്ങളുണ്ടെന്ന കോടതി വിധിക്കെതിരേ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്.
സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ നൽകിയ പുനപ്പരിശോധന ഹരജി കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഓർഡിനൻസിന്റെ പശ്ചാത്തലത്തിലാണ്. ദേശീയതലസ്ഥാനം രാജ്യത്തിന് മുഴുവൻ അവകാശപ്പെട്ടതാണെന്നും അവിടെയുള്ള ഭരണത്തിൽ രാജ്യത്തിനു മുഴുവൻ അതീവ താൽപര്യമുണ്ടെന്നും ഈ ഓഡിനൻസ് വ്യക്തമാക്കുന്നു. ഉദ്യോഗസ്ഥരുടെ അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട ശുപാർശകൾ നൽകാനുള്ള ഉത്തരവാദിത്വവും അതോററ്റിക്കാണ്. ശുപാർശകൾ നൽകേണ്ടത് ലഫ്റ്റനന്റ് ഗവർണർക്കുമാണ്.
ഡൽഹിയുടെ അധികാരം പിടിച്ചെടുക്കാനുള്ള കേന്ദ്ര ഓർഡിനൻസ് പുറത്തിറങ്ങിയതിന് പിന്നാലെ പോർമുഖം തുറന്നിരിക്കുകയാണ് ആം ആദ്മിയും ബി.ജെ.പിയും. ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണെന്നും സേവനകാര്യങ്ങളിൽ സുപ്രിംകോടതി ഡൽഹി സർക്കാരിന് നൽകിയ അധികാരം തട്ടിയെടുക്കാനുള്ള നീക്കമാണെന്നും ആം ആദ്മി ആരോപിച്ചപ്പോൾ ഡൽഹിയുടെ അന്തസിന് ഓർഡിനൻസ് അനിവാര്യമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.
ആറാഴ്ചത്തെ വേനൽ അവധിക്ക് സുപ്രിംകോടതി അടച്ചതിനുശേഷം രാത്രി ഓഡിനൻസ് കൊണ്ടുവരാൻ കേന്ദ്രം ബോധപൂർവം തീരുമാനിച്ചതാണെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതീക്ഷി പത്രസമേളനത്തിൽ ആരോപിച്ചു. കേന്ദ്രത്തിന് ഇഷ്ടപ്പെടാത്ത തീരുമാനം മാറ്റാൻ ലഫ്‌നന്റ് ഗവർണർക്ക് അധികാരമുണ്ടാകുമെന്നാണ് ഓർഡിനൻസിന്റെ വ്യവസ്ഥ. ഡൽഹിയിലെ ജനങ്ങൾ കെജരിവാളിന് വോട്ട് ചെയ്താലും അദ്ദേഹം ഡൽഹി ഭരിക്കില്ലെന്ന് ഈ ഓർഡിനൻസ് പറയുന്നെന്ന് അതീഷി പറഞ്ഞു.
ഡൽഹിയുടെ അധികാരങ്ങൾ കവർന്നെടുക്കുന്ന കേന്ദ്രസർക്കാരിന്റെ ജനാധിപത്യവിരുദ്ധമായ ഓർഡിനൻസിന് എതിരായി പ്രതിപക്ഷകക്ഷികൾ രംഗത്തുവന്നിട്ടുണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഇക്കാര്യത്തിൽ ശക്തമായ പ്രതിപക്ഷനിരയുണ്ടാക്കാനുള്ള ശ്രമത്തിലാണ്. നിതീഷ് കുമാർ ഡൽഹി മുഖ്യമന്ത്രി കെജ് രിവാളിന് പിന്തുണ നൽകാൻ രാജ്യത്തെ പ്രതിപക്ഷ നേതാക്കളോടും പ്രതിപക്ഷ മുഖ്യമന്ത്രിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. നഗ്നമായ ജനാധിപത്യ ധ്വംസനം നടത്തുന്ന കേന്ദ്ര ഓർഡിനൻസിനെതിരേ ശക്തമായ പ്രതിഷേധം രാജ്യത്ത് അലയടിക്കേണ്ടതുണ്ട്. അധികാരത്തിലേക്കുള്ള ഇൗ കൈയേറ്റത്തെ പ്രതിപക്ഷ െഎക്യത്തോടെ പ്രതിരോധിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."