HOME
DETAILS

കർണാടകയിൽ മാറ്റത്തിന്റെ കാറ്റുവീശുമ്പോൾ

  
backup
June 07 2023 | 04:06 AM

as-the-winds-of-change-blow-in-karnataka
ദക്ഷിണേന്ത്യയിലേക്കുള്ള സംഘ്പരിവാർ പ്രവേശന കവാടമായിരുന്നു കർണാടകം. എന്നാൽ വർഗീയവിദ്വേഷ വിഷം പുരട്ടിയ സകലായുധങ്ങൾ എടുത്തുവീശിയിട്ടും എട്ടുനിലയിൽ പൊട്ടാനായിരുന്നു കർണാടക ബി.ജെ.പിയുടെ നിയോഗം. ആർ.എസ്.എസിന്റെ ചിന്തൻ ബൈഠക്കുകളിൽ കർണാടക കൈവിട്ടതിന്റെ കാരണം തേടുന്ന സമയമാണ്. ആഴത്തിലുള്ള അന്വേഷണവും കേഡർതലത്തിലുള്ള വിലയിരുത്തലുകളും നടന്നുകഴിയുന്നതിന് മുമ്പായി പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ നേതൃ'തല'മാറ്റങ്ങൾ പരിഗണിക്കുന്നതിനിടെയാണ് കോൺഗ്രസ് ചില പ്രഖ്യാപനങ്ങൾ നടത്തിയത്. അതാവട്ടെ ബി.ജെ.പിയെ ആഭ്യന്തരമായും അല്ലാതെയും വല്ലാതെ കുഴയ്ക്കുകയാണ്. തോൽവിയുടെ ആഘാതത്തിൽനിന്ന് തലയുയർത്താനാവാതെ നിൽക്കുമ്പോഴാണ് ഇരുട്ടടി പോലെ സിദ്ധരാമയ്യ സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളും ഒപ്പം തങ്ങളുടെ കാലത്തെ അഴിമതി-വിദ്വേഷ നടപടികളെക്കുറിച്ചുള്ള സമഗ്രാന്വേഷണവും വന്നു വീണത്. കേവലം ഭരണ-പ്രതിപക്ഷത്തെ തർക്കവിതർക്കങ്ങളിൽ തീരുന്നതല്ല കർണാടകയിലെ നിലവിലെ കാര്യങ്ങളെന്ന് ബി.ജെ.പിക്കറിയാം. പരാജയത്തിന് പിന്നാലെ അഴിമതി അന്വേഷങ്ങളുടെ വാൾമുന തങ്ങളിലേക്കെത്തുമോ എന്ന ഉൾഭയം കൂടിയായതോടെ ബി.ജെ.പി നേതാക്കൾക്ക് നിൽക്കക്കള്ളിയില്ലാത്ത അവസ്ഥയാണ്.

അധികാരത്തിലെത്താൻ തരക്കേടില്ലാത്ത ഒരു പ്രകടന പത്രിക ജനങ്ങൾക്കു നൽകിയാണ് കോൺഗ്രസ് വോട്ടു ചോദിച്ചത്. അതിൽ സദ്ഭരണം കാഴ്ചവയ്ക്കുമെന്നും അഞ്ചിന ഗ്യാരൻ്റി നടപ്പാക്കുമെന്നും മാത്രമായിരുന്നില്ല. 2019 മുതൽ സംസ്ഥാനം ഭരിച്ച ബി.ജെ.പി സർക്കാർ നടത്തിയ സകലമാന അഴിമതിയും അന്വേഷിക്കുമെന്നും വിവിധോദ്ദേശ നിയമനിർമാണങ്ങളും വിദ്വേഷാധിഷ്ഠിത നടപടികളും പിൻവലിക്കുമെന്നുംകൂടി പ്രകടന പത്രികയിലുണ്ടായിരുന്നു. പ്രകടന പത്രിക നടപ്പാക്കാൻ വൈകുന്നതിൽ 'ആശങ്കപ്പെടുന്ന' ബി.ജെ.പിയോട് ആദ്യ സമ്പൂർണ മന്ത്രിസഭായോഗത്തിൽ അഞ്ചിന ഗ്യാരൻ്റികൾ പ്രഖ്യാപിച്ചശേഷം സിദ്ധരാമയ്യ പറഞ്ഞത് 'കാത്തിരിക്കൂ', ബാക്കിയെല്ലാം പിന്നാലെ വരുന്നുണ്ടെന്നാണ്.
മുഖ്യമന്ത്രി പറഞ്ഞതിന്റെ അർഥം മറ്റാരേക്കാളും ബി.ജെ.പി നേതാക്കൾക്കറിയാം. രണ്ടു ഡസൻ അഴിമതി ആരോപണങ്ങളെങ്കിലും ബസവരാജ് ബൊമ്മെ സർക്കാരിലെ മന്ത്രിമാർ നേരിടുന്നുണ്ട്. പൊലിസ് ഇൻസ്‌പെക്ടർ നിയമന കുംഭകോണം മുതൽ സ്‌കൂൾ കുട്ടികൾക്ക് മുട്ട വാങ്ങിയതിലെ അഴിമതിവരെ അന്വേഷണം കാത്ത് വരിയിൽ നിൽപ്പാണ്. തങ്ങളുയർത്തിയ അഴിമതി ആരോപണങ്ങൾ ഒന്നുപോലും വിടാതെ അന്വേഷിക്കുമെന്നും അന്വേഷണവഴിയിൽ നിന്നുപോയതും ലക്ഷ്യം കാണാതെ ഇരുട്ടിൽ തപ്പുന്നവയും അടക്കം  എല്ലാ കേസുകളിലും സമഗ്ര അന്വേഷണം, പുനരന്വേഷണം, തുടരന്വേഷണം, പരിശോധന എന്നിവ നടത്തുമെന്നാണ് വിവിധ വകുപ്പുകളുടെ ചുമതലയേറ്റെടുത്ത മന്ത്രിമാരും പറയുന്നത്. ദിവസം കഴിയുന്തോറും ഓരോ കേസിൻ്റെയും ഫയലുകൾ പൊടിതട്ടിയെടുത്ത് മന്ത്രിമാർ മാധ്യമങ്ങളെ കാണാൻ തുടങ്ങിയതോടെ ബസവരാജ് ബൊമ്മെയ്ക്ക് മൗനം വെടിയേണ്ടിവന്നു. അന്വേഷണ ഭീഷണി അടിയന്തരാവസ്ഥയ്ക്കു തുല്യമെന്നുവരെ അദ്ദേഹം ആക്ഷേപിച്ചിട്ടുണ്ട്.

ഇതിനിടയിലാണ്, ഗോവധ നിരോധനം, ഹിജാബ് നിരോധനം, ടിപ്പു ജയന്തി ആഘോഷം തുടങ്ങിയ വിഷയങ്ങളുമായി കോൺഗ്രസും മന്ത്രിമാരും വീണ്ടും കളം നിറഞ്ഞത്. പശുക്കളെ പോറ്റി പരിചയമുള്ള മൃഗസംരക്ഷണ വകുപ്പുമന്ത്രി തന്നെയാണ് പ്രായമായ പശുക്കളെ കശാപ്പ് ചെയ്യാതെ വയ്യെന്ന വസ്തുത തുറന്നു പറഞ്ഞത്. പ്രായമായി ചത്ത പശുക്കളെ സംസ്‌കരിക്കുന്നതുൾപ്പെടെ ക്ഷീര കർഷകർ നേരിടുന്ന വലിയ പ്രയാസങ്ങൾ കണക്കിലെടുത്ത് ഗോവധ നിരോധനം പിൻവലിക്കുമെന്ന സൂചനയും അദ്ദേഹം നൽകി. മുഖ്യമന്ത്രിയാവട്ടെ, ഇക്കാര്യം മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യുമെന്നു വ്യക്തമാക്കി. ഗോക്കളെന്നു കേട്ടപാടെ ബി.ജെ.പി കൊടിയും വടിയുമായി റോഡിലിറങ്ങി. ഗോവധ നിരോധനം പിൻവലിക്കാൻ അനുവദിക്കില്ലെന്നാണ് ബി.ജെ.പി, ബജ്‌റംഗ‌്‌ദൾ, ശ്രീരാമസേന, ഹനുമാൻ സേന എന്നീ തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രഖ്യാപനം. എന്തായാലും ഇക്കാര്യത്തിൽ ഉറച്ച നിലപാടിലാണ് സിദ്ധരാമയ്യ സർക്കാരെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നത്. പരാജയത്തിന്റെ പടുകുഴിയിൽ വീണതിന് പിന്നാലെ, അണികളും അനുഭാവികളും അകലം പാലിച്ചു തുടങ്ങിയ  പാർട്ടിക്ക് തീവ്രനിലപാടുകാരെ ഇളക്കിവിടാൻ കിട്ടിയ 'സുവർണാവസരമായി' ഗോവധ വിഷയം  ഉപയോഗിക്കാനുള്ള തീരുമാനത്തിലാണ് സംഘ്പരിവാർ നേതൃത്വം. മുൻകാലങ്ങളിലേതുപോലെ അക്രമം അഴിച്ചുവിട്ട് പ്രതിസന്ധി സൃഷ്ടിക്കാനാണ് ഭാവമെങ്കിൽ അത്തരക്കാരെ കൈകാര്യം ചെയ്യുന്നതിൽ ഒരു മടിയും കാണിക്കില്ലെന്നാണ് ഇതിനുള്ള കോൺഗ്രസിന്റെ മറുപടി.
ഹിജാബിലും സമാനമായ നിലപാടാണ് സർക്കാർ സ്വീകരിച്ചത്. ഒരു മതത്തിന്റെയും വേഷ-ഭക്ഷണ കാര്യത്തിൽ ഇടപെടരുതെന്ന ഭരണഘടനാതത്വം നടപ്പാക്കാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. പാഠപുസ്തകങ്ങളിലെ ചരിത്രനിഷേധം അനുവദിക്കില്ലെന്നു കോൺഗ്രസ് പറയുമ്പോൾ ടിപ്പുവിനെ തിരികെ പുസ്തകതാളിലെത്തിക്കുമോ എന്ന ആശങ്കയിലാണ് ബി.ജെ.പിയും കൂട്ടരും. ഒരുവിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമം, ചിലരെ പരിധിക്ക് പുറത്തുനിർത്തിയ സംവരണക്രമത്തിലെ പുനഃക്രമീകരണം തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ബാധിക്കുന്ന വിഷയങ്ങളിൽ നീതിയും ന്യായവും  മാനദണ്ഡമാക്കി നടപടി സ്വീകരിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.

എന്തായാലും ജൂലൈ മൂന്നു മുതൽ നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുകയാണ്. ഗവർണറുടെ നയപ്രഖ്യാപനത്തിനുശേഷം ബജറ്റവതരണവും അതിൻമേലുള്ള വിശദ ചർച്ചകൾക്കും വിധാൻസൗധ സാക്ഷിയാകും. അന്വേഷണ പരമ്പരകളും ചില നിയമങ്ങളുടെയും നടപടികളുടെയും പിൻവലിക്കലും സഭാന്തരീക്ഷം കലുഷിതമാക്കിയേക്കും. എന്നാൽ, തങ്ങളുടെ വാക്കിൽനിന്ന് ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. കാരണം 2024വരെ നിലവിലെ രാഷ്ട്രീയ സാഹചര്യം മാറാതെ, തെറ്റാതെ കൊണ്ടുപോകേണ്ടത് സിദ്ധരാമയ്യ സർക്കാരിന്റെ അനിവാര്യതകൂടിയാണ്. അതുകൊണ്ടുതന്നെ, പറഞ്ഞ കാര്യങ്ങൾ നടപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് കോൺഗ്രസ്.

അഞ്ച് ഗ്യാരൻ്റികൾക്കുള്ള
വരവേൽപ്പ്

പറഞ്ഞതുപോലെ സിദ്ധരാമയ്യ സർക്കാർ പ്രവർത്തിച്ചു. കോൺഗ്രസ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ അഞ്ച് ഗ്യാരൻ്റികൾക്ക്  ആദ്യ മന്ത്രിസഭായോഗത്തിൽ തത്വത്തിൽ അനുമതിയും സമ്പൂർണ മന്ത്രിസഭായോഗത്തിൽ നടപ്പാക്കാനുള്ള തീരുമാനവും എടുത്തു. ഇതോടെ സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും പുതിയ സർക്കാരിന്റെ ഒരു പദ്ധതി ആനുകൂല്യമെങ്കിലും എത്തുന്ന സാഹചര്യത്തിന് തുടക്കമായി.
200 യൂനിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് വൈദ്യുതി സൗജന്യം നൽകുന്ന ഗൃഹജ്യോതി പദ്ധതി ജൂലൈ 1 മുതലാണ് നടപ്പാക്കുക. ശരാശരി ഉപയോഗം കണക്കിലെടുത്താണ് സൗജന്യം നൽകുക എന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. വാടക വീടുകളിൽ താമസിക്കുന്നവരെക്കൂടി പദ്ധതി ആനുകൂല്യത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തിയതോടെ ഇതരസംസ്ഥാനക്കാർക്കു കൂടി സർക്കാർ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ നൽകുന്ന ഗൃഹലക്ഷ്മി പദ്ധതി ഓഗസ്റ്റ് 15ന്  തുടങ്ങും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പത്തുകിലോ അരി സൗജന്യമായി നൽകുന്ന അന്നഭാഗ്യ,  സ്ത്രീകൾക്ക് ജൂൺ 11 മുതൽ സൗജന്യ യാത്ര അനുവദിക്കുന്ന ശക്തി പദ്ധതി, അഭ്യസ്തവിദ്യരായ തൊഴിൽരഹിതർക്ക് പ്രതിമാസ ധനസഹായം നൽകുന്ന യുവനിധി പദ്ധതി തുടങ്ങിയവയും നടപ്പാവുകയാണ്.

ജനപ്രിയ വാഗ്ദാനങ്ങളും വർധിച്ചുവരുന്ന സൗജന്യങ്ങളും സംസ്ഥാനത്തിന്റെ ആർജിത ധനബാധ്യത ഇരട്ടിയാക്കുമെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തുവന്നെങ്കിലും ധനാഗമന മാർഗങ്ങൾ വിശദീകരിച്ച് അത്തരം പ്രതിബന്ധങ്ങളെ തട്ടിമാറ്റാമെന്ന വിശ്വാസത്തിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. സമൂഹത്തിലെ അവശരും ആലംബഹീനരുമായ നിരവധി മനുഷ്യർക്ക് സർക്കാരിന്റെ പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങൾ വലിയൊരളവോളം ആശ്വാസമാണ്.അടിസ്ഥാന സൗകര്യമേഖലയിലും പശ്ചാത്തല മേഖലയിലും ഏറെ മുന്നേറാനുള്ള സാഹചര്യം കർണാടയ്ക്കുണ്ട്. എന്നാൽ ഇത്തരം ചെലവുകൾക്കുള്ള വരുമാനം കണ്ടെത്തുന്നതാണ് സർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി. അഞ്ച് ഗ്യാരൻ്റി പദ്ധതി നടപ്പാക്കാൻ മാത്രം പ്രതിവർഷം അരലക്ഷം കോടിയെങ്കിലും വേണമെന്നാണ് സർക്കാർ വകുപ്പുകൾ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. റവന്യൂ ചെലവ് കുറച്ചും നികുതിയേതര റവന്യൂ വരുമാനം ഇരട്ടിയാക്കിയും വരുമാനം കണ്ടെത്താനാണ് സർക്കാർ ആലോചന. സർക്കാരിന്റെ കണക്കുകൂട്ടലുകൾക്കൊപ്പം ഭരണയന്ത്രം കൂടി ചലിച്ചാൽ മാത്രമേ ഇത്തരം ഇടപെടലുകൾ ഫലപ്രദമാവുകയുള്ളൂ.
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ബിൽബോർഡ് നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഗള്‍ഫ് സുപ്രഭാതം റെസിഡണ്ട് എഡിറ്റര്‍ ജലീല്‍ പട്ടാമ്പിക്ക്  ആദരം 

uae
  •  2 months ago
No Image

'അവസാന വിക്കറ്റും വീണു അരങ്ങത്തു നിന്ന് അടുക്കളയിലേക്ക്'; ഫേസ്ബുക്ക് കുറിപ്പുമായി കെ.ടി. ജലീല്‍ എം.എല്‍.എ

Kerala
  •  2 months ago
No Image

കമ്മ്യൂണിറ്റി സ്പോർട്‌സ് ഇവന്റ്സ്; എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് മികച്ച മീഡിയ ഔട്ട്ലെറ്റ് പുരസ്കാരം

uae
  •  2 months ago
No Image

ടി20 ലോകകപ്പ്; ഔദ്യോഗിക സ്കോററായി യു.എ.ഇ മലയാളി ഷിനോയ് സോമൻ

uae
  •  2 months ago
No Image

അജിത് കുമാറിന്റെ തലയില്‍ നിന്ന് തൊപ്പി ഊരിക്കും എന്ന പറഞ്ഞവന്റെ പേര് അന്‍വറെന്നാ സി.എമ്മേ; ഫേസ്ബുക്ക് പോസ്റ്റുമായി അന്‍വര്‍

Kerala
  •  2 months ago
No Image

ഹിന്ദുകുട്ടികളെ മതന്യൂനപക്ഷങ്ങളുടെ സ്‌കൂളുകളില്‍ അയക്കരുത്; കര്‍ണാടകയില്‍ വിദ്വേഷ പ്രസംഗം നടത്തിയ അധ്യാപകനെതിരെ കേസ്

National
  •  2 months ago
No Image

എഡിജിപിക്കെതിരായ നടപടി സ്വന്തം തടി രക്ഷിക്കാനുള്ള മുഖ്യമന്ത്രിയുടെ തന്ത്രം; രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

സൂര്യാഘാതം? ചെന്നൈയില്‍ വ്യോമസേനയുടെ എയര്‍ഷോ കാണാനെത്തിയ മൂന്നുപേര്‍ മരിച്ചു 

National
  •  2 months ago
No Image

എമിറേറ്റ്സ് എയർലൈനിൽ ഈ വസ്തുകൾക്ക് നിരോധനം

uae
  •  2 months ago