യുഎഇ സ്വദേശിവത്കരണം: സ്വദേശിയെ നിയമിക്കാനുള്ള അവസാന തിയ്യതി ജൂലൈ 7
യുഎഇ സ്വദേശിവത്കരണം: സ്വദേശിയെ നിയമിക്കാനുള്ള അവസാന തിയ്യതി ജൂലൈ 7
അബുദാബി: യുഎഇയിൽ സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള തിയ്യതി ജൂലൈ ഏഴ് വരെയാക്കി പുതുക്കി നിശ്ചയിച്ചു. സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെ അർധവാർഷിക സ്വദേശിവൽക്കരണ (നാഫിസ്) സമയപരിധിയാണ് ജൂൺ 30ൽനിന്ന് ജൂലൈ കീഴിലേക്ക് നീട്ടിനൽകിയത്. ജൂൺ അവസാനദിവസങ്ങളിൽ ബാലീ പെരുന്നാളിനെ തുടർന്ന് സ്ഥാപനങ്ങൾ അവധിയാണെന്നതിനാലാണ് ഒരാഴ്ച കൂടി സമയം അനുവദിച്ചത്.
ഒരു ശതമാനം അർധവാർഷിക സ്വദേശിവൽക്കരണമാണ് ജൂലൈ 7നകം പൂർത്തിയാക്കേണ്ടത്. 50 ന് മുകളിൽ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും സ്വദേശിവത്കരണം നിർബന്ധമാണ്. ഒരു വർഷത്തിൽ ആകെ രണ്ട് ശതമാനം വർധനയാണ് നടപ്പിലാക്കേണ്ടത്. 6 മാസത്തിൽ ഒരിക്കൽ ഒരു ശതമാനം വീതം ജൂലൈ, ഡിസംബർ മാസങ്ങൾക്ക് മുൻപായാണ് സ്വദേശിവത്കരണം നടപ്പിലാക്കേണ്ടത്.
സ്വദേശിവൽക്കരണം നടപ്പാക്കാത്ത കമ്പനികൾ സമയപരിധി അവസാനിച്ചാൽ ഒരു സ്വദേശിക്ക് മാസത്തിൽ 7000 ദിർഹം എന്ന തോതിൽ ആറ് മാസത്തേക്ക് 42,000 ദിർഹം പിഴ അടയ്ക്കണം. ഒരു വർഷത്തേക്ക് ഇത് 72,000 ദിർഹമാകുമെന്ന് മാനവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു.
2022ൽ ആരംഭിച്ച നാഫിസ് പദ്ധതി പ്രകാരം അഞ്ച് വർഷത്തിനകം 75,000 സ്വദേശികൾക്ക് ജോലി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതോടെ ഓരോ കമ്പനികളിലെയും സ്വദേശി ജീവനക്കാരുടെ അനുപാതം 10% ആയി ഉയരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."