ചെലവുചുരുക്കാന്‍ അംഗങ്ങളുടെ എണ്ണംകുറയ്ക്കും; ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടില്ല
പത്തനംതിട്ട: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചുവിടാനുള്ള വിവാദ തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. തല്‍ക്കാലത്തേക്ക് ബോര്‍ഡ് പിരിച്ചുവിടേണ്ടെന്നാണ് തീരുമാനം. അംഗങ്ങളുടെ എണ്ണം കുറച്ച് ചെലവുചുരുക്കാനാണ് നീക്കം. എന്‍.എസ്.എസിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് നിലപാടു മാറ്റമെന്നാണ് സൂചന.
ഇഷ്ടക്കാരെ തിരുകിക്കയറ്റി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചത്. ദേവസ്വം നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുകൊണ്ട് 2008ല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദുചെയ്താണ് 2014 ല്‍ ബോര്‍ഡ് രൂപീകരിച്ചത്. നിയമനം പി.എസ്.സിക്കു വിട്ട തീരുമാനത്തെ എന്‍.എസ്.എസ് അടക്കമുള്ള സമുദായ സംഘടനകള്‍ എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചത്. ചെയര്‍മാനും അഞ്ച് അംഗങ്ങളുമാണ് ബോര്‍ഡിലുള്ളത്.
ഇതില്‍ കൊല്ലത്തെ ഒരു യു.ഡി.എഫ് നേതാവിന്റെ ഭാര്യയുമുണ്ട്. ഇതുകൂടാതെ പി.എസ്.സിയില്‍ നിന്ന് വിരമിച്ച നാലുപേരടക്കം പന്ത്രണ്ടോളം യു.ഡി.എഫുകാര്‍ക്ക് വിവിധ തസ്തികകളില്‍ ബോര്‍ഡില്‍ നിയമനവും നല്‍കി. ഇവര്‍ എല്ലാവരുടെയും ശമ്പളവും മറ്റുമായി ലക്ഷങ്ങളാണ് ബോര്‍ഡിന്റെ പേരില്‍ സര്‍ക്കാരിന് ചെലവാകുന്നത്.
ഓഫിസ് കെട്ടിടത്തിന്റെ വാടക ഇനത്തില്‍ മാത്രം മാസം ഒന്നരലക്ഷം രൂപയാണ് ചെലവ്. അംഗങ്ങളുടെ യാത്രാപ്പടി ഇനത്തിലും അരലക്ഷത്തിനടുത്ത് ചെലവുണ്ട്. ഇവര്‍ക്കെല്ലാം പുതിയ ലാപ്‌ടോപ്പും വാങ്ങി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ഓഫിസ് നവീകരണത്തിന് 20 ലക്ഷം രൂപയുടെ ഭരണാനുമതിയും കഴിഞ്ഞ സര്‍ക്കാര്‍ നല്‍കി.
തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളിലെ ശാന്തി, കഴകം, അടിച്ചുതളി, വാദ്യക്കാര്‍, ശംഖുവിളി, സംബന്ധി എന്നീ ആറ് തസ്തികകളിലേക്കും ഗുരുവായൂര്‍ ദേവസ്വത്തിലെ ചില തസ്തികകളിലേക്കുമുള്ള നിയമനമാണ് ബോര്‍ഡ് നടത്തേണ്ടത്. ഇത്തരത്തില്‍ നിയമനം ലഭിക്കുന്നവര്‍ക്കെല്ലാംകൂടി നല്‍കേണ്ട ശമ്പളത്തേക്കാളും കൂടുതല്‍ തുകയാണ് ബോര്‍ഡ് അംഗങ്ങള്‍ക്കായി വര്‍ഷംതോറും സര്‍ക്കാര്‍ ചെലവാക്കേണ്ടത്. എന്നാല്‍, ഇത്രതുക ചെലവാക്കിയിട്ടും ഒരൊറ്റ നിയമനവും ഇക്കാലത്ത് നടന്നിട്ടില്ല. ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കടുത്ത അതൃപ്തിയാണുള്ളത്. ഇത്തരത്തില്‍ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സര്‍ക്കാരിന് ബാധ്യത മാത്രമാകുന്ന സാഹചര്യത്തിലാണ് ബോര്‍ഡ് പിരിച്ചുവിട്ട് നിയമനം പി.എസ്.സിക്ക് വിടുമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്.
എന്നാല്‍, എന്‍.എസ്.എസ് ഇതിനെതിരേ ശക്തമായി രംഗത്തുവന്നു. ഇതേത്തുടര്‍ന്നാണ് തിടുക്കപ്പെട്ട് ബോര്‍ഡ് പിരിച്ചുവിടേണ്ടെന്ന് സര്‍ക്കാര്‍ നിലപാടെടുത്തത്. തല്‍കാലം പിരിച്ചുവിടാതെ അംഗങ്ങളുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം. ചെയര്‍മാനും ഒരംഗവും എന്ന നിലയില്‍ എണ്ണം നിജപ്പെടുത്തും. ഇതിനെ സമുദായ സംഘടനകള്‍ സ്വാഗതം ചെയ്‌തെന്നാണ് വിവരം. കൂടാതെ നിയമനം പി.എസ്.സിക്ക് വിടുന്നതിലെ നിയമക്കുരുക്കും തീരുമാനം മാറ്റാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."