വിശാലസഖ്യം സാധ്യതകളും വെല്ലുവിളികളും
സി.വി ശ്രീജിത്ത്
കർണാടക തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും എന്ന കൃത്യമായ വഴിത്തിരിവിലാണ് ദേശീയരാഷ്ട്രീയം. വെറുപ്പും വിദ്വേഷവും പടർത്തി, വിഭാഗീയതയുടെ വീർപ്പുമുട്ടിക്കുന്ന രാഷ്ട്രീയം പയറ്റുന്ന സംഘ്പരിവാരാദികളും ജനവിരുദ്ധതയുടെ പ്രയോക്താക്കളായി മാറിയ മോദി ഭരണകൂടവും ഒരു ഭാഗത്ത്. ആഭ്യന്തര വൈരുധ്യങ്ങളാലും പ്രത്യയശാസ്ത്ര അടിത്തറയിലെ വ്യതിരിക്തതയാലും പലവഴിയിലെങ്കിലും വിശാല ലക്ഷ്യവും ബോധവും ഉൾക്കൊണ്ട് ഒടുവിൽ ഒരുമിക്കാൻ തീരുമാനിച്ച പ്രതിപക്ഷ കക്ഷികൾ മറുഭാഗത്ത്. എതിരിടാൻ തങ്ങളുണ്ടെന്ന് പറയാനും ബി.ജെ.പിവിരുദ്ധ ചേരിയിൽ ഒന്നിച്ചുനിൽക്കാൻ പ്രതിപക്ഷ പാർട്ടികളെ പ്രേരിപ്പിച്ചതും കർണാടകാനന്തര സ്വാധീനമായിരുന്നു.
തങ്ങളുടെ മേധാശക്തിയെ കൂടുതൽ കരുത്തുള്ളതാക്കി മാറ്റാനുള്ള സകല കുടില തന്ത്രങ്ങളും വലതു തീവ്ര ആശയധാരക്കാർ പ്രയോഗിക്കുന്ന വർത്തമാന കാലത്താണ്, പ്രതിരോധത്തിന്റെ മതിലുകെട്ടി ഉയർത്താൻ ഒരുങ്ങിയെന്ന പ്രഖ്യാപനവുമായി പ്രതിപക്ഷം മുന്നോട്ടുവന്നത്. നിശ്ചയമായും കർണാടകയിലെ കോൺഗ്രസ് വിജയമാണ് ആ വഴിക്കുള്ള വെളിച്ചം വീശിയത്.
ദക്ഷിണേന്ത്യയിലെ സംഘ്പരിവാർ പരീക്ഷണശാലയായ കർണാടകത്തിൽ തുടർഭരണം ലക്ഷ്യമിട്ട ബി.ജെ.പിയെ മുട്ടുകുത്തിച്ചതിൽ നിന്നുള്ള ഊർജമാണ് വിശാല പ്രതിപക്ഷ ഐക്യത്തിന്റെ ഇപ്പോഴത്തെ ഉൾക്കരുത്ത്. കർണാടകയിൽ തുടങ്ങിയ ഐക്യപ്പെടലിന്റെ കാഹളം ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്കും മോദിക്കുമെതിരായ വിശാല ബദലിനുള്ള മുന്നൊരുക്കം കൂടിയായി മാറിയതോടെ മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യതകളിലേക്കാണ് ഒരിക്കൽകൂടി രാജ്യം വിരൽചൂണ്ടുന്നത്.
ഒന്നിച്ചുനിന്നില്ലെങ്കിൽ മഹാവിപത്തിനെ സ്വീകരിക്കാനൊരുങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പ് ഉൾക്കൊണ്ട പ്രതിപക്ഷ പാർട്ടികൾ ജൂൺ 13ന് പറ്റ്‌നയിൽ അതിന്റെ ആദ്യ കൂടിച്ചേരലിന് അവസരമൊരുക്കി. ദേശീയ രാഷ്ട്രീയത്തിൽ മാറ്റങ്ങൾക്ക് ഹേതുവായി പലകാലത്തും ചരിത്രപരമായ മുന്നേറ്റങ്ങൾക്ക് തുടക്കമിട്ട ബിഹാറിലെ മണ്ണിൽ 32 പ്രതിപക്ഷ പാർട്ടിനേതാക്കൾ ഒത്തുചേർന്നതോടെ 2024ലേക്കുള്ള ദിശാസൂചിയായി പാറ്റ്‌ന മാറി.
അനിവാര്യമായ രാഷ്ട്രീയ സാഹചര്യത്തിന്റെ സമ്മർദങ്ങളോടൊപ്പം, തങ്ങളുൾക്കൊള്ളുന്ന വിവിധ ആശയങ്ങളുടെ അവസാനമായേക്കാമെന്ന ഉൾഭയവും എല്ലാ പ്രതിപക്ഷ കക്ഷികളെയും ഏറിയും കുറഞ്ഞും ബാധിച്ചിട്ടുണ്ട്. ജനാധിപത്യ-ഭരണഘടനാ അധികാരങ്ങളും അവകാശങ്ങളും പാടേ നിഷേധിച്ച്, തങ്ങളും തങ്ങൾക്കെതിരുള്ളവരെന്നും വേർതിരിച്ച് നിർത്തിയുള്ള രാഷ്ട്രീയഭൂമിക പരുവപ്പെടുത്തുന്നതിൽ വിജയിച്ച സംഘ്പരിവാറിനെ നേരിടാനുള്ള ആശയാടിത്തറ ദൃഢമാക്കാനുള്ള ഗൃപാഠങ്ങൾക്ക് തുടക്കമിട്ട പാറ്റ്‌ന സംഗമം ദേശീയ രാഷ്ട്രീയത്തിൽ മാറ്റങ്ങൾക്കുള്ള തുടക്കമായി നിരീക്ഷകർ വിലയിരുത്തി.
പറ്റ്‌ന യോഗം മതേതര-ജനാധിപത്യ ഇന്ത്യയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. വർത്തമാനകാല രാഷ്ട്രീയത്തിന്റെ മിടിപ്പ് ഉൾക്കൊള്ളാനും ദുർഘട സാഹചര്യത്തെ കൃത്യമായി വിലയിരുത്താനും ഈ കൂടിച്ചേരലുകൊണ്ട് സാധിച്ചു. എന്നാൽ അവിടംകൊണ്ട് അവസാനിക്കുന്നില്ല, ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുക എന്ന ദൗത്യം. പ്രതിപക്ഷ മുന്നണിയുടെ ഘടന, പൊതുമിനിമം പരിപാടികൾ, വിവിധ സംസ്ഥാനങ്ങളിലെ ധാരണകൾ തുടങ്ങിയ കാര്യങ്ങൾ തീരുമാനിക്കുന്നതിന് ഈ മാസം 17, 18 തീയതികളിൽ ബംഗളൂരുവിൽ വീണ്ടും ഒത്തുകൂടാനാണ് പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചത്.
മണിപ്പൂരിൽ കലാപം കത്തിപ്പടരുന്നതിനിടെ, കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ കൂട്ടക്കൊള്ളകളെയും കൊലപാതകങ്ങളെയും പലായനങ്ങളെയും നിസംഗതയോടെ നോക്കിക്കാണുന്നതിനിടെയാണ് പാറ്റ്‌നയിൽ പ്രതിപക്ഷ പാർട്ടികൾ ഒത്തുചേർന്നത്. വിവിധ സംസ്‌കാരവും ജീവിതരീതികളും വിശ്വാസ ധാരകളുമുള്ള ജനവിഭാഗത്തെ ഒന്നിച്ചുനിർത്തുന്ന ബഹുസ്വര സമീപനത്തിന് നേർ വിപരീതമായ പ്രത്യയശാസ്ത്രം പ്രയോഗിക്കുന്ന ഭരണകൂടങ്ങൾ,
മണിപ്പൂരിന്റെ തീയാളിക്കത്തിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നതിൽ ആകുലപ്പെട്ട പ്രതിപക്ഷ പാർട്ടികൾ, ഇത്തരം പ്രാദേശിക പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്ന കേന്ദ്ര സർക്കാർ നടപടികളെ ശക്തമായി എതിർക്കുകയും ചെയ്തു. മണിപ്പൂരിന്റെ വിലാപത്തോട് ഒരു വാക്കിൽ പോലും സഹതപിക്കാൻ മനസുകാട്ടാത്ത ഭരണാധികാരികളോട് സഹിഷ്ണുതയുടെ, സാമൂഹിക നീതിയുടെ രാഷ്ട്രീയം പറഞ്ഞ് പ്രതിരോധം സൃഷ്ടിക്കാനാണ് പാറ്റ്‌നയിൽ ചേർന്ന പാർട്ടികൾ തീരുമാനിച്ചത്.
എന്നാൽ പ്രതിപക്ഷത്തിന്റെയോ മണിപ്പൂരിലെ ജനങ്ങളുടെയോ ആവലാതികൾക്ക് ചെവികൊടുക്കാത്ത കേന്ദ്രസർക്കാർ ഇപ്പോഴിതാ ഏക സിവിൽകോഡെന്ന തുറുപ്പുചീട്ടുകൂടി പുറത്തെടുത്തിരിക്കുന്നു. ഈ നീക്കത്തിനു പിന്നിലും കേന്ദ്രത്തിന് സങ്കുചിതമായ ആലോചനകളുണ്ട്. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ബി.ജെ.പിയും ആർ.എസ്.എസും പ്രയോഗിക്കുന്നതും തീവ്രഹിന്ദുത്വാശയക്കാരെ സന്തോഷിപ്പിക്കുന്നതുമായ ഇത്തരം ഭീഷണികളുടെ പേരിൽ രാജ്യത്ത് വീണ്ടും ആകുലതകൾ ഉയർന്നുതുടങ്ങി. ഏക സിവിൽകോഡിൽ ഉൾപ്പെടെ വ്യത്യസ്തമായ വീക്ഷണങ്ങളും നിലപാടുകളുമുള്ളവരാണ് പ്രതിപക്ഷത്തെ പാർട്ടികൾ.
ഭരണഘടനാ വിരുദ്ധമായ ഇത്തരം നിയമങ്ങൾ അടിച്ചേൽപ്പിക്കാനാകില്ലെന്ന ബോധം കേന്ദ്രസർക്കാരിന് ഇല്ലാത്തതിനാലല്ല, അതിന്റെ പേരിലുണ്ടാകുന്ന കോലാഹലങ്ങളും വാദപ്രതിവാദങ്ങളും ഫലത്തിൽ സൃഷ്ടിക്കുന്ന വോട്ടുകേന്ദ്രീകരണമാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
ഈ ഘട്ടത്തിൽ അത്തരമൊരു ചർച്ച പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ തുടക്കമിട്ടത് കേവലം രാഷ്ട്രീയ മുദ്രാവാക്യത്തിനുവേണ്ടി മാത്രമായിരുന്നില്ല. ഒന്നിച്ചു ചേരാനൊരുങ്ങിയ പ്രതിപക്ഷത്തെ കിട്ടയ അവസരം ഉപയോഗിച്ച് ഭിന്നിപ്പിച്ച് നിർത്താനാകുമോ എന്ന ചിന്ത കൂടിയായിരുന്നു.
ഇത്തരത്തിൽ പലവിധത്തിലുള്ള രാഷ്ട്രീയ, വർഗീയ പ്രതിബന്ധങ്ങളെയും അതിജീവിച്ചുവേണം പ്രതിപക്ഷത്തിന്റെ സ്വപ്‌നം യാഥാർഥ്യമാകാൻ. പ്രതിപക്ഷത്തിന്റെ ഇത്തരം പരിമിതികളിലാണ് മോദിയും കൂട്ടരും കണ്ണുവയ്ക്കുന്നത്. അതിനെ അതിജീവിക്കാനുള്ള കരുത്ത് നേടലാണ് പ്രതിപക്ഷത്തിന്റെ ഇനിയുള്ള ആലോചന. അതിനാണ് ബംഗളൂരു വേദിയാകുന്നത്.
നാളെ: പ്രതിപക്ഷം: ആശയം പലത് ലക്ഷ്യം ഒന്നാകുമോ
Content Highlights:today's Article in jul 14 2023
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."