നിറ ചിരി സ്‌നേഹാശ്ലേഷം; എ.എ.പി എം.പി ഛദ്ദയെ സ്വീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍, ആവേശഭരിതം പ്രതിപക്ഷ സമ്മേളനം
നിറ ചിരി സ്‌നേഹാശ്ലേഷം; എ.എ.പി എം.പി ഛദ്ദയെ സ്വീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍, ആവേശഭരിതം പ്രതിപക്ഷ സമ്മേളനം
ബംഗളൂരു: പ്രതീക്ഷകള്‍ക്ക് കൂടുതല്‍ നിറം പകര്‍ന്ന് വിശാല പ്രതിപക്ഷ സഖ്യത്തിന് ഊടും പാവും നല്‍കാനുള്ള കൂടിച്ചേരല്‍. ബംഗളൂരുവിലെ പ്രതിപക്ഷ സമ്മേളനത്തില്‍ നിന്നുള്ള രംഗങ്ങള്‍ ഏറ്റെടുക്കുകയാണ് സോഷ്യല്‍ മീഡിയ. എ.എ.പി എം.പി രാഘവ് ഛദ്ദയെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. വൈരം മറന്നുള്ള മഞ്ഞുരുക്കത്തിലേക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ ദൃശ്യങ്ങള്‍.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ എന്നവര്‍ ചേര്‍ന്നാണ് ഛദ്ദയെ സ്വീകരിക്കുന്നത്. നിറഞ്ഞ ചിരിയോടെ ആലിംഗനം ചെയ്താണ് ഛദ്ദയെ ഇവര്‍ സ്വീകരിക്കുന്നത്. കുറഞ്ഞത് ഇപ്പോഴെങ്കിലും കാര്യങ്ങള്‍ സന്തോഷകരമായ അവസ്ഥയിലാണെന്നാണ് ഈ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
#WATCH | AAP MP Raghav Chadha arrives at the venue of the Opposition meeting in Bengaluru, received by Karnataka CM & Congress leader Siddaramaiah, deputy CM DK Shivakumar and party leader KC Venugopal, in Bengaluru pic.twitter.com/sJ8l0GppqO
— ANI (@ANI) July 17, 2023
പ്രതീക്ഷിച്ചതു പോലെ 26 ഓളം പാര്‍ട്ടികളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമാണ് ബംഗളൂരില്‍ നടക്കുന്ന ബി.ജെ.പിക്കെതിരായ ഐക്യപ്പെടല്‍ വേദി. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒത്തുചേര്‍ന്നതിന്റെ ആദ്യ ദിനം അനൗപചാരിക യോഗങ്ങളും സൗഹൃദ സംഭാഷണങ്ങളും ഫോട്ടോ സെഷനും അത്താഴവിരുന്നും ഉള്‍പ്പെടെ ഏവര്‍ക്കും ഹൃദ്യമായ അനുഭവമായിരുന്നു. എട്ട് മുഖ്യമന്ത്രിമാരും നാല് മുന്‍ മുഖ്യമന്ത്രിമാരുമുള്‍പ്പെടെ ദേശീയ നേതാക്കളെല്ലാം തങ്ങളുടെ കാഴ്ചപ്പാടുകള്‍ പരസ്പരം പങ്കുവച്ചു. പ്രാദേശിക തര്‍ക്കങ്ങളും നീക്കുപോക്കുകളും ഒരു വിധത്തിലും ദേശീയ തലത്തിലെ കൂട്ടായ്മയെ ബാധിക്കരുതെന്ന സന്ദേശമാണ് ഏവരുടെയും വാക്കുകളിലുണ്ടായതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സുപ്രഭാതത്തോട് പറഞ്ഞു. ഇന്നു നടക്കുന്ന വിപുലമായ ചര്‍ച്ചകള്‍ക്കൊടുവില്‍ 2024ലെ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി എങ്ങനെ നേരിടാനാകുമെന്ന വിശദമായ പദ്ധതി രേഖ തയാറാക്കുമെന്നും നേതാവ് പറഞ്ഞു.
വിലക്കയറ്റം, തൊഴിലില്ലായ്മ, മണിപ്പൂര്‍ വിഷയം, മഹാരാഷ്ട്രയിലെ എന്‍.സി.പി പിളര്‍പ്പ്, ഇ.ഡിയെ ഉപയോഗിച്ചുള്ള വേട്ടയാടല്‍ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന നിരവധി വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ഒരുമിച്ചു നീങ്ങേണ്ട പ്രാധാന്യം ഉള്‍്‌കൊണ്ടുള്ള തീരുമാനങ്ങള്‍ക്ക് ബംഗളൂരു സമ്മേളനം കാരണമാകും. വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെയുള്ള പ്രക്ഷോഭപരിപാടികളും ഇന്നത്തെ യോഗത്തില്‍ ആസൂത്രണം ചെയ്‌തേക്കും.
പ്രതിപക്ഷ നേതാക്കളുടെ സംഗമ വേദിയായി ബംഗളൂരുവിനെ മാറ്റാനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം നേരത്തെ നടത്തിയിരുന്നു. പ്രധാന പാതയോരങ്ങളില്‍ പ്രതിപക്ഷ നിരയിലെ എല്ലാ പാര്‍ട്ടിനേതാക്കളുടെയും ചിത്രങ്ങളോടെയുള്ള വര്‍ണ്ണ ബോര്‍ഡുകള്‍ നിരത്തി. യോഗസ്ഥലമായ താജ് വെസ്റ്റ് എന്‍ഡ് പരിസരത്താകെ ഐക്യപ്പെടലിന്റെ പോസ്റ്ററുകളും ബോര്‍ഡുകളും നിറഞ്ഞു. ഇന്നലെ ഉച്ചയോടെ എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ എത്തിയ ദേശീയ നേതാക്കളെ സംസ്ഥാന മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേര്‍ന്നാണ് സ്വീകരിച്ചത്.
ജൂണ്‍ 23ന് പാട്‌ന യോഗത്തില്‍ പങ്കെടുത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചു നീങ്ങാനും തുടര്‍ന ചര്‍ച്ചകള്‍ ആരംഭിക്കാനും തീരുമാനിച്ചതിനെ തുടര്‍ന്നാണ് ബംഗളൂരുവില്‍ യോഗം ചേരാന്‍ തീരുമാനിച്ചത്. നേരത്തെ ഷിംലയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം പ്രളയസാഹചര്യം കണക്കിലെടുത്ത് ബംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം ഇന്ന്; 24 പാര്‍ട്ടികള്‍ പങ്കെടുക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."