അയല്‍ക്കാരിയായ വിജയലക്ഷ്മിയമ്മ മരിച്ചപ്പോള്‍ മദ്രസക്ക് അവധി നല്‍കി, ബന്ധുക്കള്‍ക്ക് താമസിക്കാന്‍ കെട്ടിടം വിട്ടു കൊടുത്തു, ഭക്ഷണമൊരുക്കി; ഇതാ ഒരു 'മലപ്പുറം സ്‌നേഹഗാഥ'
അയല്‍ക്കാരിയായ വിജയലക്ഷ്മിയമ്മ മരിച്ചപ്പോള്‍ മദ്രസക്ക് അവധി നല്‍കി, ബന്ധുക്കള്‍ക്ക് താമസിക്കാന്‍ കെട്ടിടം വിട്ടു കൊടുത്തു, ഭക്ഷണമൊരുക്കി; ഇതാ ഒരു 'മലപ്പുറം സ്‌നേഹഗാഥ'
മലപ്പുറം: അടുത്ത വീട്ടിലെ സാധാരണക്കാരില്‍ സാധാരണക്കാരിയായ അമുസ്‌ലിം സ്ത്രീ മരിച്ചതിന് മദ്രസക്ക് അവധി പ്രഖ്യാപിക്കുക. മരണ വീട്ടിലെത്തിയവര്‍ക്ക് ഭക്ഷണമൊരുക്കുക അതും പോരാഞ്ഞ് അവര്‍ക്ക് താമസിക്കാനായി മദ്രസയുടെ കെട്ടിടം തന്നെ വിട്ടു നല്‍കുക. വെറുപ്പിന്റെ അനേകായിരം കഥകള്‍ പ്രചരിക്കുന്ന ഇക്കാലത്ത് ഇതൊക്കെ നമുക്ക് സന്തോഷത്തിന്റെ കുളിര്‍മഴയാവുന്ന അനുഭവങ്ങളാണ്. മലപ്പുറത്തു നിന്നുള്ളതാണ് ഈ സ്‌നേഹാനുഭവം. അങ്ങ് വടക്കേ ഇന്ത്യയിലും മറ്റും 'ഭീകരവാദ കേന്ദ്രം' എന്ന് പ്രചരിപ്പിക്കപ്പെട്ട, എന്തിനേറെ രാജ്യഭരണകൂടം പോലും ഒളിഞ്ഞും മറഞ്ഞും ഇത്തരം മുദ്രകള്‍ ചാര്‍ത്തിക്കൊടുത്ത മലപ്പുറത്ത്.
മലപ്പുറം കോട്ടക്കല്‍ പറവൂരിലാണ് സംഭവം നടക്കുന്നത്. പറപ്പൂര്‍ പഞ്ചായത്തില്‍ കൊപ്പുറത്തെ മട്ടണപ്പാടില്‍ തഅ്‌ലീമു സ്വിബ് യാന്‍ മദ്രസക്കടുത്ത് താമസിക്കുന്ന ചക്കിങ്ങല്‍തൊടി വേലായുധന്റെ ഭാര്യ വിജയലക്ഷ്മി(58) കഴിഞ്ഞ ദിവസം ആക്‌സ്മികമായി മരിക്കുന്നു. വീട്ടുകാരെ സംബന്ധിച്ചിടത്തോളം നോവേറിയതായിരുന്നു ആ മരണം. ഒട്ടും നിനച്ചിരിക്കാത്തൊരു സമയത്ത് ഏറ്റം പ്രിയപ്പെട്ടൊരാള്‍ വിട്ടുപോവുക. എന്ത് ചെയ്യണമെന്നറിയാതെ തീര്‍ത്തും നാം നിശ്ചലരായിപ്പോവുന്നൊരു നിമിഷം. ഈ സങ്കടത്തിന്റെ പേമാരിയില്‍ കുടനിവര്‍ത്താന്‍ ആരെങ്കിലും ഒന്ന് കൂടെയുണ്ടായിരുന്നെങ്കിലെന്ന് സ്വാഭാവികമായും നാം ആശിച്ചു പോവുന്നൊരു നിമിഷം. അത്തരമൊരു നിമിഷത്തിലാണ് മദ്രസാ ഭാരവാഹികള്‍ ആ വീട്ടിലേക്ക് കയറിച്ചെല്ലുന്നത്.
വിവരമറിഞ്ഞയുടനെ അവര്‍ മദ്രസക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പിന്നെ മദ്രസ അധ്യാപകന്‍ അബ്ദുല്‍ മജീദ് മുസ്‌ല്യാര്‍ പൊട്ടിക്കലും കമ്മിറ്റി പ്രസിഡന്റ് അമ്പലവന്‍ ആറ്റുമണ്ണില്‍ കുഞ്ഞിപ്പയും സെക്രട്ടറി കരുമണ്ണില്‍ അബ്ദുഹാജിയും വിജയലക്ഷ്മിയുടെ വേലായുധന്റേയും മക്കളുടേയും അടുത്തെത്തി. തീരാനോവില്‍ അവര്‍ക്ക് സാന്ത്വനമായി. സ്വന്തക്കാരെ പോലെ അവര്‍ കുടുംബത്തിന് വേണ്ടതെല്ലാം ഓടി നടന്ന് ചെയ്തു. മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തു. മരണവീട്ടിലെത്തിയവര്‍ക്കായി മദ്രസയുടെ അങ്കണത്തില്‍ ഭക്ഷണമൊരുക്കി. മറ്റു മദ്രസാ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും നാട്ടുകാരും എല്ലാത്തിനും ഒപ്പം കൂടി. വിവരമറിഞ്ഞയുടന്‍വിജയലക്ഷ്മിയുടെ വീട്ടില്‍ സ്ഥല പരിമിതി ഉള്ളതിനാല്‍ ദൂരെ നിന്നെത്തിയ ബന്ധുക്കളും മറ്റും മദ്രസയുടെ ഇരുനിലക്കെട്ടിടത്തിലാണ് രാത്രി താമസിച്ചത്. മൃതദേഹം സംസ്‌കരിക്കുന്നതിനായി ഷൊര്‍ണൂരിലേക്ക് കൊണ്ടുപോകുന്നത് വരെ അവരെല്ലാം ഈ കുടുംബത്തോടൊപ്പമുണ്ടായിരുന്നു.
വിജയലക്ഷ്മി വേലായുധന്‍ ദമ്പതികളും മദ്രസയും തമ്മിലുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മദ്രസയില്‍ ആരെങ്കിലും പലഹാരങ്ങളോ മറ്റ് ഭക്ഷണസാധനങ്ങളോ കൊണ്ടുവന്നാല്‍ അതിന്റെ ഒരു ഭാഗം വേലായുധന്റെ വീട്ടിലേക്ക് കൊടുക്കും. വേലായുധന്റെ വീട്ടില്‍ വിശേഷാവസരങ്ങളില്‍ ആദ്യം എത്തുന്നത് മദ്രസ ഭാരവാഹികളാണ്. നബിദിനം പോലുള്ള ചടങ്ങുകളില്‍ സഹായിക്കാന്‍ വേലായുധനും കുടുംബവും മദ്രസയിലെത്തും. വേലായുധന്റെ കുടുംബം കുടിവെള്ളത്തിനായി പലപ്പോഴും ആശ്രയിക്കുന്നത് മദ്രസയെയാണ്. തയ്യല്‍ക്കാരനാണ് വേലായുധന്‍. വേലായുധനും വിജയലക്ഷ്മിയ്ക്കും രണ്ട് മക്കളുണ്ട്. ജ്യൂഷ്, ജിംഷി. മിഹിഷ എന്നാണ് മരുമകളുടെ പേര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."