കായിക താരങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരണം: ഗവര്‍ണര്‍
കഠിനംകുളം : കായിക താരങ്ങളോടുള്ള സമീപനത്തിലും മനോഭാവത്തിലും മാറ്റം വരണമെന്ന് ഗവര്‍ണര്‍ പി. സദാശിവം.
70-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര കായിക-യുവജനക്ഷേമ വകുപ്പിന്റെ നിര്‍ദേശാനുസരണം സായി-എല്‍എന്‍സിപിഇ കഴക്കൂട്ടം സൈനിക് സ്‌കൂളില്‍ സംഘടിപ്പിച്ച തിരംഗ യാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കായിക താരങ്ങള്‍ക്ക് സമൂഹത്തില്‍ നിന്ന് പിന്തുണയും ആദരവും അംഗീകാരവും ലഭിക്കേണ്ടതുണ്ട്. മെഡല്‍ നേടുമ്പോള്‍ അഭിനന്ദിക്കുകയും മറ്റവസരങ്ങളില്‍ തള്ളിക്കളയുകയും ചെയ്യുന്ന നിലപാടില്‍ മാറ്റമുണ്ടാകണം. കായികതാരങ്ങളെ രാജ്യത്തിന്റെ മുതല്‍ക്കൂട്ടായി കാണണം. അത് അവരെ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനത്തിന് പര്യാപ്തമാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
കായിക രംഗത്ത് രാജ്യം ഒറ്റപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്യുന്നത് ഭരണാധികാരികള്‍ ഗൗരവത്തോടെ കാണണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സൈനിക സ്‌കൂളിന്റെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അധികൃതരുമായി ചര്‍ച്ച ചെയ്ത് നടപടികള്‍ സ്വീകരിക്കും. കായിക താരങ്ങളായ ഡി. ഡിജു, കെ.സി. ലേഖ എന്നിവര്‍ക്ക് ഗവര്‍ണര്‍ തിരംഗയാത്ര പതാക കൈമാറി. ചടങ്ങില്‍ സായി-എല്‍എന്‍സിപിഇ പ്രിന്‍സിപ്പല്‍ ഡോ. ജി. കിഷോര്‍, സൈനിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കേണല്‍ എ. രാജീവ്, സായി-എല്‍എന്‍സിപിഇ ഡപ്യൂട്ടി ഡയറക്ടര്‍ ജി. ഐസക്ക് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."