വെള്ളാപ്പള്ളിയുടെ പിണറായി പ്രീണനം: പ്രതിഷേധവുമായി ബി.ജെ.പി നേതൃത്വം
കൊല്ലം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിണറായി പ്രീണനത്തിനെതിരെ പ്രതിഷേധവുമായി ആര്‍.എസ.്എസ്-ബി.ജെ.പി നേതൃത്വം.
കരുണാകരന് ശേഷം കേരളം കണ്ട ഏറ്റവും ശക്തനായ നേതാവാണ് പിണറായിയെന്ന വെള്ളാപ്പള്ളിയുടെ പ്രതികരണമാണ് നേതൃത്വത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.എസ്.എന്‍.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച ബി.ഡി.ജെ.എസ്, എന്‍.ഡി.എ മുന്നണിയിലുള്ളപ്പോള്‍ ശത്രുവിനെ പുകഴ്ത്തി രംഗത്ത് വന്ന നടപടി ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ് അവരുടെ നിലപാട്.
മൈക്രോഫിനാന്‍സ് കേസില്‍ നിന്ന് തടിയൂരുന്നതിന് വേണ്ടിയാണ് വെള്ളാപ്പള്ളിയുടെ മലക്കം മറിച്ചിലെന്നാണ് ബി.ജെ.പി നേതൃത്വം കരുതുന്നത്. വെള്ളാപ്പള്ളിയും സംഘവും എന്‍.ഡി.എയില്‍ നിന്ന് പുറത്ത് പോവുകയാണെങ്കില്‍ പോവട്ടെ എന്നാണ് വെള്ളാപ്പള്ളിയുമായി അടുപ്പമുള്ള ബി.ജെ.പി നേതാക്കളുടെ അണിയറ സംസാരം.
സംഘ്പരിവാറിന്റെ പ്രഖ്യാപിത ശത്രുവായ സി.പി.എമ്മിനോടും അതിന്റെ നേതാക്കളോടും സഹകരിക്കാനും പുകഴ്ത്താനും വെള്ളാപ്പള്ളി തയ്യാറായതില്‍ ബി.ജെ.പി അണികള്‍ക്കിടയിലും വന്‍പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. പരസ്യമായ അഭിപ്രായപ്രകടനം ഒഴിവാക്കുമെങ്കിലും വെള്ളാപ്പള്ളിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം.വെള്ളാപ്പള്ളിയുടെ 'ചാഞ്ചാട്ടം' സഖ്യത്തിന് മുന്‍കൈ എടുത്ത കേന്ദ്ര നേതൃത്വത്തെ സംസ്ഥാന നേതാക്കള്‍ അറിയിച്ചു കഴിഞ്ഞു.
ശബരിമല വിവാദത്തില്‍ പിണറായിയെ അനുകൂലിച്ച വെള്ളാപ്പള്ളി, വിജിലന്‍സ് കേസിന്റെ പേരില്‍ സമുദായ താല്‍പര്യം മറന്ന് അവസരവാദപരമായ നിലപാട് സ്വീകരിക്കുന്നതില്‍ എസ.്എന്‍.ഡി.പി അണികള്‍ക്കിടയിലും ഭിന്നതയുണ്ട്.
സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ എസ്.എന്‍.ഡി.പി യോഗത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ട് കൊടുക്കാന്‍ തയ്യാറാണെന്ന് വരെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പുനലൂര്‍ എസ്എന്‍ കോളജിന്റെ അന്‍പതാം വാര്‍ഷികാഘോഷ ചടങ്ങിന്റെ ഉദ്ഘാടനത്തിന് പിണറായി വന്നതും വെള്ളാപ്പള്ളിയോടൊപ്പം വേദി പങ്കിട്ടതും രാഷ്ട്രീയ കേന്ദ്രങ്ങളെയും അമ്പരപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."