HOME
DETAILS

ജാതി സെൻസസിനെ ആർക്കാണ് ഭയം?

  
backup
August 21 2023 | 18:08 PM

who-is-afraid-of-caste-census

ഹനീഫ കുരിക്കളക്കത്ത്

രാജ്യത്ത് ജാതി സെൻസസ് നടത്തണമെന്ന ആവശ്യത്തിന് ആറുദശകത്തിലേറെ പഴക്കമുണ്ട്. ജാതി സെൻസസ് നടത്തണമെന്ന് ഭരണഘടന നിർദേശിക്കുമ്പോൾ ചെറിയ ശതമാനത്തിൻ്റെ എതിർപ്പ് ഭയന്ന് ഭരണകൂടം ഒളിച്ചുകളി നടത്തുകയാണ്. എതിർക്കുന്നവർ എണ്ണത്തിൽ കുറവാണെങ്കിലും ഭരണത്തെ നിയന്ത്രിക്കുന്നത് ഈ ന്യൂനപക്ഷമായതുകൊണ്ട് ഭൂരിപക്ഷ ജനതയുടെ ആവശ്യം നിരസിക്കപ്പെടുകയാണ്. ഭരണഘടനയുടെ ആർട്ടിക്കിൾ 340ൽ വ്യക്തമാക്കുന്നത് - സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ സ്ഥിതിവിവര കണക്കുകൾ ശേഖരിക്കാൻ കമ്മിഷനെ നിയമിക്കണമെന്നും തുടർനടപടികൾ കൈക്കൊള്ളണമെന്നുമാണ്.


സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞപ്പോൾ ചില രാഷ്ട്രീയപാർട്ടികൾക്ക് ജാതി സെൻസസിൻ്റെ ആവശ്യകത മനസിലായിത്തുടങ്ങിയിട്ടുണ്ട്. ഇത്രയും കാലം കണ്ണടച്ചിരുന്ന കോൺഗ്രസും ജാതി സെൻസസിനെ പിന്തുണയ്ക്കാൻ തയാറായത് ചെറിയ കാര്യമല്ല. കഴിഞ്ഞ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് കോൺഗ്രസ് ആദ്യമായി ഈ ആവശ്യം ഉന്നയിച്ചത്. ജാതി സെൻസസ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ രാഹുൽഗാന്ധി ആവശ്യപ്പെടുകയുണ്ടായി. ഈ മാസം ബംഗളൂരൂവിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ 'ഇൻഡ്യ'യും ജാതി സെൻസസ് നടത്തണമെന്ന് നിർദേശിക്കുകയുണ്ടായി.

നിലവിൽ ജാതി സെൻസസിനെ എതിർക്കുന്നത് ബി.ജെ.പി മാത്രമാണ്. ഇക്കാര്യത്തിൽ അവർ പരസ്യ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും ഈ ആവശ്യമുയരുമ്പോൾ മുഖം തിരിച്ചുനിൽക്കുകയാണ് പതിവ്. ഒാഗസ്റ്റിൽ നടന്ന ഉത്തർപ്രദേശ് നിയമസഭാ സമ്മേളനത്തിൽ ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമാജ് വാദി പാർട്ടി എം.എൽ.എ അവതരിപ്പിച്ച ബില്ലിന് മറുപടിയായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് അങ്ങനെയൊരു തീരുമാനം സർക്കാരിനില്ല എന്നായിരുന്നു.

യോഗിയിൽനിന്ന് പുറത്തുവന്നത് ബി.ജെ.പിയുടെ നിലപാടാണ്. ജാതി സെൻസസിലൂടെ ഹിന്ദുക്കൾ പല തട്ടുകളിലായി വിഭജിക്കപ്പെടുമെന്നും അതുവഴി ഹിന്ദുവികാരം ഇളക്കിവിട്ടു വോട്ടു സമാഹരിക്കുന്ന തന്ത്രങ്ങൾക്ക് ഇളക്കം തട്ടുമെന്നും ബി.ജെ.പി ഭയക്കുന്നു.
ജാതി സെൻസസുകൊണ്ട് ഉദ്ദേശിക്കുന്നത് സാമൂഹിക നീതി നടപ്പാക്കലാണ്. സാമൂഹിക- സാമ്പത്തിക- വിദ്യാഭ്യാസ മേഖലയിലെ അസമത്വം ഇല്ലാതാക്കാൻ ഇതിലൂടെ സാധിക്കും. രാജ്യത്ത് അവസാനമായി സമ്പൂർണ ജാതി സെൻസസ് നടന്നത് 1931ലാണ്. സംസ്ഥാനം ഉൾപ്പെടെയുള്ള സർക്കാരുകൾ നിലവിൽ ക്ഷേമപദ്ധതികളും ഒ.ബി.സി സംവരണവും നടപ്പാക്കുന്നത് ബ്രിട്ടിഷുകാർ നടത്തിയ ഈ സെൻസസിന്റെ അടിസ്ഥാനത്തിലാണ്.

മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് തയാറാക്കിയതുപോലും അന്നത്തെ സെൻസസിന്റെ അടിസ്ഥാനത്തിലായിരുന്നു. മണ്ഡൽ കമ്മിഷൻ നിർദേശിച്ചത് പിന്നോക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തണമെന്നാണ്. എന്നാൽ മണ്ഡൽ കമ്മിഷൻ കണ്ടെത്തിയത് വസ്തുതയുടെ ചെറിയ ഭാഗം മാത്രമായിരുന്നു. വി.പി സിങ് സർക്കാർ മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ ഉത്തരേന്ത്യയിൽ നടന്ന അനിഷ്ടസംഭവങ്ങൾ ചെറുതല്ലായിരുന്നു.
2011ൽ യു.പി.എ സർക്കാർ ജാതി സെൻസസ് നടത്തിയെങ്കിലും ഇൗ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. കേന്ദ്രസർക്കാരിൻ്റെ ഗ്രാമവികസന വകുപ്പാണ് ജാതി സെൻസസ് നടത്തിയത്.

1948ലെ സെൻസസ് ആക്ട് പ്രകാരം പത്തുവർഷം കൂടുമ്പോൾ രാജ്യത്ത് സെൻസസ് നടത്തുന്നത് ആഭ്യന്തര വകുപ്പിന് കീഴിലാണ്. സെൻസസ് നിയമപ്രകാരം വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണം. എന്നാൽ കേന്ദ്ര ഗ്രാമവികസന വകുപ്പ് നടത്തിയ ജാതി സെൻസസിലെ വിവരങ്ങൾ വ്യക്തികൾക്കും കുടുംബങ്ങൾക്കും ആനുകൂല്യങ്ങൾ നേടിയെടുക്കാനുള്ളതിനാൽ ആ റിപ്പോർട്ട് രഹസ്യമായി വെക്കേണ്ടതല്ല. പക്ഷേ, മൻമോഹൻ സിങ് സർക്കാരിൻ്റെ കാലത്ത് തയാറാക്കിയ ജാതി സെൻസസ് പരസ്യമാക്കിയിട്ടില്ല. റിപ്പോർട്ട് പ്രസിദ്ധീകരിച്ചാൽ നിലവിലെ സംവരണതോത് 50 ശതമാനമെന്നത് അധികരിപ്പിക്കേണ്ടിവരും.

രാജ്യത്തെ പ്രബല സമുദായമായ ഹിന്ദുക്കളിൽ 70 ശതമാനം പേർ പിന്നോക്ക സമുദായക്കാരാണെന്നാണ് ഒരു കണക്ക് പറയുന്നത്. മുസ്‌ലിം വിഭാഗം ഉൾപ്പെടെയുള്ള പിന്നോക്ക സമുദായങ്ങൾ ചേരുമ്പോൾ സംവരണ തോത് 80-85 ശതമാനമായി വർധിപ്പിക്കേണ്ടിവരും. ഭരണത്തിൻ്റെ കുഞ്ചികസ്ഥാനത്തിരിക്കുന്നവർ ജാതി സംവരണത്തെ എതിർക്കുന്നത് ഇതുകൊണ്ടുകൂടിയാണ്. കൈയടക്കിയിരിക്കുന്ന സ്ഥാനങ്ങളിൽ തങ്ങൾക്ക് ഇഷ്ടമില്ലാത്തവർ കയറിയിരിക്കുന്നത് എങ്ങനെയെങ്കിലും തടയുക എന്നത് അവരുടെ ആവശ്യമാണ്.


വിവാദങ്ങൾക്കിടയിൽ ബിഹാർ സർക്കാർ പ്രഖ്യാപിച്ച ജാതി സെൻസസിനോട് മേൽജാതിക്കാരുടെ നിസ്സഹകരണ നിലപാട് ഇതിന് ഉദാഹരണമാണ്. ബിഹാറിൽ സെൻസസ് ആരംഭിച്ചത് കഴിഞ്ഞ ജനുവരിയിലാണ്. എന്നാൽ സംസ്ഥാനത്തെ സവർണ ജാതിക്കാർ, ഉദ്യോഗസ്ഥർക്ക് തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറാൻ തയാറായില്ല എന്നാണ് പത്രവാർത്തകൾ സൂചിപ്പിക്കുന്നത്. കോടതികളെ സമീപിച്ച് ബിഹാറിലെ ജാതി സെൻസസ് തടയാൻ അവർ ശ്രമം നടത്തി. സെൻസസ് നടത്താനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ല എന്ന വാദം ഉന്നയിച്ചാണ് കോടതിയെ സമീപിച്ചിരുന്നത്. സർവേ നടത്തുന്നതിന് കോടതി സ്റ്റേ ഉത്തരവ് നൽകി. ജാതി സർവേയാണ് നടക്കുന്നതെന്ന ബിഹാർ സർക്കാരിന്റെ വിശദീകരണത്തെ തുടർന്ന് പാറ്റ്ന ഹൈക്കോടതി സ്റ്റേ നീക്കം ചെയ്തു.

ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്തും സർവേ റിപ്പോർട്ട് പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടും നൽകിയ ഒരു കൂട്ടം ഹരജിയിൽ സുപ്രിംകോടതി ബിഹാർ സർക്കാരിന് അനുകൂല വിധി പ്രസ്താവിച്ചിരിക്കുകയാണ്. റിപ്പോർട്ട് പ്രസിദ്ധീകരിക്കരുതെന്നും ജാതി സർവേ തടയണമെന്നുമുള്ള ഹരജിക്കാരുടെ ആവശ്യം ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് എസ്.വി.എൻ ഭാട്ടിയും ഉൾപ്പെട്ട രണ്ടംഗ ബെഞ്ചാണ് നിരസിച്ചത്.


കുടുംബാംഗങ്ങളുടെ പേര്, ഓരോ അംഗത്തിന്റെയും പ്രായം, ലിംഗം, ജാതി, മതം, വിദ്യാഭ്യാസ യോഗ്യത, ജോലി, കൃഷിഭൂമി, വീട്, വരുമാനം, വരുമാനസ്രോതസ്, കൈവശമുള്ള വാഹനങ്ങൾ തുടങ്ങി 17 ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. ഈ ചോദ്യങ്ങളിൽ പരസ്യപ്പെടുത്താനാവാത്ത ചോദ്യങ്ങളും ഉത്തരങ്ങളും ഏതാണെന്ന് സുപ്രിംകോടതി ഹരജിക്കാരോട് ചോദിക്കുകയുണ്ടായി. കോടതിയുടെ ചോദ്യങ്ങൾക്ക് ഹരജിക്കാർക്ക് മറുപടിയില്ലായിരുന്നു. ജാതി സെൻസസിനെ എതിർക്കുന്ന എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാണ്.

അവർക്കാർക്കും ഈ ചോദ്യത്തിന് വ്യക്തമായ മറുപടി പറയാനില്ല.ബിഹാറിന് പുറമെ മഹാരാഷ്ട്ര, ജാർഖണ്ഡ്, ഒഡിഷ, തമിഴ്നാട്, കർണാടക നിയമസഭകളും ജാതി സെൻസസ് നടത്താൻ തീരുമാനിച്ചിരുന്നു. 2014ൽ സിദ്ധരാമയ്യ സർക്കാർ കർണാടകയിൽ ജാതി സെൻസസ് നടത്താൻ ഉത്തരവിട്ടിരുന്നു. 2021ൽ തെലങ്കാന, ഒഡിഷ സർക്കാരുകളും ഉത്തരവ് പുറപ്പെടുവിച്ചിരുന്നുവെങ്കിലും ആരും റിപ്പോർട്ടുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.


തുല്യനീതി സംബന്ധിച്ച് വായ്ത്താരി നടത്തുന്ന കേരള സർക്കാർ എന്തുകൊണ്ടാണ് ജാതി സെൻസസ് നടത്താത്തതെന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ സർക്കാർ ഉദ്യോഗതലങ്ങളിൽ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാതിനിധ്യം വളരെ പിന്നിലാണ്. സാമ്പത്തിക സംവരണം കൂടി നടപ്പാക്കിയതോടെ ഇതിൻ്റെ ആഴം വർധിച്ചു.

സവർണ വിഭാഗങ്ങൾ അധികാരത്തിന്റെ ഉന്നതിയിൽ അനർഹമായി എല്ലാ ആനുകൂല്യങ്ങളും അനുഭവിക്കുമ്പോൾ സംവരണംകൊണ്ട് ഭരണഘടനാനിമാതാക്കൾ ലക്ഷ്യമിട്ട പിന്നോക്ക ജനവിഭാഗത്തിൻ്റെ ഉത്ഥാനം എന്ന് സാധ്യമാവും. ബിഹാർ മാതൃകയിൽ കേരളത്തിലും ജാതി സെൻസസ് നടത്തേണ്ടിയിരിക്കുന്നു. എങ്കിലേ കേരളത്തിലെ അസമത്വം വ്യക്തമാവുകയുള്ളൂ.

Content Highlights:Today's Article In 2023 aug 22



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago
No Image

ആവേശം കുന്നേറി; കന്നിയങ്കത്തിനായി പ്രിയങ്കയുടെ മാസ് എന്‍ട്രി, പ്രിയമോടെ വരവേറ്റ് വയനാട് 

Kerala
  •  2 months ago
No Image

ആവേശക്കൊടുമുടിയില്‍ കല്‍പറ്റ; പ്രിയങ്കയെ കാത്ത് ജനസാഗരം 

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്:  കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന് 

National
  •  2 months ago
No Image

റെക്കോര്‍ഡിന് മേല്‍ റെക്കോര്‍ഡിട്ട് സ്വര്‍ണം

Economy
  •  2 months ago
No Image

അധിക ബാധ്യതയെന്ന് വ്യാപാരികൾ; മണ്ണെണ്ണ വിതരണം അനിശ്ചിതത്വത്തിൽ

Kerala
  •  2 months ago
No Image

ഡീസൽ ബസ് ഇലക്ട്രിക് ആക്കിയില്ല; നിരത്തുനിറഞ്ഞ് 15 വർഷം പഴകിയ ബസുകൾ

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫീഉദ്ദീനെ വധിച്ചെന്ന് ഇസ്‌റാഈല്‍; സ്ഥിരീകരിക്കാതെ ഹിസ്ബുല്ല

International
  •  2 months ago