ഇഴകീറി ചർച്ച, പഠനം, സ്വയം വിമർശനം മാറാനുറച്ച് കോൺഗ്രസ്
സ്വന്തം ലേഖകൻ
കോഴിക്കോട് •സംഘടനാ ശാക്തീകരണം ലക്ഷ്യമിട്ട് കെ.പി.സി.സി നടത്തിയ ചിന്തൻ ശിബിരം സംസ്ഥാനത്തെ കോൺഗ്രസ് ചരിത്രത്തിലെ ദിശാസൂചികയായി മാറി. പതിവുരീതികളിൽനിന്ന് മാറി വിവിധ വിഷയങ്ങളിൽ ഇഴകീറിയുള്ള ചർച്ചയ്ക്കും പഠനങ്ങൾക്കും സ്വയംവിമർശനങ്ങൾക്കും ശേഷമാണ് ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. വിവിധ സമിതികൾ രണ്ടുമാസമായി ഓൺലൈനിലൂടെയും ഓഫ് ലൈനിലൂടെയും നടത്തിയ ചർച്ചകൾക്കൊടുവിലാണ് ശിബിരത്തിന്റെ പ്രമേയങ്ങൾക്ക് രൂപം നൽകിയത്. ഇവയിൽ സമിതികൾ വെവ്വേറെ യോഗം ചേർന്നാണ് അന്തിമ രൂപം നൽകിയത്.
പാർട്ടി സമൂലമായി മാറണമെങ്കിൽ സാമ്പ്രദായിക രീതികൾ മാറണമെന്ന തിരിച്ചറിവിലാണ് ചിന്തൻ ശിബരമെന്ന ആശയത്തിലേക്ക് എത്തിയത്. മാറാൻ തയാറാണെന്ന കൃത്യമായ സന്ദേശമാണ് രണ്ടുദിവസത്തെ ചിന്തൻ ശിബിരത്തിലെ ചർച്ചകളിലും ഉയർന്നത്.
ആൾക്കൂട്ട ബഹളങ്ങളോ നേതാക്കൾക്ക് സിന്ദാബാദ് വിളിക്കലോ ഇല്ലാതെ അടച്ചിട്ട മുറികളിൽ മണിക്കൂറോളം നീളുന്ന ചർച്ചകളും തീരുമാനങ്ങളുമായി അച്ചടക്കത്തിന്റെയും ആശയ വ്യക്തതയുടെയും പുതുപാത തുറക്കുന്നതായി ചിന്തൻ ശിബിരം. ഉദ്ഘാടന, സമാപന ചടങ്ങുകളിൽ മാത്രമാണ് നേതാക്കളുടെ പ്രസംഗങ്ങൾ ഉണ്ടായത്.
ഇതിനിടയിൽ വിവിധ വിഷയങ്ങളിലുള്ള പ്രമേയങ്ങളുടെ അവതരണവും ചർച്ചകളും ക്രോഡീകരണവുമാണ് നടന്നത്. സ്റ്റേജിൽ പ്രസംഗപീഠം മാത്രം. നേതാക്കളെല്ലാം സദസിൽ. മുൻകൂട്ടി തയാറാക്കിയ ഇരിപ്പിടങ്ങളിൽ അതത് പ്രതിനിധികൾ.
തലമുതിർന്ന നേതാക്കൾ മുതൽ ജവഹർബാൽ മഞ്ചിന്റെ നേതാക്കൾ വരെയുള്ള പ്രതിനിധികൾ മൊബൈൽ ഫോണുകൾക്ക് വിശ്രമം നൽകി അച്ചടക്കത്തോടെ ചർച്ചകൾ കേട്ടിരുന്നു. പ്രതിനിധികൾ അല്ലാതെ ആരും അകത്ത് കടക്കാതിരിക്കാൻ ജാഗ്രതയോടെ സേവാദൾ വളണ്ടിയർമാരുടെ കാവൽ. ചർച്ചകളുടെ ഉള്ളടക്കം ചോരാതിരിക്കാനുള്ള മുൻകരുതലും ഫലം കണ്ടു.
ശിബിരത്തിന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് മടങ്ങുമ്പോൾ കോൺഗ്രസ് തിരിച്ചുവരുന്നുവെന്ന പ്രത്യാശ പ്രതിനിധികളുടെ മുഖത്ത്. സമാപന ചടങ്ങിനു ശേഷം പ്രതിനിധികൾ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഒപ്പമിരുന്ന് ഗ്രൂപ്പ് ഫോട്ടൊയെടുത്താണ് പിരിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."